അവര്‍ക്ക് ഉടച്ചു തകര്‍ക്കാനായില്ല; ജീവനോടെ രോഹിതിന്റെ ഏക ശില്പം: അനില്‍ സേവ്യറിന്റെ സമരകല!

രോഹിത് വെമുലയുടെ ഹത്യയോട് മലയാളി ശില്‍പ്പി അനില്‍ സേവ്യറിന്റെ സമരമായിരുന്നു രോഹിതിന്റെ ജീവന്‍ തുടിക്കുന്ന ഈ ശില്‍പ്പം. ഹൈദ്രബാദിലെ സര്‍വ്വകലാശാലാ ക്യംപസില്‍ സ്ഥാപിച്ച ശില്‍പ്പം ഉടച്ചു തകര്‍ക്കാനുള്ള ശ്രമം പലവട്ടം നടന്നു. രോഹിതിന്‍റെ രക്തസാക്ഷി മണ്ഡപമാണ് ഇന്നാ ശില്‍പ്പം.

അവര്‍ക്ക് ഉടച്ചു തകര്‍ക്കാനായില്ല; ജീവനോടെ രോഹിതിന്റെ ഏക ശില്പം: അനില്‍ സേവ്യറിന്റെ സമരകല!

കഴിഞ്ഞ ജനുവരിയില്‍ ചെറിയൊരു അവധിക്ക് നാട്ടിലെത്തിയ അനില്‍ സേവ്യര്‍ ഹൈദ്രബാദിനു മടങ്ങുമ്പോള്‍ മനസു നിറയെ രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പിലെ വരികളായിരുന്നു.

ഒരു ആത്മഹത്യാ കുറിപ്പിനു മുന്നില്‍ രാജ്യം ചൂളിപ്പോയ ദിനങ്ങള്‍. കരഞ്ഞ ദിനങ്ങള്‍ രോഷാകുലമായ നിമിഷങ്ങള്‍. ഹൈദ്രബാദിലെ സര്‍വ്വകലാശാലാ ക്യാംപസ് രാജ്യത്തോട് മുന്‍പില്ലാത്ത വിധം ചോദ്യം ചോദിച്ച ദിവസങ്ങളായിരുന്നു അത്.

[caption id="attachment_74216" align="alignleft" width="332"]

ഒന്നാം രക്തസാക്ഷി ദിനത്തില്‍ ചായം പുതുക്കിയ രോഹിത് ശില്‍പ്പം[/caption]

ക്യാംപസിലാരോ ആത്മഹത്യചെയ്തു എന്ന് അനിലറിഞ്ഞത് നാട്ടില്‍ വെച്ചാണ്. ആരാണെന്നു തിരക്കിയപ്പോള്‍ രോഹിതാണെന്നറിഞ്ഞു.

രോഹിതിനെ അനിലിന് അറിയാം.

അവസാന വര്‍ഷ ബിരുദാനന്തര വിദ്യാര്‍ത്ഥിയാണ് അനിലന്ന്. ശില്‍പ്പ വിഭാഗത്തിലാണ്. ഫൈനല്‍ ഷോയില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പ് ഒരു സ്‌ക്രീനിങ് കമ്മറ്റിയുടെ അനുവാദം വേണമെന്ന തീരുമാനമുണ്ടായി. നാളിതു വരെ ഒരു ക്യാംപസിലുമില്ലാത്ത ഒന്ന്. കലാവിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങി. പിന്തുണയുമായെത്തിയത് എഎസ്‌ഐ ആയിരുന്നു. മുന്നില്‍ നിന്നതും ഉറക്കെ സംസാരിച്ചതും പ്രശാന്തായിരുന്നു. കൂടെയുണ്ടായിരുന്ന രോഹിതിനെ അനില്‍ ഓര്‍ക്കുന്നുണ്ട്.

ക്യാപസില്‍ പലപ്പോഴും കണ്ടിട്ടുള്ള രോഹിത്.

എഎസ്‌ഐക്കൊപ്പം സമരങ്ങളിലുണ്ടായിരുന്ന... പലവട്ടം ക്യാംപസ് വഴികളില്‍ എതിരെയോ കുറുകെയോ കടന്നു പോയിട്ടുള്ള രോഹിത്....

രോഹിതിന്റെ ഘാതകരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള സമരത്തിലെ തീച്ചൂളയിലായി ക്യാംപസ്. കലാവിദ്യാര്‍ത്ഥികളും മലയാളികളുമായ അനുപമയും വിവേഷ് വിജയനും കലാസമരവുമായി ഇറങ്ങി.

വരയും നാടകവും പാട്ടുമെല്ലാമായി കലയുടെ രൂക്ഷമായ ഇടപെടലുകള്‍.

അനില്‍ ആ ദിനങ്ങളിലേയ്ക്കാണ് തിരികെയെത്തിയത്. യുദ്ധസമാനമായ അന്തരീക്ഷം. ഓരോ അണുവിലും രോഹിത്. ക്യാംപസ് വളഞ്ഞ് പൊലീസ്.

