നാലുവർഷം മുമ്പുള്ള നടക്കാത്ത പരിശോധന; ബാധകമല്ലാത്ത നിയമം; ഇരുചക്രവാഹനയുടമയ്ക്ക് ആറായിരം പിഴചുമത്തി ആർടിഒ

വാഹനയുടമയുടെ സുഹൃത്തായ അഭിഭാഷകൻ വഴി കാര്യം അന്വേഷിച്ചപ്പോൾ അബദ്ധം പറ്റിയതാണെന്നും തിരുത്താമെന്നുമായിരുന്നുവത്രേ ആർടിഒയുടെ മറുപടി. ഇത്തരമൊരു കുറ്റം ചുമത്തുന്നതിലെ അസംബന്ധവും അന്ന് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. നാലു വർഷത്തിനു ശേഷം വീണ്ടും ഫയലിനു ജീവൻ വച്ചു.

നാലുവർഷം മുമ്പുള്ള നടക്കാത്ത പരിശോധന; ബാധകമല്ലാത്ത നിയമം; ഇരുചക്രവാഹനയുടമയ്ക്ക് ആറായിരം പിഴചുമത്തി ആർടിഒ

വേഗപ്പൂട്ടിന്റെ കേബിൾ മനഃപ്പൂർവം ഊരിയിട്ട് ഇരുചക്രവാഹനമോടിച്ചു എന്നാരോപിച്ച് വാഹനമുടമയ്ക്ക് കൊല്ലം കുന്നത്തൂർ ആർടിഒയുടെ നിയമവിരുദ്ധമായ പിഴ. ശാസ്താംകോട്ട സ്വദേശി രാമകൃഷ്ണപിള്ളയ്ക്കാണ് ആറായിരം രൂപ പിഴയൊടുക്കണമെന്ന് ഇക്കഴിഞ്ഞ ജനുവരി 18ന് ആർടിഒയുടെ നോട്ടീസ് ലഭിച്ചത്.  KL-23-A-8038 നമ്പർ ഹീറോഹോണ്ട പ്ലഷർ വാഹനത്തിന്റെ പേരിലാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

2013 ഫെബ്രുവരി നാലിന് രാമകൃഷ്ണപിള്ളയുടെ വാഹനം കൊല്ലം പുതിയകാവിനും ചക്കുവള്ളിയ്ക്കും ഇടയ്ക്കുവച്ചു പരിശോധിച്ചുവെന്നാണ് ആർടിഒ നോട്ടീസിലുള്ളത്. എന്നാൽ ഇങ്ങനെയൊരു പരിശോധനയേ നടന്നിട്ടില്ലെന്ന് വാഹനയുടമ പറയുന്നു. ഇക്കാര്യത്തിന്റെ പേരിൽ 2013ലും ആർടിഒ ഓഫീസിൽ നിന്ന് നോട്ടീസ് വന്നിരുന്നു. വാഹനയുടമയുടെ സുഹൃത്തായ അഭിഭാഷകൻ വഴി കാര്യം അന്വേഷിച്ചപ്പോൾ അബദ്ധം പറ്റിയതാണെന്നും തിരുത്താമെന്നുമായിരുന്നുവത്രേ ആർടിഒയുടെ മറുപടി. ഇത്തരമൊരു കുറ്റം ചുമത്തുന്നതിലെ അസംബന്ധവും അന്ന് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. നാലു വർഷത്തിനു ശേഷം വീണ്ടും ഫയലിനു ജീവൻ വച്ചു.


പരിശോധന സത്യമായിരുന്നുവെങ്കിൽപ്പോലും ചാർജ് മെമ്മോയിലെ ആരോപണത്തിനു നിലനിൽപ്പില്ല. 2014ലെ സുപ്രിംകോടതി വിധിയുടെ ചുവടുപിടിച്ച് കേരളത്തിലെ എല്ലാ വാഹനങ്ങളിലും സ്പീഡ് നിയന്ത്രണോപകരണം നിർബന്ധമാക്കിയ ഉത്തരവ് 2016ലാണ് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയത്. 2015 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ നിർമ്മിച്ച വാഹനങ്ങളുടെ നിർമ്മാണസമയത്തോ വിൽപന സമയത്തോ 80 കിലോമീറ്റർ പരിധി നിശ്ചയിച്ച് സ്പീഡ് നിയന്ത്രണോപകരണം സ്ഥാപിക്കണമെന്നാണ് ഉത്തരവ്.


ചാർജ് മെമ്മോയിലെ പരിശോധനാത്തീയതി തന്നെ 2013 ഫെബ്രുവരി 4 ആണ്. അക്കാലത്ത് ഇരുചക്രവാഹനങ്ങളിൽ സ്പീഡ് നിയന്ത്രണോപകരണം നിർബന്ധമാക്കിയിരുന്നില്ല. അതിനാൽ ചാർജ് മെമ്മോയിലെ ആരോപണം നിലനിൽക്കുന്നതല്ല.

പരിശോധകരെ വെട്ടിച്ചു കടന്നുകളഞ്ഞത് മറ്റേതോ വാഹനമാണെന്നു വ്യക്തം. ഒന്നുകിൽ ആ വാഹനത്തിന്റേത് വ്യാജ നമ്പർ പ്ലേറ്റ് ആയിരുന്നിരിക്കണം. അല്ലെങ്കിൽ  കൈകാണിച്ചപ്പോൾ നിർത്താതെ പോയ ഏതോ വാഹനത്തിന്റെ നമ്പർ ധൃതിയിൽ എഴുതിയപ്പോൾ സംഭവിച്ച പിശക്.

എന്നാൽ വകുപ്പിന്റെ സൈറ്റിൽ വാഹനത്തിന്റെ നമ്പർ തിരഞ്ഞാൽ ഹീറോഹോണ്ട പ്ലഷർ എന്നു കാണാനാവും. ഈ വാഹനത്തിന് 2013ൽ നടന്ന പരിശോധനയുടെ പേരിൽ ഇത്തരമൊരു കുറ്റം നിലനിൽക്കില്ലെന്ന് ഒറ്റപ്പരിശോധനയിൽത്തന്നെ വ്യക്തമാകും. ഇക്കാര്യം മറുപരിശോധന നടത്താതെയാണ് രണ്ടാമത്തെ ചാർജ് മെമ്മോ അയച്ചത് എന്നു വ്യക്തം. ആർടിഒയ്ക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങുകയാണ് വാഹനയുടമ.

Read More >>