ആർഎസ്എസ് ഗൂഢാലോചനയ്ക്കു പിറകേ പോകാൻ പിണറായിയുമില്ല; ധൻരാജ് വധം ആസൂത്രണം ചെയ്ത പ്രചാരകനും ജാമ്യം

പിണറായി സർക്കാർ അധികാരത്തിലേറ്റ ശേഷം ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അക്രമങ്ങളുടെ തുടക്കം ധൻരാജ് വധത്തോടെയായിരുന്നു. ധൻരാജ് കൊല്ലപ്പെടുന്നതിന് തലേദിവസം ചില ആർഎസ്എസ് നേതാക്കൾക്കൊപ്പം കണ്ണൻ കുന്നരുവിലെത്തുകയും കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതികളിൽ രണ്ടുപേർ പയ്യന്നൂരിലെത്തി കണ്ണനെ നേരിൽ കണ്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ആർഎസ്എസ് ഗൂഢാലോചനയ്ക്കു പിറകേ പോകാൻ പിണറായിയുമില്ല; ധൻരാജ് വധം ആസൂത്രണം ചെയ്ത പ്രചാരകനും ജാമ്യം

കണ്ണൂരിൽ ആർഎസ്എസ് നടത്തുന്ന കൊലപാതകങ്ങളുടെ അന്വേഷണം പതിവു രീതിയിൽ അവസാനിപ്പിക്കാൻ പിണറായി സർക്കാരും. ഗൂഢാലോചന അന്വേഷിക്കാനോ കൊലപാതകങ്ങളുടെ യഥാർത്ഥ കാരണക്കാരെ കണ്ടെത്താനോ പൊലീസ് തയ്യാറാകാത്തത് സിപിഐഎം പ്രവർത്തകരിൽ വ്യാപകമായ അമർഷത്തിനു കാരണമാവുകയാണ്.  പൊലീസിന്റെ ഉദാസീനതയാണ് ധനരാജ് വധക്കേസിന്റെ ആസൂത്രകൻ തിരുവനന്തപുരം സ്വദേശി കണ്ണൻ എന്ന പ്രചാരകിനടക്കം ജാമ്യം ലഭിക്കാൻ കാരണമായത് എന്ന വിമർശനം പാർടിയിൽ ഉയർന്നു കഴിഞ്ഞു. പിണറായി സർക്കാർ അധികാരമേറ്റ ശേഷം കണ്ണൂർ ജില്ലയിൽ ആദ്യം കൊല്ലപ്പെട്ട സിപിഐഎം പ്രവർത്തകനാണ് ധൻരാജ്.


ഈ കേസിൽ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു. ഗൂഡാലോചനയിലെ പ്രധാനിയും കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനുമായ ആർഎസ്എസ് ജില്ലാ കാര്യവാഹക് നെയ്യാറ്റിൻകര സ്വദേശി കണ്ണൻ എന്ന എസ്ആർ അജീഷിനും ജാമ്യം ലഭിച്ചതാണ് പാർടി പ്രവർത്തകരെ ഞെട്ടിച്ചത്. കേസിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയെന്ന് പൊലീസ് തന്നെ വിശേഷിപ്പിക്കുന്ന ആളാണ് കണ്ണൻ. ഇയാൾക്ക്  ജാമ്യം ലഭിക്കാനിടയായത് പൊലീസിന്റെ വീഴ്ചയാണ്.

ഇയാളെ അറസ്റ്റു ചെയ്യാൻ യാതൊരു ശ്രമവും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകാത്തത് ജില്ലയിലെ പാർടിയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. കുറ്റപത്രത്തിൽ ഈ പേരുണ്ടായിട്ടും ഇയാളെക്കുറിച്ച് ആഴത്തിലുളള ഒരന്വേഷണവും പൊലീസ് നടത്തിയില്ല. ഇയാളെ നേരിട്ടു കണ്ട പ്രതികളിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി രേഖാചിത്രം തയ്യാറാക്കാനോ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനോ പൊലീസ് തയ്യാറാകാത്തിനു കാരണം വിശദീകരിക്കാൻ ജില്ലയിലെ സിപിഐഎം ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു.

എന്നാൽ, ആർഎസ്എസുകാർ തന്നെ ഇയാളെ ഒറ്റുകൊടുത്തപ്പോൾ പൊലീസിന് അറസ്റ്റു ചെയ്യാതെ മറ്റു മാർഗമില്ലാതായി. അങ്ങനെയാണ് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്തുവച്ച് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെക്കുറിച്ച് വിവരം നൽകിയ ആർഎസ്എസ് പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും
ചെയ്ത വിവരവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

തലശ്ശേരി മേഖലയിൽ ബിജെപിയിൽ പിളർപ്പുണ്ടായപ്പോൾ ആർഎസ്എസ് അടിത്തറ ശക്തിപ്പെടുത്തി നിലനിർത്തുക എന്ന ഉത്തരവാദിത്തമേൽപ്പിച്ചാണത്രേ കണ്ണനെ കണ്ണൂരിലേയ്ക്ക് നിയോഗിച്ചത്. ഇയാൾക്ക് കൊല്ലപ്പെട്ട ധൻരാജിനോട് മുൻവൈരാഗ്യമുണ്ടാകാൻ യാതൊരു സാഹചര്യവുമില്ല. കൊല്ലപ്പെടേണ്ട ഇര ധൻരാജാണെന്ന് തീരുമാനിച്ചത് കണ്ണൻ ഒറ്റയ്ക്കല്ലെന്നു വ്യക്തം.

ധൻരാജ് കൊല്ലപ്പെടുന്നതിന് തലേദിവസം ചില ആർഎസ്എസ് നേതാക്കൾക്കൊപ്പം കണ്ണൻ കുന്നരുവിലെത്തുകയും കൃത്യത്തിൽ നേരിട്ടുപങ്കെടുത്തവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം പ്രതികളിൽ രണ്ടുപേർ പയ്യന്നൂരിലെത്തി കണ്ണനെ നേരിൽ കണ്ടതായും പൊലീസ് തന്നെ പറയുന്നു.

കണ്ണന്റെ അറസ്റ്റോടെ ധൻരാജിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തവരിലേയ്ക്ക് അന്വേഷണം നീളുമെന്ന് സിപിഐഎം കരുതിയിരുന്നു. ഇയാൾ അറസ്റ്റിലായപ്പോൾ പൊലീസ് ആദ്യം പുറത്തുവിട്ടതും അത്തരം സൂചനകളായിരുന്നു.  ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന നാല് ആർഎസ്എസ് നേതാക്കൾ കൂടി അറസ്റ്റിലാവുമെന്നും പൊലീസ് തന്നെയാണ് പ്രചരിപ്പിച്ചത്. പിന്നീട് ഈ നീക്കം ഉപേക്ഷിക്കപ്പെട്ടു.  കൃത്യത്തിൽ പങ്കാളികളായവർക്ക് പുറമെ മുഖ്യസൂത്രധാരൻ എന്ന നിലയിൽ ഗൂഡാലോചന നടത്തിയതിന് കണ്ണനെയും പ്രതിചേർത്ത് കേസ് അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്.

ധൻരാജ് വധക്കേസ് അന്വേഷണത്തിൽ പൊലീസിനു വഴിതെറ്റുന്നുവെന്നാരോപിച്ച് സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കേസിലെ ഗൂഡാലോചനയെക്കുറിച്ചു വിശദമായ അന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഷ്ട്രീയ കൊലപാതക കേസുകൾ അവസാനിപ്പിക്കുന്ന പതിവുരീതിയിൽ തന്നെ കേസ് അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.

ടി പി വധക്കേസ്, കതിരൂർ മനോജ് വധക്കേസ്, അരിയിൽ ഷുക്കൂർ വധക്കേസ് എന്നിവയിൽ പി ജയരാജൻ അടക്കമുള്ള ഉന്നത നേതാക്കളെ പ്രതിപ്പട്ടികയിൽ ചേർക്കുകയും ജാമ്യം ദീർഘകാലം നിഷേധിക്കുകയോ കടുത്ത വ്യവസ്ഥകൾ അനുസരിച്ച് മാത്രം ജാമ്യം അനുവദിക്കുകയോ ആയിരുന്നു. കതിരൂർ മനോജ് വധക്കേസിൽ ഗൂഡാലോചനയിൽ പങ്കെടുത്തെന്ന കുറ്റമുള്ള പി ജയരാജന് നേരെ യുഎപിഎ ചുമത്തിയിരുന്നു. ടി പി വധക്കേസിൽ കോടതി തള്ളിയ ഗൂഡാലോചന ആരോപണങ്ങളിൽ പ്രതിയായ ഒഞ്ചിയം ഏരിയാ സെക്രട്ടറി സിഎച്ച് അശോകനും മാസങ്ങളോളം ജാമ്യം നിഷേധിക്കപ്പെട്ടതും ചർച്ചയായിരുന്നു.

കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ കലാപങ്ങളിൽ ആർഎസ്എസ് നടത്തുന്ന ഉന്നതതല ഗൂഡാലോചനയും ജില്ലയിലെ കൊലപാതകങ്ങളിൽ ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരുടെ ഇടപെടലും വെളിച്ചത്തുകൊണ്ടുവരാൻ കഴിയുന്ന സാഹചര്യമാണ് കണ്ണന്റെ അറസ്റ്റോടെ ഉണ്ടായത്. എന്നാൽ ദുർബലമായ വകുപ്പുകളും മന്ദീഭവിച്ച അന്വേഷണവും ആർഎസ്എസ് നേതൃത്വത്തിന് ഗുണകരമാവുന്ന സാഹചര്യമാണ് നില നിൽക്കുന്നത്.

Read More >>