മദ്യം കഴിക്കുക എന്നത് മൗലികാവകാശത്തില്‍ പെടില്ല: കേരള ഹൈക്കോടതി

സ്വകാര്യതയ്ക്കുള്ള അവകാശവും ലഹരി നല്‍കുന്ന പാനീയങ്ങള്‍ കുടിക്കുന്നതിനുള്ള അവകാശവും ഒരുപോലെയാണെങ്കില്‍ അവയ്ക്ക് യുക്തമായ നിയന്ത്രണം ആവശ്യമാണെന്ന് കോടതി പറഞ്ഞു

മദ്യം കഴിക്കുക എന്നത് മൗലികാവകാശത്തില്‍ പെടില്ല: കേരള ഹൈക്കോടതി

മദ്യം കഴിക്കാനുള്ള പൗരന്റെ അവകാശം മൗലികവകാശങ്ങളില്‍പ്പെടില്ലെന്ന് കേരള ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി. മദ്യം നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് വാദിച്ച് അനൂപ് എം.എസ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. മദ്യം നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വകുപ്പുകളൊന്നും അബ്കാരി നിയമത്തിലില്ലെന്നും അനൂപ് വാദിച്ചു. കേരള സര്‍ക്കാരിന്റെ മദ്യനിരോധനം സുപ്രീം കോടതി അംഗീകരിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് നേരത്തെ സിംഗിള്‍ ബെഞ്ച് വിധി ഉണ്ടായതിനെത്തുടര്‍ന്നാണ് ഇദ്ദേഹം ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.


ജസ്റ്റിസുമാരായ രാമചന്ദ്ര മേനോന്‍, ദാമ ശേഷാദ്രി നായിഡു എന്നിവരടങ്ങുന്ന ബഞ്ച് 45 പേജ് വരുന്ന വിധിന്യായത്തില്‍ വിഷയം സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. മദ്യം കഴിക്കുക എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് ജസ്റ്റിസ് ദാമ ശേഷാദ്രി പറഞ്ഞു. വ്യക്തിയുടെ അവകാശം എന്നത് പൊതുജനങ്ങളുടെ കൂട്ടായ ക്ഷേമത്തിന് മുകളില്‍ വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 21ന് കീഴില്‍ വരുന്ന മൗലികവകാശങ്ങള്‍ക്ക് വിവിധ ഭരണഘടന കോടതികള്‍ പുരോഗമനപരവും വിശാലവുമായ നിര്‍വചനങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും ശേഷാദ്രി വ്യക്തമാക്കി. ധാര്‍മികമായി ഇന്ന് തെറ്റാണെന്ന് പറയുന്ന കാര്യം നാളെ ശരിയാകാം. പരാതി നല്‍കിയ വ്യക്തി ഇക്കാര്യത്തില്‍ തിടുക്കമാണ് കാണിച്ചത്-കോടതി നിരീക്ഷിച്ചു. നൊബേല്‍ സമ്മാന ജേതാവ് ബോബ് ഡില്ലന്റെ
'വേണ്ടയുടനൊരഭിപ്രായം
കാലമിനിയുമുരുളുന്നു
ആരാണതെന്നിപ്പോഴറിയില്ല
പരാജിതനും വിജയിക്കാം പിന്നാലെ
അവരുടെ സമയവും മാറുമല്ലോ
എന്ന വരികള്‍ ഉദ്ദരിച്ചാണ് ജസ്റ്റിസ് ശേഷാദ്രി നായ്ഡു വിധിപ്രസ്താവം അവസാനിപ്പിച്ചത്.

മദ്യത്തിന് കേരളത്തില്‍ ചരിത്രപരവും മതപരവുമായ പ്രാധാന്യമുണ്ടെന്ന് അനൂപ് ഹര്‍ജിയില്‍ വാദിച്ചു. ചില ക്ഷേത്രങ്ങളില്‍ ചടങ്ങുകളുടെ ഭാഗമായി മദ്യം ഉപയോഗിക്കാറുണ്ട്. മദ്യനിരോധനം ഇത്തരം ചടങ്ങുകളെ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് മദ്യം നിരോധിച്ചതെന്ന് അനൂപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ലെഗിത് കോട്ടക്കല്‍ വാദിച്ചു, പല ഘട്ടങ്ങളിലായി മദ്യം നിരോധിക്കാനുള്ള തീരുമാനം അക്ബാരി നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നും ലെഗിത് വാദിച്ചു. വ്യക്തികള്‍ എന്ത് കഴിക്കണം എന്ത് കുടിക്കണം എന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ബാലിശമായ ആവശ്യമാണ് പരാതിക്കാരന്‍ ഹര്‍ജിയിലൂടെ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. സുപ്രീം കോടതി വരെ ഇതുമായി ബന്ധപ്പെട്ട കേസുകള്‍ എത്തുകയും തീര്‍പ്പുകല്‍പ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു ഹര്‍ജി അപ്രസക്തമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

Read More >>