സര്‍ക്കാര്‍ സ്‌കൂളിൽ ആർഎസ്എസ് ആയുധപരിശീലനം; അനുമതി നൽകിയത് സിപിഐഎം ഭരിക്കുന്ന പിടിഎ

സിപിഐഎം പാര്‍ട്ടി മെമ്പറും പനവൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പറുമായ വിഎസ് സജീവ് കുമാര്‍ പിടിഎ പ്രസിഡന്റായ സ്‌കൂളിലാണ് ആര്‍എസ്എസ് ആയുധ പരിശീലനക്യാമ്പ് നടത്തിയതായി ആരോപണം ഉയരുന്നത്. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂള്‍ കെട്ടിടങ്ങളും കാംപസും വിദ്യാഭ്യാസേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നില്‍നില്‍ക്കേയാണ് സ്‌കൂളില്‍ ആയുധക്യാമ്പ് നടത്തിയെന്നുള്ളത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

സര്‍ക്കാര്‍ സ്‌കൂളിൽ ആർഎസ്എസ് ആയുധപരിശീലനം; അനുമതി നൽകിയത് സിപിഐഎം ഭരിക്കുന്ന പിടിഎ

സിപിഐഎം ജനപ്രതിനിധി പിടിഎ പ്രസിഡന്റായ സര്‍ക്കാര്‍ സ്‌കൂളില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ആയുധപരിശീലന ക്യാമ്പു നടത്തിയെന്നു ആരോപണം. തിരുവനന്തപുരം ജില്ലയിലെ പനവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ആട്ടുകാല്‍ ഗവ. എല്‍പി- യുപി സ്‌കൂളിലാണു ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ക്യാമ്പു നടന്നത്. നെടുമങ്ങാട് താലൂക്ക് കേന്ദ്രീകരിച്ച് ആര്‍എസ്എസ് നടത്തിയ ബാല ശിബിരത്തിന്റെ മറവിലാണ് ക്യാംപ് നടന്നതെന്നാണ് ആരോപണം.


സിപിഐഎം പാര്‍ട്ടി മെമ്പറും പനവൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പറുമായ വിഎസ് സജീവ് കുമാറാണ് പിടിഎ പ്രസിഡന്റ്.  സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂള്‍ കെട്ടിടങ്ങളും കാംപസും വിദ്യാഭ്യാസേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നില്‍നിക്കേയാണ് സ്‌കൂളില്‍ ആയുധക്യാമ്പ് നടത്തിയെന്നുള്ളത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ സ്‌കൂള്‍ അനുവദിച്ച കാര്യത്തില്‍ ഭരണസമിതിക്കു തെറ്റു പറ്റിയിട്ടില്ലെന്നും സ്‌കൂള്‍ കുട്ടികളുടെ ക്യാമ്പ് നടത്തുവാനെന്നു കാട്ടിയാണ് ബന്ധപ്പെട്ടവര്‍ സ്‌കൂളിലും പഞ്ചായത്തിലും അപേക്ഷ നല്‍കിയതെന്നും പിടിഎ പ്രസിഡന്റ് സജീവ്കുമാര്‍ നാരദാ ന്യൂസിനോടു പറഞ്ഞു.
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ക്യാമ്പ് നടത്തുവാനാണ് ബന്ധപ്പെട്ടവര്‍ സ്‌കൂളിനെയും പഞ്ചായത്തിനെയും സമീപിച്ചത്. രണ്ടാഴ്ച മുമ്പ് ഇവിടെവച്ച് ബാലസംഘത്തിന്റെ ഒരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്‌കൂള്‍ പ്രസ്തുത ക്യാമ്പിന്റെ ആവശ്യത്തിനു വിട്ടുനല്‍കുന്നതില്‍ അപാകത കണ്ടില്ല. ക്യാമ്പ് നടക്കുന്ന ദിവസം ഒരു മരണത്തില്‍ പങ്കെടുക്കുവാന്‍ പോയിരുന്നതിനാല്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ സ്ഥലത്തില്ലായിരുന്നു. അതനിടയിലാണ് ഈ ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നത്.

