റോസാ പാര്‍ക്സ്- 'ഒരാള്‍ക്ക്‌' ലോകത്തെ മാറ്റിമറിക്കാന്‍ കഴിയും എന്ന് തെളിയിച്ച വനിത

പൊതുവാഹനങ്ങളില്‍ തങ്ങള്‍ നേരിടുന്ന വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയ ആദ്യത്തെ നീഗ്രോയായിരിക്കില്ല റോസാ പാര്‍ക്സ്. പക്ഷെ അവര്‍ എല്ലാ അര്‍ത്ഥത്തിലും അഭിമാനത്തോടെ തലയുയര്‍ത്തി നിന്ന ഒരു വനിതയായിരുന്നു.

റോസാ പാര്‍ക്സ്-

ആദ്യത്തെ പത്തു നിരകളിലെ സീറ്റുകള്‍ ഒഴിച്ചിട്ടിട്ടു തന്നെയാണ് റോസാ പാര്‍ക്സ് ആ ബസില്‍ ഇരുന്നത്. ആ സീറ്റുകള്‍ അമേരിക്കയിലെ വെളുത്ത വര്‍ഗ്ഗക്കാര്‍ക്കുള്ളതാണ്‌ എന്ന് ഈ 42കാരിയ്ക്ക് അറിയാം.

വെളുത്തവര്‍ കൂടുതലായി എത്തിയതോടെ ബസ് കണ്ടക്ടര്‍ റോസയോടും അവള്‍ക്ക് ഒപ്പമിരുന്ന രണ്ടു പേരോടും കൂടി അവര്‍ ഇരിക്കുന്ന സീറ്റ് ഒഴിഞ്ഞുകൊടുത്തു കൊണ്ട് പുറകിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. അവര്‍ മൂവരുടെയും നിറം കറുപ്പായിരുന്നതാണ് കാര്യം. മറ്റു രണ്ടു പേരും സീറ്റ് ഒഴിഞ്ഞുകൊടുത്തെങ്കിലും റോസാ പാര്‍ക്സ് അതിനു തയ്യാറായില്ല. വെള്ളക്കാരുടെ സീറ്റ് തങ്ങള്‍ ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു ഇവരുടെ വാദം.


അവര്‍ക്കായി കരുതിയതൊന്നും താന്‍ അവകാശപ്പെടുത്തിയിട്ടില്ല, ഇത് തങ്ങള്‍ക്കും കൂടി വേണ്ടി ക്രമീകരിച്ചിട്ടുള്ള സീറ്റാണ്. ഇത് ഒഴിഞ്ഞുകൊടുക്കണം എന്ന് തനിക്ക് തോന്നുന്നില്ല എന്നായിരുന്നു റോസയുടെ മറുപടി. അമേരിക്കയില്‍ ജീവിക്കുന്ന ഒരു കുടിയേറ്റവംശജയ്ക്ക് ഇത്രയ്ക്ക് അഹങ്കാരം പാടില്ലെല്ലോ..

റോസാ പാര്‍ക്സ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയെ അന്ന് വൈകിട്ട് പോലീസ് അറസ്റ്റ് ചെയ്തു. പൊതുവാഹനങ്ങളില്‍ പാലിക്കപ്പെടേണ്ടതായ നിയമങ്ങള്‍ ലംഘിച്ചു എന്നുള്ളതായിരുന്നു അവരുടെ മേല്‍ ആരോപിച്ചിരുന്ന കുറ്റം. തുടര്‍ന്ന് ഇവര്‍ക്ക് 4 ഡോ­ള­ർ പി­ഴ­ കോടതി വിധിക്കുകയും ചെയ്തു.

1955 ഡി­സം­ബർ ഒ­ന്ന്‌ അ­മേ­രി­ക്കൻ പൗ­രാ­വ­കാ­ശ സ­മ­ര­ച­രി­ത്ര­ത്തി­ലെ ഒ­രു നിർ­ണ്ണാ­യ­ക­ദി­ന­മാ­യി­ മാറിയത് സംഭവമാണിത്.

ഒരു കറുത്തവര്‍ഗ്ഗക്കാരി സവര്‍ണ്ണര്‍ക്ക് സീറ്റൊഴിഞ്ഞു കൊടുത്തില്ല എന്ന കാരണത്താല്‍, വെള്ളക്കാരും കറുത്തവര്‍ഗ്ഗക്കാരും തമ്മില്‍ വലിയ വംശീയ സംഘര്‍ഷമാണ് പിന്നീട് അമേരിക്ക കണ്ടത്.

റോസാ പാര്‍ക്സ് തുടങ്ങി വച്ചത് ഒരു പ്രതിഷേധമായിരുന്നില്ല. സഹനത്തിന്‍റെ പാരമ്യത്തിലുള്ള ചെറുത്തുനില്‍പ്പ്‌ മാത്രമായിരുന്നു. നീഗ്രോകളുടെ അവകാശത്തിനു വേണ്ടി മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് നേതൃനിരയിലേക്ക് ഉയര്‍ന്നു വന്നതും ഇത്തരം ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകളുടെ ഫലമായിട്ടായിരുന്നു.


പൊതുവാഹനങ്ങളില്‍ തങ്ങള്‍ നേരിടുന്ന വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയ ആദ്യത്തെ നീഗ്രോയായിരിക്കില്ല റോസാ പാര്‍ക്സ്. പക്ഷെ അവര്‍ എല്ലാ അര്‍ത്ഥത്തിലും അഭിമാനത്തോടെ തലയുയര്‍ത്തി നിന്ന ഒരു വനിതയായിരുന്നു.

അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സെക്രട്ടറി കൂടിയായിരുന്നു റോസാ പാര്‍ക്സ്.

"ചിലര്‍ പറഞ്ഞു, പ്രായാധിക്യം മൂലമാണ് ഞാന്‍ അന്ന് ബസ്സില്‍ നിന്നും എഴുന്നേല്‍ക്കാന്‍ വിസ്സമ്മതിച്ചതെന്ന്. 42 വയസ്സ് എന്ന് പറയുന്നത് ഏതായാലും പ്രായാധിക്യത്തിന്‍റെ കാലമല്ലെല്ലോ. പകലു മു­ഴു­വൻ ജോ­ലി ചെ­യ്‌­തു ത­ളർ­ന്ന റോ­സാ പാർ­ക്ക്‌ അ­ന്ന്‌ അ­തീ­വ ക്ഷീ­ണി­ത­യാ­യി­രു­ന്നു എന്നായിരുന്നു മറ്റൊരു വാദം. ഞാന്‍ ഒട്ടും അവശയായിരുന്നില്ല. എന്നെ അവശതയിലേക്ക് തള്ളിയിടാനുള്ള ശ്രമത്തെ ഞാന്‍ ചെറുത്തു നില്‍ക്കുകയായിരുന്നു ഉണ്ടായത്"

മോണ്ട്ഗോമറി ബസ് വിവാദത്തെക്കുറിച്ചു റോസാ പാര്‍ക്സ് പിന്നീട് പ്രതികരിച്ചത് ഇങ്ങനെയാണ്.

റോ­സാ­ പാർ­ക്സി­ന്റെ അ­റ­സ്റ്റും മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ നേതൃ­ത്വ­വും അറുപതുകളില്‍ അമേരിക്കയില്‍ നിലനിന്നിരുന്ന വര്‍ഗ്ഗീയതയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടി.
കറു­ത്ത­വർഗ­ക്കാ­രുടെ അവ­കാ­ശ­ങ്ങൾക്ക്‌ വേണ്ടി പോരാട്ടത്തിനിടയിലാണ് 2005ല്‍ റോസാ പാര്‍ക്സ് വിട വാങ്ങിയത്. പിന്നീടു അവരോടുള്ള ബഹുമാനാര്‍ത്ഥം അമേരിക്കന്‍ സര്‍ക്കാര്‍ റോസാ പാര്‍ക്സിന്റെ പൂർണ­കായ പ്രതിമ സ്ഥാപി­ക്കുകയും അവരുടെ ചിത്രമുള്ള സ്റ്റാമ്പ്‌ പുറത്തി­റ­ക്കു­കയും ചെയ്തിരുന്നു.

'മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ പ്രഥമവനിത' എന്നും സ്വാതന്ത്ര്യസമരത്തിന്റെ അമ്മ എന്നുമാണ് റോസാ പാര്‍ക്സിനെ അമേരിക്കന്‍ പാര്‍ലമെന്‍റ് വിശേഷിപ്പിച്ചിട്ടുള്ളത്.

വര്‍ഷങ്ങള്‍ക്കിപ്പുറം കറുത്തവര്‍ഗ്ഗക്കരോടുള്ള സ്പര്‍ധ വീണ്ടുമുയര്‍ത്തി ഒരു സര്‍ക്കാര്‍ അമേരിക്കയില്‍ ഭരണമേല്‍ക്കുമ്പോള്‍ റോസാ പാര്‍ക്സിനെ ഓര്‍മ്മിച്ചു പോകുന്നത് സ്വാഭാവികം!

റോസാ പാര്‍ക്സിന്‍റെ അപൂര്‍വ്വ ചിത്രങ്ങള്‍ ഇവിടെ കാണാം: