നിയമസഭാ തെരഞ്ഞെടുപ്പ്: പണം പിൻവലിക്കുന്നതിൽ സ്ഥാനാർഥികൾക്ക് ഇളവില്ല

ആഴ്ചയിൽ 24000 രൂപ എന്നത് ഒരു മാസത്തിൽ 96000 രൂപ ആയിരിക്കേ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ സ്ഥാനാർഥികൾക്കു ചിലവിടാൻ അനുവദിച്ചിരിക്കുന്ന 28 ലക്ഷം രൂപ എന്നതിനോട് ചേർത്തു നോക്കുമ്പോഴാണു നിയന്ത്രണം മൂലമുള്ള അപര്യാപ്തത വ്യക്തമാകുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ്: പണം പിൻവലിക്കുന്നതിൽ സ്ഥാനാർഥികൾക്ക് ഇളവില്ല

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആവശ്യങ്ങൾക്കായി സ്ഥാനാർഥികൾക്കു കൂടുതൽ പണം പിൻ വലിക്കാൻ അനുവദിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം റിസർവ്വ് ബാങ്ക് തള്ളി. അതനുസരിച്ച് സ്ഥാനാർഥികൾക്കു ഡിജിറ്റൽ പണത്തിനെ കൂടുതൽ ആശ്രയിക്കേണ്ടി വരും.

നിലവിൽ അനുവദിച്ചിട്ടുള്ള ആഴ്ചയിൽ 24,000 രൂപ എന്ന പരിധി രണ്ട് ലക്ഷം രൂപ ആക്കി ഉയർത്തണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിരുന്നത്. കമ്മീഷന്റെ അന്വേഷണങ്ങളോട് ആർ ബി ഐ പ്രതികരിച്ചില്ല എന്നും അറിയുന്നു. ഉത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കാനിരിക്കേ പണം പിൻ വലിക്കൽ നിയന്ത്രണം സ്ഥാനാർഥികൾക്കു വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.


പുതിയ കറൻസി നോട്ടുകൾ വരുന്നതോടെ ഫെബ്രുവരി അവസാനത്തോടു കൂടി നിയന്ത്രണങ്ങളിൽ ഇളവു വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പിനായുള്ള പണവിനിയോഗം നികുതി വകുപ്പും തെരഞ്ഞെടുപ്പു അധികാരികളും നിരീക്ഷിക്കും. തെരഞ്ഞെടുപ്പു ആവശ്യങ്ങൾക്കായി സ്ഥാനാർഥികൾ പ്രത്യേകം അക്കൗണ്ട് തുടങ്ങുകയും അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തിൽ ആയിരിക്കുകയും ചെയ്യും.

ആഴ്ചയിൽ 24,000 രൂപ എന്നത് ഒരു മാസത്തിൽ 96,000 രൂപ ആയിരിക്കേ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ സ്ഥാനാർഥികൾക്കു ചിലവിടാൻ അനുവദിച്ചിരിക്കുന്ന 28 ലക്ഷം രൂപ എന്നതിനോട് ചേർത്തു നോക്കുമ്പോഴാണു നിയന്ത്രണം മൂലമുള്ള അപര്യാപ്തത വ്യക്തമാകുന്നത്. ഗോവയിലും മണിപ്പൂരിലും 20 ലക്ഷം രൂപ ആണു അനുവദിച്ചിരിക്കുന്ന തുക.

സ്ഥാനാർഥികൾക്കു ചെക്ക് മൂലം പണം നൽകാൻ കഴിയുമെങ്കിലും ചെറിയ ചിലവുകൾക്ക് പണം തന്നെ വേണം. പ്രചരണത്തിനുള്ള പണം കണ്ടെത്താൻ സ്ഥാനാർഥികൾക്കു പ്രയാസമായിരിക്കുമെന്ന് പരിഗണിച്ചാണു പിൻ വലിക്കൽ നിയന്ത്രണത്തിൽ ഇളവു വേണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചത്.

Read More >>