റിപ്പബ്ലിക്ക് ദിനത്തില്‍ അഫ്ഗാന്‍ സ്വദേശികളെന്ന വ്യാജേന പാക് തീവ്രവാദികള്‍ രാജ്യത്ത് നുഴഞ്ഞുകയറിയേക്കാമെന്ന് സുരക്ഷാ ഏജന്‍സികള്‍

റിപ്പബ്ലിക് പരേഡ് നടക്കുന്ന രാജ്പഥിന്റെ 2.5 കിലോമീറ്റര്‍ പരിധിയിലുള്ള കെട്ടിടങ്ങളില്‍ പരിശോധന നടത്താന്‍ ഡല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റിപ്പബ്ലിക്ക് ദിനത്തില്‍ അഫ്ഗാന്‍ സ്വദേശികളെന്ന വ്യാജേന പാക് തീവ്രവാദികള്‍ രാജ്യത്ത് നുഴഞ്ഞുകയറിയേക്കാമെന്ന് സുരക്ഷാ ഏജന്‍സികള്‍

നാളെ രാജ്യം 68ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങവേ തീവ്രവാദ ഭീഷണി ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. പാക്കിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ തങ്ങളുടെ അംഗങ്ങളെ അഫ്ഗാന്‍ സ്വദേശികളുടെ ഐഡിയില്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറ്റാന്‍ പദ്ധതിയിടുന്നതായി സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കി. പ്രധാന മന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ളവര്‍ക്ക് സുരക്ഷ ഒരുക്കുന്ന സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പാക്ക് തീവ്രവാദികള്‍ റിപ്പബ്ലിക് ദിനത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.


സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് മേധാവി എ.കെ സിന്‍ഹ ഇന്റലിജന്‍സ് ബ്യൂറോ തലവനുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായി വാര്‍ത്തകളുണ്ട്. പരേഡ് നടക്കുന്ന ഗ്രൗണ്ടിന് സമീപമുള്ള എല്ലാ കെട്ടിടങ്ങളും സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തിന് ഒരു ദിവസം മുമ്പ് പൂട്ടാന്‍ സാധാരണയായി നിര്‍ദ്ദേശം നല്‍കാറുണ്ട്. ആകാശ മാര്‍ഗത്തിലുണ്ടായേക്കാവുന്ന ആക്രമണങ്ങളെ തടയാനായി പോലീസ് ആന്റി ഡ്രോണ്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ലഷ്‌കര്‍ ഇ ത്വയ്ബ പോലുള്ള പാക്കിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ ഹെലികോപ്റ്ററുകളിലോ ചാര്‍ട്ട് ചെയ്ത വിമാനങ്ങളിലോ ഇന്ത്യയിലെത്തി സ്‌ഫോടനങ്ങള്‍ നടത്തിയക്കാമെന്ന് ഇന്റിലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു.

ആന്റി-എയര്‍ക്രാഫ്റ്റ് ഗണ്ണുകളും സിസിടിവി ക്യാമറകളുമായി സുരക്ഷാ സൈന്യം റിപ്പബ്ലിക് ദിനത്തില്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിലയുറപ്പിക്കും. തീവ്രവാദികള്‍ ഏറ്റവും നവീനമായ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവയെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും കഴിയുന്ന തരത്തിലുള്ള ആയുധങ്ങള്‍ സംഭരിക്കാന്‍ വിവിധ സുരക്ഷാ സൈന്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിന്റെ യൂണിഫോം ധരിച്ച് പോലും തീവ്രവാദികള്‍ സൈന്യത്തില്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം സാധ്യതകള്‍ ഒഴിവാക്കാന്‍ സൈനികരെ കര്‍ശനമായി പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. വിവിധ സൈനിക വിഭാഗങ്ങളില്‍ നിന്നായി 50,000 സുരക്ഷാ സൈനികരെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിനായി ഡല്‍ഹിയില്‍ വിന്യസിപ്പിച്ചിട്ടുള്ളത്.

Story by
Read More >>