- പിടിഎ പ്രസിഡന്റും പനവുര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ സജീവ് കുമാര്‍


സ്‌കൂളില്‍ രണ്ടു പകലും ഒരുരാത്രിയുമായാണ് ക്യാമ്പ് നടന്നത്. ക്യാമ്പ് ആരംഭിച്ച ശനിയാഴ്ച വൈകുന്നേരം സ്‌കൂളിനകത്തും പുറത്തും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. പകല്‍ സൂര്യനമസ്‌കാരവും യോഗയും പോലുള്ള കാര്യങ്ങളുടെ കൂട്ടത്തിലാണു കുട്ടികള്‍ക്കു ആയുധ പരിശീലനം സംബന്ധിച്ച ക്ലാസുകളും നല്‍കിയതെന്നു അവര്‍ പറയുന്നു. മാത്രമല്ല ആര്‍എസ്എസ് നേതൃത്വത്തിലുള്ള മുതിര്‍ന്ന പ്രവർത്തകർ സ്‌കൂളില്‍ ശനിയാഴ്ച രാത്രി ക്യാമ്പ് ചെയ്തതായും ആരോപണം ഉയരുന്നുണ്ട്.

സ്‌കൂളില്‍ നടന്ന ആയുധ പരിശീലനം ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നു പനവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്‌വി കിഷോര്‍ പറഞ്ഞു. സ്‌കൂളിനെയും പഞ്ചായത്തിനെയും തെറ്റിദ്ധരിപ്പിച്ചാണ് ആര്‍എസ്എസ് നേതൃത്വം ക്യാമ്പ് നടത്താന്‍ അനുവാദം വാങ്ങിയിരിക്കുന്നത്. സ്‌കൂള്‍ അധികാരികളോടും ബന്ധപ്പെട്ടവരോടും ഇതുസംബന്ധിച്ച വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം നാരദാ ന്യൂസിനോടു പറഞ്ഞു. ഇനി മറ്റ് ആവശ്യങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ സ്‌കൂളുകള്‍ വിട്ടു നല്‍കേണ്ടെന്നാണ് പഞ്ചായത്തു ഭരണസമിതി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ വിട്ടുകൊടുത്തത് അംഗീകരിക്കാനാകില്ല. സംഭവിച്ച പിഴവ് എന്താണെന്നു അന്വേഷിക്കും. ഇതു സംബന്ധിച്ചു നടപടികള്‍ ആവശ്യമാണെങ്കില്‍ സ്വീകരിക്കും. സ്‌കൂള്‍ അധികാരികളോടു ഇക്കാര്യത്തെപ്പറ്റി സംസാരിച്ചിരുന്നു. സ്‌കൂള്‍ ഇനി മറ്റൊരാവശ്യങ്ങള്‍ക്കും വിട്ടുനല്‍കേണ്ടെന്നാണ് തീരുമാനം

- എസ്‌വി കിഷോര്‍, പനവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്


കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ബാലഗോകുലത്തിന്റെ മറവില്‍ ആര്‍എസ്എസ് ക്യാമ്പുകള്‍ നടന്നുവെന്നു ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നു സര്‍ക്കാരിന്റെ മുന്‍ ഉത്തരവുകളും ഹൈക്കോടതി വിധികളും മുന്‍നിര്‍ത്തി വിദ്യാഭ്യാസേതര പ്രവര്‍ത്തനങ്ങള്‍ക്കു സ്‌കൂള്‍ വിട്ടുനല്‍കുന്നതു വിലക്കി ഡിസംബര്‍ 24നു പൊതുവിദ്യാഭ്യാസ വകുപ്പു പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയായിരുന്നു. നേരത്തേയുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച് വിദ്യാഭ്യാസേതര ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എല്ലാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സൂചിപ്പിച്ചിരുന്നു. ഈ ഉത്തരവാണ് ഈ സംഭവത്തിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ക്രമക്കേട് സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ ഐഎഎസ് പ്രതികരിച്ചു. സിപിഐഎം പ്രവര്‍ത്തകനും ജനപ്രതിനിധിയുമായ വ്യക്തി പിടിഎ പ്രസിഡന്റായ സ്‌കൂളില്‍ നടന്ന ആര്‍എസ്എസ് ക്യാമ്പിന്റെ വാര്‍ത്തകള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു സിപിഐഎം ജില്ലാകമ്മിറ്റി സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചു.

സ്‌കൂളില്‍ ആര്‍എസ്എസ് ക്യാംപ് നടത്തിയതിനെതിരെ ശക്തമായ പ്രതിഷേധവും പനവൂരില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കു സ്‌കൂള്‍ അനവദിച്ചത് ന്യായീകരിക്കാനാകാത്തതാണെന്നും നാട്ടുകാര്‍ പറയുന്നു. സ്‌കൂളിന്റെയും പഞ്ചായത്തിന്റെയും നടപടിക്കെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കുമെന്നും നാട്ടുകാര്‍ അറിയിച്ചു. സംഭവം ഒതുക്കി തീര്‍ക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ ആരോപിക്കുന്നു.

Read More >>