മുന്നറിയിപ്പ്: തരിപോലും ഗോസിപ്പില്ല; ആങ്കറാകാന്‍ വന്ന സാന്ദ്രതോമസും കിരണിലെ വിജയ് ബാബുവും

സാന്ദ്ര തോമസും വിജയ്ബാബുവും നിര്‍മ്മാതാക്കളായി തുടങ്ങി താരങ്ങളായി തിളങ്ങിയവരാണ്. എപ്പോഴും ഒന്നിച്ചു നിന്നവര്‍. ഗോസിപ്പുകളെ വകവെയ്ക്കാതെ ബിസിനസിലേയ്ക്ക് വളര്‍ന്നവര്‍. അവര്‍ തമ്മിലൊരു തര്‍ക്കമുണ്ടാകുമ്പോള്‍ ഇതുകൂടി അറിയുക

മുന്നറിയിപ്പ്: തരിപോലും ഗോസിപ്പില്ല; ആങ്കറാകാന്‍ വന്ന സാന്ദ്രതോമസും കിരണിലെ വിജയ് ബാബുവും

ഇരുപത്തിരണ്ടു വയസില്‍ കൊച്ചിയിലെത്തുമ്പോള്‍ സാന്ദ്രയ്ക്ക് ബിസിനസുകാരിയാകണം എന്നായിരുന്നു മോഹം. ഒരു സ്പാ തുടങ്ങണം എന്ന ആഗ്രഹം. സ്പായൊക്കെ ഹിറ്റാകണമെങ്കില്‍ നടത്തുന്നയാള്‍ സെലിബ്രിറ്റിയാകണം. അതിനുള്ള കുറുക്കുവഴിയായി തോന്നിയത് ചാനല്‍ അവതാരികയാവുക തന്നെ. സാന്ദ്ര നേരെ കിരണ്‍ ടിവിയിലേയ്ക്കു ചെന്നു. മ്യൂസികും വിനോദവുമായി യുവതരംഗമായി കിരണന്നു തിളങ്ങുകയാണ്. അവിടെവച്ചാണു സാന്ദ്ര വിജയ്ബാബുവിനെ ആദ്യമായി കാണുന്നത്. വീഡിയോ ജോക്കിയാകാന്‍ വന്ന സാന്ദ്രയോടു സംസാരിച്ച ശേഷം ചാനലിന്റെ അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന വിജയ്ബാബുവാണു പറഞ്ഞത്, ലക്ഷ്യങ്ങള്‍ സ്പാ എന്നതിലും വലുതാകണമെന്ന്. ആ പ്രചോദനത്തിലാണ് പാലക്കാട്ട് അച്ഛനുള്ള സ്ഥലം വിറ്റ് 80 ലക്ഷം രൂപയുമായി ആദ്യ സിനിമയായ ഫ്രൈഡേ നിര്‍മ്മിക്കാനിറങ്ങിയത്.
അച്ഛനോ- ഭര്‍ത്താവോ സിനിമയിലുള്ളതിനാല്‍ നിര്‍മ്മാതാവിന്റെ സ്ഥാനത്തു പേരു വന്നിട്ടുള്ള സ്ത്രീകളെ മാത്രമെ അതുവരെ കണ്ടിരുന്നുള്ളു. എന്നാല്‍, തന്നെ 'കെട്ടിച്ചു വിടാന്‍' അച്ഛന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വിറ്റ് നിര്‍മ്മാതാവായ വനിത സാന്ദ്രയായിരിക്കും. അതും 23 വയസില്‍.

കുട്ടനാട്ടുകാരിയാണ് സാന്ദ്ര. ആമേനില്‍ സാന്ദ്രയുടെ മറിയാമ്മയുടെ വേഷം കയ്യടി നേടിയത് വെറുതെയല്ല. അത്തരത്തിലുള്ള കില്ലാഡികളായ വല്യമ്മച്ചിമാര്‍ സാന്ദ്രയ്ക്കുണ്ടായിരുന്നു. ഇരട്ടച്ചങ്കുള്ള ആടുതോമയുടെ നാട്ടുകാരിയാണ് അമ്മ- കാഞ്ഞിരപ്പള്ളിക്കാരി.

കാര്‍ഷികപാരമ്പര്യമുള്ള കുടംബമാണ് അപ്പന്റേയും അമ്മയുടേയും. ചങ്ങനാശ്ശേരിയിലെ മോസ്‌കോ എന്ന ഗ്രാമത്തിലാണ് വളര്‍ന്നത്. വയലും വരമ്പുമുള്ള നാട്. അഞ്ചു കിലോമീറ്റൊറൊക്കെ നടന്നാണ് സ്‌കൂളില്‍ പോയത്. അംഗനവാടിയിലും പഠിച്ചു. ആദ്യമായി അനുകരിച്ചത് അംഗനവാടിയിലെ ടീച്ചറെയാണ്.

Image may contain: 2 peopleസാന്ദ്രയെ രൂപപ്പെടുത്തിയത് തൃശൂര്‍ സെന്റ് ജോസഫ്സ് ബോര്‍ഡിങ് സ്‌കൂളാണ്. കുസൃതിയായിരുന്നു അന്ന് ഏറ്റവും അടുത്ത കൂട്ടുകാരി. അനുജത്തിയും കൂടെയുണ്ട്. ആവറേജ് സ്റ്റുഡന്റ്. പക്ഷെ പത്തിലെത്തിയപ്പോള്‍ ഡിസ്റ്റിങ്ഷന്‍ വാങ്ങി എല്ലാവരേയും ഞെട്ടിച്ചു. മക്കളെ ഗിറ്റാറും ഡാന്‍സും കരാട്ടേയുമെല്ലാം പഠിപ്പിച്ച രക്ഷകര്‍ത്താക്കള്‍ക്കുള്ള സമ്മാനമായി ആ വിജയം.