സമരത്തോട് എങ്ങനെ ഐക്യപ്പെടാമെന്ന അനില്‍ ആലോചിച്ചു. വല്ലാതെ വൈകാരികമാണ് ഓരോ നിമിഷവും. അനിലപ്പോള്‍ ഓര്‍ത്തു. രോഹിത് മാത്രമല്ല, സര്‍വ്വകലാശാലയില്‍ അതിനു മുന്‍പും ദളിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ജാതീയമായ വിവേചനങ്ങളാല്‍ തന്നെ. അതും ജാതിക്കൊലകള്‍ തന്നെയായിരുന്നു. പക്ഷെ ആ ഹത്യകളുടെ ഓര്‍മ്മകള്‍ പോലും അവശേഷിപ്പിക്കപ്പെട്ടിരുന്നില്ല.

[caption id="attachment_74248" align="aligncenter" width="573"] അനില്‍ രോഹിതിന്‍റെ ശില്‍പ്പം നിര്‍മ്മിക്കുന്നു[/caption]

"അതൊക്കെ എല്ലാത്തരത്തിലും മായ്ച്ചു കളയാന്‍ സ്ഥാപനങ്ങള്‍ക്കറിയാം. എല്ലാത്തരത്തിലും"- അനില്‍ പറയുന്നു. രണ്ടു വര്‍ഷത്തിലേറെ ക്യാംപസില്‍ പഠിച്ചിട്ടും അവരുടെ ആരുടെയും പേരു പോലും അറിയാനാവാത്ത വിധം മായ്ക്കപ്പെട്ടു കഴിഞ്ഞിരുന്നു. തന്റെ സമരത്തെക്കുറിച്ച് അനിലവിടെ മുതലാണ് ചിന്തിച്ചത്. രോഹിതിന്റെ ഹത്യ, മായ്ച്ചു കളയാനാവരുത്. ആ ഓര്‍മ്മ അവശേഷിക്കണം. അതിന് രോഹിതിവിടെ ഉണ്ടാകണം. ശില്പത്തിലേയ്ക്കുള്ള ആശയം അങ്ങനെ രൂപപ്പെട്ടതാണ്.

[caption id="attachment_74249" align="aligncenter" width="570"] രോഹിത് വെമുല[/caption]

സ്ഥിരതയുള്ള ഒരു മാധ്യമത്തിലാകണം ശില്‍പ്പം ഉണ്ടാകേണ്ടതെന്നു തീരുമാനിച്ചു. സ്ഥാപനത്തിനു മുന്നില്‍ കോണ്‍ക്രീറ്റില്‍ തന്നെ ഉറപ്പിക്കാനായി തീരുമാനം. ദേശീയ നേതാക്കളടക്കം ക്യാംപസിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സമരത്തിന്റെ തീഷ്ണമായ ദിനങ്ങളിലൂടെ കടന്നുപോവുകയാണ്. പൊള്ളുന്ന അന്തരീക്ഷം... ഒരു വലിയ പൊട്ടിത്തെറിക്കുള്ളിലാണ് അനില്‍ ശില്‍പ്പ രചന തുടങ്ങിയത്.

കളിമണ്ണിലേയ്ക്ക് രോഹിതിനെ ആദ്യം പകര്‍ത്തുമ്പോള്‍, അനിലിലെ ശില്‍പ്പി വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഏറെപ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും രോഹിതിനെ അത്രയ്ക്കങ്ങ് നിരീക്ഷിച്ചിട്ടില്ല. രൂപസവിശേഷതകളറിയില്ല. കിട്ടാവുന്ന ഫോട്ടോഗ്രാഫുകള്‍ നിരീക്ഷിച്ചു- സാധാരണ ശില്പ രചനയക്കു തയ്യാറെടുക്കുന്നതു പോലെ.
സമരസ്ഥലത്തു, അതിന്റെ ഭാഗമായി തത്സമയ ശില്പ രചന ആരംഭിച്ചതോടെ മറ്റൊരു അനുഭവമാണ് അനിലിനുണ്ടായത്. "എന്റെ കൈകള്‍ മാത്രമാണുണ്ടായിരുന്നത്. അതിപ്പോള്‍ കാണുന്ന രൂപത്തിലേയ്ക്ക് ആയിത്തീരുകയായിരുന്നു"- അനില്‍ ഓര്‍ക്കുന്നു.

രോഹിതിനോടൊപ്പം അരികിലുണ്ടായിരുന്നവര്‍ പറഞ്ഞു കൊണ്ടേയിരുന്നു... കണ്ണെങ്ങനെയെന്ന്... ചിരി എങ്ങനെയെന്ന്... സ്വാഭാവം എന്തെന്ത്... സ്‌നേഹം... തമാശ.. നിലപാടുകള്‍... കുടുംബം- അങ്ങിനെയെല്ലാം. രണ്ടാഴ്ച ആ കേള്‍വികള്‍ക്കു നടുവിലിരുന്ന് അനില്‍ ശില്‍പ്പം രചിച്ചു. കൂട്ടുകാരിയായ അനുപമയടക്കം കലാവിദ്യാര്‍ത്ഥികള്‍ ഒപ്പമുണ്ടായിരുന്നു.

[caption id="attachment_74250" align="alignleft" width="344"] ശില്‍പ്പത്തിനരികില്‍ അമ്മ രാധിക[/caption]

ശില്പം പൂര്‍ത്തിയായപ്പോള്‍, എല്ലാവരും പറഞ്ഞു- "രോഹിതിനെ പോലെ തന്നെ"യുണ്ടെന്ന്. ഇരട്ടി വലിപ്പത്തിലുള്ളതായിരുന്നു അര്‍ദ്ധകായ ശില്പം.

100 കിലോയിലധികം ഭാരമുള്ള ശില്പം സര്‍വ്വകലാശാലയ്ക്കു മുന്നില്‍ സ്ഥാപിച്ചു. ചാരമായി തിരിച്ചു കിട്ടിയ മകന്റെ ശില്‍പ്പരൂപം അമ്മ രാധിക വെമുല വന്നു കണ്ടു.

ശില്പം കണ്ട പലരും അതേ മാതൃകയില്‍ വേറെയും പണിയണമെന്നും രാജ്യത്തെമ്പാടും ആ ശില്പങ്ങള്‍ പ്രചരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കൂടുതല്‍ ശില്‍പ്പങ്ങളുണ്ടാക്കാന്‍ റബ്ബറില്‍ അച്ചുണ്ടാക്കി. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ രണ്ടെണ്ണം കനം കുറച്ചും നിര്‍മ്മിച്ചു. അതിലൊന്ന് നാഗ്പൂരിലെ മാര്‍ച്ചിനു കൊണ്ടുപോയി.

സര്‍വ്വകലാശാലയിലെ സമരം ഡല്‍ഹിയിലേയ്ക്ക് കേന്ദ്രീകരിച്ച ദിനങ്ങളിലൊന്നില്‍ കോണ്‍ക്രീറ്റ് ശില്‍പ്പം തകര്‍ക്കാന്‍ രാത്രി രണ്ടിന് ഒരു ശ്രമം നടന്നു. അഞ്ചാളുകള്‍ പിടിച്ചാല്‍ പൊങ്ങാത്ത ശില്പം ഒരു ചാക്കിലേയ്ക്ക് മറിച്ചിട്ടു. എന്നിട്ട് അഞ്ചാറു പേര്‍ ചേര്‍ന്ന് വലിച്ചു നീക്കുന്നതിനിടയില്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ കണ്ടു. പ്രശ്നമായി, ആളുകള്‍ ഓടിക്കൂടി.

ശില്പം തകര്‍ക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപെട്ടെങ്കിലും സാരമായ കേടുപാടുകളുണ്ടായി. പരുക്കു പറ്റിയ ശില്പം പഴയ സ്ഥലത്ത് പുന:സ്ഥാപിച്ചു.

[caption id="attachment_74251" align="alignright" width="331"] തകര്‍ക്കാനുണ്ടായ ശ്രമത്തിനിടയില്‍ പരുക്കേറ്റ ശില്‍പ്പം[/caption]

അക്രമ സംഭവമെല്ലാം കഴിഞ്ഞ് നേരം പുലര്‍ന്നപ്പോള്‍ റബ്ബറിലുണ്ടാക്കിയ അച്ചും പ്ലാസ്റ്റര്‍ ഓഫ് പാരീസിലുണ്ടാക്കിയ പകര്‍പ്പും കാണാതായി. അത് സര്‍വ്വകലാശാലാ അധികൃതര്‍ എടുത്തുമാറ്റി. ശില്പത്തിനു നേരെ സര്‍വ്വകലാശാലയുടെ അറിവോടെ നടന്ന അക്രമണമായിരുന്നു എന്ന സംശയമുയര്‍ന്നു.

നാഗ്പൂരിലേയ്ക്ക് കൊണ്ടു പോയ ശില്പം ഇപ്പോഴും അവിടെ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നു.
രോഹിതിന്റെ ഒന്നാം ഓര്‍മ്മ ദിനത്തിനു മുന്നോടിയായി അനില്‍ കഴിഞ്ഞ ദിവസം ക്യാംപസിലെത്തി ശില്പത്തിലെ തേയ്മാനങ്ങള്‍ മാറ്റി. ചായം തേച്ചു- ഇന്ന് ആ ശില്പമാണ് രോഹിതിന്റെ രക്തസാക്ഷി മണ്ഡപം.

അങ്കമാലി സ്വദേശിയായ അനില്‍ ആര്‍എല്‍വിയിലാണ് ശില്പ കലയില്‍ ബിരുദം നേടിയത്.കൊച്ചി മുസിരിസ് ബിനാലെയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഹൈദ്രബാദ് സര്‍വ്വകലാശാലയിലെത്തിയത്.

കലാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കലാകക്ഷിയിലെ അംഗമാണ്.