ആണുങ്ങളിൽ നിന്നൊളിക്കാൻ പെൺകുട്ടികൾക്കു മറപ്പുര; കൊല്ലം ഫാത്തിമാ മാതായിൽ ഞെട്ടിക്കുന്ന ലിംഗവിവേചനം

ഫാറൂഖ് കോളജിലെ ലിംഗവിവേചനത്തെ കുറിച്ചു കേരളമാകെ ചർച്ച ചെയ്തപ്പോഴും പുറത്തറിയാതെ പോയ അച്ചടക്കത്തിന്റെ കൊടുവാളുണ്ട്, കൊല്ലത്ത്. കത്തോലിക്കാ സഭയുടെ മാനേജ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന പേരും പെരുമയുമുള്ള ഒരു സ്വകാര്യ എയ്ഡഡ് കോളേജ്. പുതുതലമുറ അൺഎയ്ഡഡ് ഓട്ടോണമസ് കോളജുകളിൽ മാത്രമാണ് ഇൻസ്റ്റിറ്റ്യൂഷനൽ റാഗിംഗ് എന്ന ധാരണയ്ക്കു നേരെയുള്ള പരിഹാസമാണ്, ഇവിടുത്തെ നിയമങ്ങൾ. വിദ്യാർത്ഥിനികളെ ആൺസംസർഗത്തിൽ നിന്നു കാത്തുപരിപാലിക്കാൻ, ഒരുമിച്ചിരുന്ന് ഉണ്ണിയുണ്ടാകില്ല എന്നുറപ്പാക്കുവാൻ, ആൺനോട്ടങ്ങൾക്ക് ഇടമില്ലാത്ത അന്തപ്പുരസമാനമായ പെണ്ണിടം ഒരുക്കി 'കരുതൽ' കാട്ടുന്ന 'കാരുണ്യം'! കണ്ണീരുകൊണ്ടും സുഗന്ധദ്രവ്യങ്ങൾ കൊണ്ടും കാൽകളെ കഴുകി, നീണ്ട തലമുടിയാൽ തുവർത്തി മഗ്ദലനമറിയം വിശുദ്ധീകരിച്ച ആ ക്രിസ്തുവിന്റെ, കൈകൾ നീട്ടി എല്ലാവരെയും സ്വാഗതം ചെയ്യുന്ന രൂപമുണ്ട് ആ കോളജിൽ. എന്നാൽ ഉള്ളിൽ കെട്ടിമറയുടെ, മാറ്റിനിർത്തലിന്റെ മഠനീതി മാത്രമേയുള്ളൂ... കൊല്ലം ഫാത്തിമാ മാതാ കോളേജിലെ ഞെട്ടിക്കുന്ന ലിംഗവിവേചനത്തിന്റെ യാഥാർത്ഥ്യം തുറന്നുകാട്ടുന്നു, ഒരു മുൻ വിദ്യാർത്ഥിനി.

ആണുങ്ങളിൽ നിന്നൊളിക്കാൻ പെൺകുട്ടികൾക്കു മറപ്പുര; കൊല്ലം ഫാത്തിമാ മാതായിൽ ഞെട്ടിക്കുന്ന ലിംഗവിവേചനം

മനോഹരമായ ക്യാംപസാണ് കൊല്ലം ഫാത്തിമാ മാതാ കോളേജിലേത്. എന്നാൽ അവിടെ പഠിക്കുന്ന പെൺകുട്ടികൾക്ക് അതൊന്നും കാണാൻ കഴിയില്ല. ക്ലാസ് ഇല്ലാത്ത സമയത്ത് പെൺകുട്ടികൾക്കായുള്ള ക്വാഡ്രാംഗിൾ എന്ന നാലുചുവരുകൾക്കുള്ളിൽ പോയിരിക്കണം. വിമൻസ് ഡേയ്ക്ക് മാത്രമാണ് ക്യാംപസ് കാണാൻ കഴിയുക, അതും ഏതാനും മണിക്കൂറുകളുടെ കാഴ്ച മാത്രം. കോളേജിലെ മുൻ വിദ്യാർത്ഥിനിയുടെ അനുഭവം നാരദാന്യൂസ് പുറത്തുവിടുന്നു.

മറ്റു കോളേജുകള്‍ക്കില്ലാത്ത ഒരു അച്ചടക്ക പരിഷ്ക്കരണം കൊല്ലം ഫാത്തിമാ മാതാ കോളേജിനുണ്ട്. ക്വാഡ്രാംഗിൾ സിസ്റ്റം എന്നാണ് ഇതിനു പേര്. നാലു വശവും ഭിത്തിയാൽ ചുറ്റപ്പെട്ട ഒരു ഓപ്പണ്‍ സ്പേസാണ് ഈ ക്വാഡ്രാംഗിൾ. ക്ലാസ് ഇല്ലാത്ത സമയത്തു കോളേജ് വിദ്യാര്‍ത്ഥിനികള്‍ എപ്പോഴും വന്നിരിക്കേണ്ട സ്ഥലമാണ് ഇത്. രാവിലെ കോളേജില്‍ എത്തുന്ന വിദ്യാര്‍ത്ഥിനികള്‍ ആദ്യം വന്ന് ഇരിക്കേണ്ടത് ക്വാഡ്രാംഗിളിലാണ്, അവര്‍ ക്ലാസ്സില്‍ പോയിരിക്കാന്‍ പാടില്ല. ഫസ്റ്റ് ബെല്‍ അടിച്ചതിനു ശേഷം മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് ക്ലാസില്‍ പോകാന്‍ അനുവാദമുള്ളത്.

https://soundcloud.com/news-narada/fathima-matha-college

ഉച്ചഭക്ഷണത്തിനും ഇതുപോലെ തന്നെയായിരിക്കണം. ലഞ്ച് ബ്രേക്ക്‌ ടൈമില്‍ പെണ്‍കുട്ടികള്‍ ക്ലാസ് റൂമില്‍ ഇരിക്കാന്‍ പാടില്ല. അവര്‍ക്കായി പ്രത്യേകം ഡൈനിങ്ങ്‌ ഹാള്‍ ഉണ്ട്. അവിടെ പോയിരുന്നു ഭക്ഷണം കഴിക്കണം. പറയത്തക്ക വലിപ്പമൊന്നും ഇല്ലാത്ത ഡൈനിങ്ങ്‌ ഹാളില്‍ പലപ്പോഴും വിദ്യാര്‍ഥിനികള്‍ തറയിലും മറ്റും ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്‌.

ഇപ്പോള്‍ ടൈല്‍സ് ഒക്കെ ഇട്ടു ചെറിയ പരിഷ്കരണങ്ങള്‍ ഒക്കെ വരുത്തിയിട്ടുണ്ട്. അസൗകര്യങ്ങള്‍ എത്രയുണ്ടെങ്കിലും പെണ്‍കുട്ടികൾ ഡൈനിങ്ങ്‌ ഹാളില്‍ ഇരുന്നു മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. ഒരു കാരണവശാലും അവര്‍ക്ക് ക്ലാസ് റൂമില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. കാരണം അവിടെ സഹപാഠികളായ ആണ്‍കുട്ടികള്‍ ഉണ്ട്. പണ്ട് ആണ്‍കുട്ടികള്‍ക്കും പ്രത്യേക ഡൈനിങ്ങ്‌ ഹാള്‍ ഉണ്ടായിരുന്നെങ്കിലും അസൗകര്യം വര്‍ദ്ധിച്ചപ്പോള്‍ അവര്‍ക്ക് ക്ലാസ്സില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവാദം ലഭിച്ചു.

ഭക്ഷണത്തിനു ശേഷം ക്ലാസ് തുടങ്ങുന്നതിനുള്ള ബെല്‍ മുഴങ്ങും വരെ വിദ്യാര്‍ത്ഥിനികള്‍ ക്വാഡ്രാംഗിളില്‍ തന്നെയിരിക്കണം.

[caption id="attachment_75014" align="aligncenter" width="522"] ക്യാംപസിനകം[/caption]

കഴിഞ്ഞില്ല, ക്ലാസ് ഇല്ലാത്ത എല്ലാ പീരിയഡുകളിലും പെണ്‍കുട്ടികള്‍ ക്വാഡ്രാംഗിളില്‍ വന്നിരിക്കണം. ഒരു ടീച്ചര്‍ വന്നിട്ടില്ല എന്നറിഞ്ഞാല്‍ ഉടന്‍ തന്നെ വിദ്യാര്‍ഥിനികള്‍ ക്ലാസില്‍ നിന്നും ഇറങ്ങണം എന്നാണ് ഈ കോളേജിന്റെ നിയമം. ഒരു ഫ്രീ അവര്‍ ലഭിക്കുമ്പോള്‍ പോലും സഹപാഠികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചൊരു ക്ലാസ് മുറിയില്‍ ഇരിക്കരുതെന്ന് കോളേജ് ചുമതലക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

വൈകുന്നേരം ക്ലാസ് കഴിയുമ്പോഴും കാര്യങ്ങള്‍ ഇതുപോലെ തന്നെയാണ്. ബെല്ലടിച്ചാല്‍ ഉടന്‍ വിദ്യാര്‍ത്ഥിനികള്‍ ക്വാഡ്രാംഗിളില്‍ സമ്മേളിക്കണം. സെക്കന്റുകൾ പോലും ക്ലാസില്‍ നില്‍ക്കാന്‍ പാടില്ല. ആണ്‍കുട്ടികള്‍ ക്യാമ്പസ് വിട്ടുപോകുന്നതിനുള്ള സമയം കഴിഞ്ഞതിനു ശേഷം മാത്രമാണ് ഇവര്‍ക്ക് പുറത്തേക്ക് പോകാന്‍ അനുവാദമുള്ളത്. ബസിന്റെ സമയമോ ട്രെയിനിന്‍റെ സമയമോ ഒന്നും ഇതിനു ഇളവ് ലഭിക്കാനുള്ള കാരണങ്ങളല്ല. ക്യാമ്പസില്‍ മാത്രം പെണ്‍കുട്ടികള്‍ 'സുരക്ഷിത'രായിരിക്കണം എന്നായിരിക്കും ഫാത്തിമാ കോളേജിന്‍റെ ഉത്തരവാദിത്തം എന്ന് തോന്നി പോകും.

ക്യാമ്പസില്‍ പ്രത്യക്ഷ രാഷ്ട്രീയത്തിനും വിലക്കുണ്ട്. കോളേജ് യുണിയന്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രമുഖ മുന്നണികളുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ എങ്ങനെയെങ്കിലും ഒരു പാനല്‍ തയ്യാറാക്കി മത്സരിക്കും. ഒരാഴ്ചയുടെ ഈ രാഷ്ട്രീയം മാത്രമാണ് ഫാത്തിമയുടെ ക്യാമ്പസില്‍ അനുവദനീയം.

ക്യാമ്പസിനുള്ളിലെ കോപ്പറേറ്റീവ് സ്റ്റോറില്‍ നിന്നും സാധനം വാങ്ങുമ്പോഴും ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ അകന്നു തന്നെയാണ് എന്നും കോളേജ് അധികൃതര്‍ ഉറപ്പിക്കുന്നുണ്ട്. അതിനായി സ്റ്റോറിന് രണ്ടു ഔട്ട്‌ലെറ്റുകളാണ് നല്‍കിയിട്ടുള്ളത്. ക്വാഡ്രാംഗിളില്‍ നിന്നും വേണം പെണ്‍കുട്ടികള്‍ സ്റ്റോറില്‍ നിന്നും സാധനം വങ്ങേണ്ടത്. മറ്റൊരു വശത്താണ് ആണ്‍കുട്ടികള്‍ക്ക് കോപ്പറേറ്റീവ് സ്റ്റോറില്‍ നിന്നും സാധനങ്ങാനുള്ള ക്രമീകരണം ഉള്ളത്. പെണ്‍കുട്ടികള്‍ ഈ ഭാഗത്തു നിന്നും സാധനങ്ങള്‍ വാങ്ങാന്‍ എത്തിയാല്‍ ശകാരം ഉറപ്പ്, അതും നല്ല ഭാഷയില്‍. ചിലപ്പോഴൊക്കെ അവരെ തിരിച്ചു ക്വാഡ്രാംഗിൾ ഭാഗത്ത് എത്തിച്ചതിനു ശേഷമാണ് സാധനങ്ങള്‍ നല്‍കുക.കൊല്ലം ഫാത്തിമാ കോളേജിന് നല്ല മനോഹരമായ ക്യാമ്പസാണ് ഉള്ളത്. സൈപ്രസ് മരങ്ങളും തണല്‍ വൃക്ഷങ്ങളും നിറയെ ബെഞ്ചുകളും ഉള്ള മനോഹരമായ ഒരു ക്യാമ്പസ്. പക്ഷെ ക്വാഡ്രാംഗിളില്‍ അല്ലാതെ ക്യാമ്പസിന്റെ മറ്റു ഭാഗങ്ങള്‍ പോകാനും പെണ്‍കുട്ടികള്‍ക്ക് അനുവാദമില്ല.

ഡിഗ്രി മൂന്ന് വർഷം പഠിച്ചിട്ട് അവസാന വര്‍ഷം ഒരു ദിവസം മാത്രമാണ് ക്യാമ്പസിന്റെ കുറച്ചു ഭാഗങ്ങള്‍ എങ്കിലും കാണാന്‍ എനിക്കും എന്‍റെ മൂന്നു സുഹൃത്തുക്കള്‍ക്കും സാധിച്ചത്. അതും വിമന്‍സ് ഡേയുടെ അന്ന്! അന്നായിരുന്നു ആദ്യമായും അവസാനമായും ഈ ക്യാമ്പസ് ഞാന്‍ കാണുന്നത്. എത്ര മനോഹരമായ ക്യാമ്പസാണ്. പക്ഷെ ഞങ്ങള്‍ക്ക് അത് കാണാന്‍ പോലും അനുവാദം ഉണ്ടായിരുന്നില്ല. അത് പാസ്ഔട്ട്‌ ആയി പോയവര്‍ക്ക് പോലും അങ്ങനെയൊരു അനുവാദം ഇല്ലാ എന്നുള്ളതാണ് രസകരം.

എന്തെങ്കിലും ഒന്നു എഴുതാനുള്ളപ്പോള്‍ ആ ബെഞ്ചില്‍ ഏതിലെങ്കിലും ഒന്നില്‍ ഇരുന്നാല്‍ ഉടന്‍ പ്രിന്‍സിപ്പൽ അച്ചന്‍ വന്നു ചോദിക്കുകയായി- എന്താ ഇവിടെ? ഗേള്‍സിന് ഇവിടെ ഇരിക്കാന്‍ പാടില്ല എന്ന് അറിയില്ലെ? ഈ ബെഞ്ചുകള്‍ ആണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തതു പോലെയാണ് കാര്യങ്ങള്‍. പെണ്‍കുട്ടികള്‍ മാത്രമായി ഒരുമിച്ചു ഇരിക്കാന്‍ പോലും കഴിയില്ല.

ഫാത്തിമാ നല്ല കോളേജാണ്...നിറയെ മരങ്ങളും വലിയ ഗ്രൗണ്ടും എല്ലാമുള്ള നല്ല ഒരു കോളേജ്..പക്ഷെ അവിടെയൊന്നും പെണ്‍കുട്ടികള്‍ പോകാന്‍ പാടില്ല എന്ന് മാത്രം! എന്‍സിസി പരേഡ് നടക്കുകയാണെങ്കില്‍ മാത്രം അത് കാണാനായി ഗ്രൗണ്ടില്‍ പോകും. അല്ലാതെ പോകാന്‍ പേടിയാണ്. പോയാല്‍ അദ്ധ്യാപകരുടെ നോട്ടപ്പുള്ളിയാകാന്‍ മറ്റൊന്നും വേണ്ട. വെറുതെ എന്തിനാ പുലിവാല്‍ പിടിക്കുന്നത്‌ എന്ന് ചിന്തിച്ചു അവിടെ ആരും പോകുകയുമില്ല.

'ആണും പെണ്ണ് ഒന്നിച്ചു നിന്നാല്‍ ഉണ്ണി പിറക്കും' എന്നാണ് അദ്ധ്യാപകരുടെ ഈ അച്ചടക്ക പരിഷ്ക്കരണത്തെ വിദ്യാര്‍ഥികള്‍ കളിയാക്കി പറയുന്നത്. കോളേജിന് രണ്ടു വൈസ് പ്രിന്‍സിപ്പല്‍മാര്‍ ഉണ്ടായിരുന്നു. ആദ്യം അവര്‍ രണ്ടു പേരുടെയും ഓഫീസ് ഒരു മുറിയില്‍ തന്നെയായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ രണ്ടു പേരും വെവ്വേറെ ഓഫീസ് മുറികളിലേക്ക് മാറി.

കാരണമിതാണ്,  ആണ്‍-പെൺ വിദ്യാര്‍ത്ഥികള്‍ എവിടെയെങ്കിലും ഒന്നിച്ചു നില്‍ക്കുന്നത് കണ്ടാല്‍ അവരെ വഴക്ക് പറയാന്‍ ഒരേ മുറിയില്‍ ഇരിക്കുന്ന തങ്ങള്‍ക്ക് കഴിയില്ല എന്ന ഭയമാണ് ഓഫീസ് മുറി ഷെയര്‍ ചെയ്യേണ്ടതില്ല എന്ന തീരുമാനത്തില്‍ ഇവരെ എത്തിച്ചത്. അത്തരത്തിലുള്ള മൈന്‍ഡ്സെറ്റാണ് ഇവിടുത്തെ അദ്ധ്യാപകര്‍ക്ക് പോലും ഉള്ളത്.

ഒരു ദിവസം ക്ലാസ്സില്‍ ചെന്നില്ലെങ്കില്‍ മാതാപിതാക്കൾക്കു മെസ്സേജ് പോകുന്നതു പോലെയുള്ള നല്ല നിയമങ്ങളും ഇവിടെയുണ്ടെന്നുള്ളതു തിരസ്ക്കരിക്കുന്നില്ല. എത്ര ദിവസം എപ്പോഴെല്ലാം വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ ചെന്നിട്ടില്ല എന്ന വിവരം ഉടനടി മാതാപിതാക്കൾക്കു മെസ്സേജ് കോളേജില്‍ നിന്നും ലഭിക്കും.
ഫാത്തിമയുടെ ഗേറ്റിനോട് ചേര്‍ന്നുള്ള പഞ്ചാരക്കല്ല് എന്ന ഭാഗത്തേക്ക് പെണ്‍കുട്ടികള്‍ ഒരു കാരണവശാലും ചെല്ലാന്‍ പാടില്ല. ക്യാമ്പസിലെ എരുമക്കുളം എന്ന ഭാഗവും ഇവര്‍ക്ക് നിഷിദ്ധം!

[caption id="attachment_75020" align="aligncenter" width="479"] കോളേജ് ഗ്രൗണ്ട്[/caption]

കാന്‍റീലും ഉണ്ട് 'മനോഹരമായ ഇത്തരം ആചാരങ്ങള്‍'. ആദ്യം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്യാന്റീനായിരുന്നു എങ്കിലും പിന്നീട് അത് ഒന്നിച്ചാക്കി. കോമണ്‍ കാന്‍റീനാക്കിയപ്പോള്‍ ലക്ഷ്മണരേഖ വരയ്ക്കാനും അധികൃതര്‍ മറന്നില്ല. കാന്‍റീനിന്‍റെ നടുവിലൂടെ ഒരു സ്റ്റീല്‍ കമ്പി സ്ഥാപിച്ച് ഒരു ഭാഗത്തു ഗേള്‍സ് സോണും മറുഭാഗത്ത് ബോയ്സ് സോണുമായി തരം തിരിച്ചിരിക്കുകയാണ്.

അപൂര്‍വ്വ ധൈര്യമുള്ള പെണ്‍കുട്ടികള്‍ മാത്രമേ ലക്ഷ്മണരേഖയ്ക്കപ്പുറം ഇറങ്ങാന്‍ ധൈര്യപ്പെടുകയുള്ളൂ. നാളിത്രയായിട്ടും ക്വാഡ്രാംഗിളിന് അപ്പുറമുള്ള ഫാത്തിമയുടെ ക്യാമ്പസ് കണ്ട എത്ര വിദ്യാര്‍ത്ഥിനികള്‍ ഉണ്ടെന്നു സംശയമാണ്. അല്ലെങ്കില്‍ രണ്ടും കല്‍പ്പിച്ചിറങ്ങുന്നവര്‍ ആയിരിക്കണം.

ക്വാഡ്രാംഗിളില്‍ നിങ്ങള്‍ക്ക് മിറര്‍ വച്ചു തന്നിട്ടില്ലേ, അവിടെ വാഷ്‌ ചെയ്യാന്‍ ബോയ്സിനെക്കാള്‍ സൗകര്യമില്ലേ? ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാനുള്ള സൗകര്യം ഇല്ലേ? എന്നൊക്കെയാണ് അദ്ധ്യാപകരുടെ ചോദ്യം. എന്താണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ ക്യാമ്പസില്‍ ഒരു കുറവ് എന്നാണ് അവരുടെ ചോദ്യം. ഒരു കാര്യം വ്യക്തമാണ് ഫാത്തിമയുടെ കാഴ്ചപ്പാടില്‍ പെണ്‍കുട്ടികള്‍ ആവശ്യത്തിനു ഒരുങ്ങുക, എന്നിട്ട് അവിടെയെവിടെയെങ്കിലും ഇരിക്കുക... ഇത്രയ്ക്കു മതി!

ഒരു കാര്യം ഉറപ്പ്- അദ്ധ്യാപകരുടെ നല്ല സര്‍ട്ടിഫിക്കറ്റ് വാങ്ങിയിറങ്ങുന്ന ഒറ്റ പെണ്‍കുട്ടികള്‍ പോലും ക്വാഡ്രാംഗിള്‍ അല്ലാതെ ക്യാമ്പസിന്റെ മറ്റൊരു ഭാഗവും കണ്ടിട്ടുണ്ടാകില്ല!

ഇനി അഥവാ കണ്ടിട്ടുണ്ടെങ്കില്‍ തന്നെ അത് വിമന്‍സ് ഡേയുടെ അന്നായിരിക്കും. അന്ന് ആണ്‍കുട്ടികള്‍ ക്യാമ്പസില്‍ ഇല്ലാത്ത ദിവസം അവര്‍ക്ക് ഫാത്തിമയെ കാണാം... അറിയാം... വേണമെങ്കില്‍ ഏതെങ്കിലും കെട്ടിടത്തിന്‍റെ മുകള്‍ നിലയില്‍ കയറി നിന്ന് ആരും കേള്‍ക്കാതെ ഉറക്കെ പറയാം... " ഇന്ന് വിമന്‍സ് ഡേ... ഞാന്‍ സ്വതന്ത്രയാണ്!!!! " പക്ഷെ വേഗം വേണം, ഏതെങ്കിലും അദ്ധ്യാപകര്‍ കാണുന്നതിനു മുന്‍പ് വേഗം ക്വാഡ്രാംഗിളില്‍ എത്തണം, അടക്കവും ഒതുക്കവുമുള്ള കുടുംബത്തില്‍ പിറന്ന നല്ല പെണ്‍കുട്ടികളായി പെരുമാറണം!

(കോളേജിലെ മുൻ വിദ്യാർത്ഥിനിയുടെ അനുഭവമാണിത്. പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെയാണ് പെൺകുട്ടി വിവരങ്ങൾ പങ്കുവെച്ചത്.)

Read More >>