ചുവന്ന മുണ്ടുടുത്തതിന് കാസര്‍ഗോഡ് ആര്‍എസ്എസുകാര്‍ യുവാവിന്റെ നെഞ്ചെല്ല് ഒടിച്ചു; ജീവനും കൊണ്ടോടിയ തെയ്യപ്രേമികള്‍ പാതിരാത്രി കണ്ണൂരിലെത്തി

അക്രമിച്ചത് 30 അംഗ സംഘം. തടയാന്‍ ശ്രമിച്ച യുവതിക്കും രോഗിണിയായ അമ്മയ്ക്കും പരുക്ക്. കാഞ്ഞങ്ങാട് സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പരുക്കേറ്റവര്‍. പൊലീസില്‍ പരാതി പറഞ്ഞാല്‍ വകവരുത്തുമെന്നും ഭീഷണി- ഹൈന്ദവ തീവ്രവാദത്തിന്റെ കാസര്‍ഗോഡന്‍ മോഡല്‍.

ചുവന്ന മുണ്ടുടുത്തതിന് കാസര്‍ഗോഡ് ആര്‍എസ്എസുകാര്‍ യുവാവിന്റെ നെഞ്ചെല്ല് ഒടിച്ചു; ജീവനും കൊണ്ടോടിയ തെയ്യപ്രേമികള്‍ പാതിരാത്രി കണ്ണൂരിലെത്തി

ചുവന്ന മുണ്ടുടുത്തതിന് മുപ്പതോളം ആര്‍എസ്എസുകാര്‍ കാസര്‍ഗോഡ് നെഞ്ചെല്ല് ഇടിച്ചൊടിച്ച തെയ്യപ്രേമികളുടെ സംഘം രക്ഷപെട്ട് കണ്ണൂരിലെത്തി. സംഘത്തില്‍ യുവതിയുമുണ്ട്. എഴുന്നേറ്റ് നില്‍ക്കാനാവാത്ത അവസ്ഥയില്‍ കഠിനമായി അക്രമണത്തിനിരയായ യുവാവിനെ കണ്ണൂര്‍ ഏകെജി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം സ്വദേശിയും സഹസംവിധായകനുമായ ജെഫ്രിന്‍ ജെറാള്‍ഡാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ശ്രീലക്ഷ്മി, രാഹുല്‍, നവജിത് തുടങ്ങിയവരും ആശുപത്രിയിലുണ്ട്.


[caption id="attachment_71268" align="alignleft" width="383"] ജെഫ്രിന്‍ കണ്ണൂര്‍ ഏകെജി ആശുപത്രിയില്‍[/caption]

പയ്യന്നൂരിലെ പെരുങ്കളിയാട്ടം കണ്ട ശേഷം സുഹൃത്തിന്റെ രോഗിണിയായ അമ്മയെ കാണാനാണ് സംഘം കാസര്‍ഗോഡ് കാഞ്ഞങ്ങാട് എത്തിയത്. അമ്മ ജോലി ചെയ്യുന്ന വനിതാ ഹോസ്റ്റലിനു പുറത്തു നിന്ന്, അമ്മ നില്‍കിയ വറപലഹാരങ്ങള്‍ കഴിക്കുന്നതിനിടയിലാണ് ഇന്നലെ വൈകിട്ട് 5.30 സമയത്ത് മുപ്പതംഗം ആര്‍എസ്എസ് സംഘം സ്ഥലത്തേയ്ക്ക് എത്തിയത്.

യാതൊരു പ്രകോപനവുമില്ലാതെ അല്‍പ്പം മാറി നില്‍ക്കുകയായിരുന്ന ജഫ്രിനടുത്തെത്തിയ സംഘം ഏകപക്ഷീയമായി മര്‍ദ്ദനം ആരംഭിച്ചു. തടയുന്നതിനിടയിലാണ് കൂടെയുണ്ടായിരുന്ന യുവാക്കള്‍ക്കും യുവതിയ്ക്കും അമ്മയക്കും അക്രമണമേറ്റത്.

പത്തുമിനിറ്റോളം നീണ്ടു നിന്ന അക്രമത്തിനു ശേഷം സംഘം മടങ്ങി. കാരണമൊന്നും പറയാതെയായിരുന്നു അക്രമം.

പറക്ലായിയില്‍ നടന്ന അക്രമത്തില്‍ പരുക്കേറ്റ ജഫ്രിനെ കാഞ്ഞങ്ങാട് സഞ്ജീവനി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. എക്‌സറേ എടുത്തതിലൂടെ നെഞ്ചെല്ലിനു പരുക്കുണ്ടെന്നും കണ്ണിനു താഴെയും സാരമായ മര്‍ദ്ദനമേറ്റെന്നും ഡോക്ടര്‍ സ്ഥിരീകരിച്ചു.

അപ്പോഴേയ്ക്കും ആര്‍എസ്എസ് ജില്ലാ നേതാവാണെന്നു പരിചയപ്പെടുത്തിയ ഒരാള്‍ ആശുപത്രിയിലെത്തുകയും ചുവന്ന മുണ്ട് ഉടുത്തിരിക്കുന്നതും കണ്ട് കമ്യൂണിസ്റ്റുകാരനാണെന്ന് തെറ്റിദ്ദരിച്ചാണ് അക്രമിച്ചതെന്ന് പറഞ്ഞു. രാഷ്ട്രീയലോല പ്രദേശമാണെന്നും ഇത്തരം സ്ഥലങ്ങളില്‍ ചുവന്ന മുണ്ടു കണ്ടാല്‍ പ്രശ്‌നമാകുമെന്നും പറഞ്ഞു.
പരുക്കേറ്റ് ഏകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജെഫ്രിന്‍ അത് സമ്മതിക്കുന്നു- അടിക്കുന്നതിനിടില്‍ അവര്‍ ഒരു കാര്യം മാത്രം പറയുന്നുണ്ടായിരുന്നു, ഊരെടാ നിന്റെ മുണ്ട്... ആ ചുവന്ന മുണ്ടിനു വേണ്ടിയാണ് അവരെന്നെ ഇത്രയും അടിച്ചത്'

കാസര്‍ഗോഡ് ഹോസ്പിറ്റലിലെത്തിയ സംഘനേതാവ് ഭീഷണി മുഴക്കി. പോലീസിനെ അരിയിച്ചാല്‍ ഹോസ്പിറ്റലിന് പുറത്തു വരില്ലെന്നായിരുന്നു ഭീഷണി. തുടര്‍ന്ന്,കാസര്‍ഗോഡ് നിന്ന് ആര്‍എസ്എസുകാരുടെ കണ്ണുവെട്ടിച്ച് കണ്ണൂരിലെത്തിയ സംഘം ഏകെജി ആശുപത്രിയില്‍ അഭയം തേടി കാര്യം അവതരിപ്പിക്കുകയായിരുന്നു. ഹോസ്പിറ്റലില്‍ നിന്നും അപ്പോള്‍ തന്നെ വിവരം പോലീസിനെ അറിയിച്ചിട്ടുണ്ട്.

ആര്‍എസ്എസുകാര്‍ തള്ളി താഴെയിട്ട അമ്മയ്ക്ക് രോഗം മൂര്‍ച്ഛിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്- ഹര്‍ത്താലിന്റെ മറവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍ഗോഡ് ആര്‍എസ്എസ്- ബിജെപി അക്രമണ പരമ്പരയിലൊന്നാണ് ഇതും.