എറണാകുളം സെന്റ് തെരേസാസിലായിരുന്നു പ്രീഡിഗ്രി. അപ്പോഴേയ്ക്കും അച്ഛനും അമ്മയും ബിസിനസുമായി ദുബായിയിലേയ്ക്ക്. സിസ്റ്റര്‍ വിവറ്റിനെ കോളേജില്‍ വച്ചാണ് പരിചയപ്പെടുന്നത്. സിസ്റ്ററാണ് സാന്ദ്രയെ കലയുടെ ലോകത്തേയ്ക്കു കൈപിടിച്ചത്. ആദ്യം നാടകമായിരുന്നു. ഫൂലന്‍ദേവിയുടെ ഭര്‍ത്താവിന്റെ വേഷം.

ഡിഗ്രിക്ക് ദുബായയില്‍ ചേര്‍ന്നു. അവിടെ നിന്നും ചെന്നൈയില്‍ ബിബിഎ. സിവില്‍ സര്‍വ്വീസിനൊരുങ്ങാന്‍ വീണ്ടും ദുബായിയിലെത്തി. ഇംഗ്ലീഷ് ടീച്ചിങ് കോളേജിന്റെ മാര്‍ക്കറ്റിങ് സ്റ്റാഫായാണ് കൊച്ചിയിലെത്തുന്നത്. പിന്നീടായിരുന്നു സ്പാ തുടങ്ങാനുള്ള തീരുമാനവും വിജയ്ബാബുവുമായുള്ള കണ്ടുമുട്ടലും.

ഫ്രൈഡേയ്ക്കു ശേഷം ആമേന്‍, കിളിപോയി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നടിയെന്ന നിലയിലും നിര്‍മ്മാതാവെന്ന നിലയിലും സാന്ദ്ര നേടിയത് കരുത്തുറ്റ വിജയമാണ്. അപ്പോഴേയ്ക്കും വിജയ്ബാബുവും ചാനലിന്റെ ഉത്തരവാദിത്തങ്ങള്‍ വിട്ട് സാന്ദ്രയ്ക്കൊപ്പമെത്തി. സക്കറിയയുടെ ഗര്‍ഭിണികള്‍ മുതല്‍ ഇരുവരും ഫ്രൈഡേ എന്ന സിനിമാക്കമ്പനിയുടെ പങ്കാളികളായി. തുടര്‍ന്നായിരുന്നു കമ്പനിയുടെ മെഗാ ഹിറ്റ് പ്രോജക്ട്- പെരുച്ചാഴി. സിനിമ വിജയിച്ചില്ല. ആട് ഒരു ഭീകര ജീവിയല്ല, അടികപ്യാരേ കൂട്ടമണി തുടങ്ങിയ സിനിമകളുടെ വാണിജ്യവിജയത്തിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസാണ് പുതിയ സിനിമ.

Image result

നിര്‍മ്മാതാക്കളായെത്തിയ സാന്ദ്രയും വിജയ്ബാബുവും അഭിനേതാക്കളുമായി. സാന്ദ്ര ആമേനിലൂടെയും വിജയ് 22 ഫീമയിലിലൂടെയും. തുടര്‍ന്ന് ഇരുവരും ശക്തമായ ഒട്ടനവധി വേഷങ്ങള്‍ ചെയ്തു.

സാന്ദ്ര- വിജയ് പങ്കാളിത്തം മറ്റേതൊരു സിനിമാ സൗഹൃദത്തെക്കാളും ശക്തമായിരുന്നു എന്നു തെളിയിക്കുന്നതാണ് അവരുടെ സിനിമാ കമ്പനി സൃഷ്ടിച്ച വിജയങ്ങള്‍. ചെയ്ത എല്ലാ സിനിമകളും പരീക്ഷണങ്ങളായിരുന്നു. ഏതാണ്ട് എല്ലാ സംവിധായകരുടേയും ആദ്യ സിനിമകള്‍. അത്തരം പരീക്ഷണങ്ങള്‍ ഫ്രൈഡേയിലൂടെ വിജയം കണ്ടതോടെ നിരവധി നിര്‍മ്മാണ കമ്പനികളും നവാഗതരെ വിശ്വസിക്കാന്‍ തുടങ്ങി.അതിനിടയിലായിരുന്നു സാന്ദ്രയുടെ വിവാഹം. നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും ആരോപണങ്ങളുന്നയിച്ചിരിക്കുന്നതാണ് നിലവിലുള്ള സാഹചര്യം. ഫ്രൈഡേ മുതല്‍ അടി കപ്യാരേ വരെ നീളുന്ന വ്യത്യസ്തമായ സിനിമാ ചരിത്രം മാത്രമല്ല, സാന്ദ്രയെന്ന കരുത്തുറ്റ നിര്‍മ്മാതാവിനെ അവതരിപ്പിച്ച പ്രസ്ഥാനമാണ് ഫ്രൈഡേ - തര്‍ക്കങ്ങള്‍ പരിഹരിച്ച് സാന്ദ്രയും വിജയും ഒന്നിച്ചു തന്നെ സിനിമാ നിര്‍മ്മാണവുമായി മുന്നോട്ടു പോകും എന്നതാണ് സുഹൃത്തുക്കളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍.