മതത്തിന്റെ പേരിൽ പ്രകോപിതരായി കൊല്ലാമോ! മുംബൈ ഹൈക്കോടതി നൽകിയ ജാമ്യത്തിനെതിരെ വാദിഭാഗം സുപ്രീംകോടതിയിലേക്ക്

‘മതത്തിന്റെ പേരിൽ പ്രകോപിതരായി’ കൊല ചെയ്തതാണെന്ന നിരീക്ഷണത്തോടെ പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ട് മുംബൈ ഹൈക്കോടതി പറഞ്ഞത്: "മറ്റ് ഉദ്ദേശ്യങ്ങളോ വ്യക്തിപരമായ പകയോ ഒന്നും പ്രതികൾക്ക് കൊല്ലപ്പെട്ടയാളുമായി ഉണ്ടായിരുന്നില്ല. അയാൾ വേറൊരു മതക്കാരനായി എന്നത് മാത്രമാണ് കൊല്ലപ്പെട്ടയാളുടെ തെറ്റ്. ഈ വിഷയത്തിൽ പ്രതികളെ സഹായിക്കുന്ന ഘടകമാണത്."

മതത്തിന്റെ പേരിൽ പ്രകോപിതരായി കൊല്ലാമോ! മുംബൈ ഹൈക്കോടതി നൽകിയ ജാമ്യത്തിനെതിരെ വാദിഭാഗം സുപ്രീംകോടതിയിലേക്ക്

മുസ്ലീം യുവാവിനെ തല്ലിക്കൊന്ന കേസിൽ മൂന്ന് പ്രതികൾക്ക് ബോംബേ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ‘മതത്തിന്റെ പേരിൽ പ്രകോപിതരായി’ കൊല ചെയ്തതാണെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം.

ജൂൺ 2, 2014 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൊഹ്സീൻ ഷേയ്ക്ക് എന്ന യുവാവിനെ ഹിന്ദു രാഷ്ട്ര സേന (എച്ച് ആർ എസ്) എന്ന സംഘടനയിലെ അംഗങ്ങളായ മൂന്ന് ചെറുപ്പക്കാർ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.

ഛത്രപതി ശിവാജിയുടേയും ബാൽ താക്കറേയുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിൽ പ്രതിഷേധം പ്രകടിപ്പിക്കാൻ എച്ച് ആർ എസ് യോഗം ചേർന്നിരുന്നു. അതിൽ ഫേസ്ബുക്കിൽ ചിത്രം ഇട്ടതിന് മുസ്ലീംങ്ങളെ മർദ്ദിക്കണമെന്ന് എച്ച് ആർ എസ് പ്രസിഡന്റ് പറഞ്ഞു. മൂന്ന് പ്രതികളും ആ യോഗത്തിൽ പങ്കെടുത്തിരുന്നു എന്നായിരുന്നു കുറ്റപത്രം.


എച്ച് ആർ എസ് പ്രസിഡന്റിന്റെ പ്രകോപന പ്രസംഗത്തിനു ശേഷം മൂന്ന് പ്രതികളും ഹോക്കി സ്റ്റിക്ക്, ബാട്ടുകൾ, കല്ലുകൾ എന്നിവയുമായി രാത്രി തെരുവിലിറങ്ങുകയായിരുന്നു. അപ്പോൾ ആ വഴി പോകുകയായിരുന്ന മൊഹ്സീനെ കണ്ട അവർ അക്രമാസക്തരാകുകയും മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

മൊഹ്സീൻ നിസ്കാരത്തൊപ്പി ധരിക്കുകയും മതപരമായ താടി വളർത്തുകയും ചെയ്തിരുന്നതാണ് പ്രതികളെ പ്രകോപിതരാക്കിക്കിയത് . മൊഹ്സീന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് അപ്പോൾ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് തിരിച്ചെത്തി മൊഹ്സീനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരുന്നു. അപ്പോഴേയ്ക്കും മൊഹ്സീൻ മരിച്ചിരുന്നു.

പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് മൃദുലാ ഭട്കർ പറഞ്ഞത്: “സംഭവം നടക്കുന്നതിന് മുമ്പായിരുന്നു യോഗം നടന്നത്. പ്രതികൾക്ക് മറ്റ് ഉദ്ദേശ്യങ്ങളോ വ്യക്തിപരമായ പകയോ ഒന്നും കൊല്ലപ്പെട്ടയാളുമായി ഉണ്ടായിരുന്നില്ല. അയാൾ വേറൊരു മതക്കാരനായി എന്നത് മാത്രമാണ് കൊല്ലപ്പെട്ടയാളുടെ തെറ്റ്. ഈ വിഷയത്തിൽ പ്രതികളെ സഹായിക്കുന്ന ഘടകമാണത്. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഒന്നുമില്ല. അവർ മതത്തിന്റെ പേരിൽ പ്രകോപിതരായി കൊലപാതകം ചെയ്യുകയായിരുന്നു”.

വിധിയിൽ നിരാശരായ മൊഹ്സീന്റെ കുടുംബാംഗങ്ങൾ സുപ്രീം കോടതിയെ സമീപിക്കാനാണ് നീക്കം.