സഹകരണബാങ്കുകളില്‍ കള്ളപ്പണ ഇടപാടില്ല; ക്രമക്കേട് നടന്നതിന് തെളിവില്ലെന്നും സമ്മതിച്ച് റിസര്‍വ്വ് ബാങ്ക്

നോട്ട് നിരോധനത്തിന് ശേഷം കള്ളപണ ഇടപാട് ആരോപിച്ച് രാജ്യത്തെ സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കള്ളപ്പണ ഇടപാടിന് ആധികാരികമായ തെളിവ് ഇല്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

സഹകരണബാങ്കുകളില്‍ കള്ളപ്പണ ഇടപാടില്ല; ക്രമക്കേട് നടന്നതിന് തെളിവില്ലെന്നും സമ്മതിച്ച് റിസര്‍വ്വ് ബാങ്ക്

നോട്ട് നിരോധനത്തിന് ശേഷം സഹകരണ ബാങ്കുകളില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നെന്ന നിലപാട് റിസര്‍വ്വ് ബാങ്ക് തിരുത്തി. സഹകരണബാങ്കുകള്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നതിന് തെളിവില്ലെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി. നോട്ട് നിരോധനത്തിന് ശേഷം സഹകരണബാങ്കുകള്‍ക്ക് പിന്‍വലിച്ച കറന്‍സി മാറ്റുന്നതിനടക്കം കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

സഹകരണബാങ്കുകളില്‍ കള്ളപ്പണം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സഹകരണബാങ്കുകള്‍ക്ക് കേന്ദ്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗാല്‍ഗലി നല്‍കിയ അപേക്ഷയിലാണ് റിസര്‍വ്വ് ബാങ്ക് മറുപടി നല്‍കിയത്.


നവംബര്‍ എട്ടിനും ഡിസംബര്‍ പത്തിനും ഇടയ്ക്കുള്ള കാലയളവില്‍ സഹകരണ ബാങ്കുകളില്‍ നിന്നു കണ്ടെത്തിയ ക്രമക്കേടുകളുടെ വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലുണ്ടായിരുന്നത്.

കള്ളപ്പണം ഇടപാടുകള്‍ നടക്കുന്നതായുള്ള ഒരു സംഭവം പോലും റിസര്‍വ്വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കുന്നു. ഇതിനു പുറമേ നബാര്‍ഡ് നടത്തിയ പരിശോധയിലും സഹകരണ ബാങ്കുകളില്‍ കള്ളപ്പണം ഇല്ലെന്നു കണ്ടെത്തിയിരുന്നു.

നിയന്ത്രണം ഏര്‍പ്പെടുത്തിയനെതിരെ സഹകരണ ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചരുന്നു. കോടതിയില്‍ നിന്ന് സഹകരണ ബാങ്കുകള്‍ക്ക് അനുകൂലമായ വിധിയാണ് ലഭിച്ചത്. കേരളത്തിലെ സഹകരണബാങ്കുകളില്‍ കള്ളപ്പണം ഉണ്ടെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. നോട്ട് നിരോധനത്തിന് ശേഷം സഹകരണബാങ്കുകളില്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ എത്തിയെന്നായിരുന്നു ആരോപണം. സഹകരണബാങ്കുകളില്‍ കള്ളപ്പണമില്ലെന്ന് റിസര്‍വ്വ് ബാങ്ക് തന്നെ സമ്മതിക്കുന്നതിലൂടെ ഈ വാദങ്ങളും പൊളിയുകയാണ്.

Read More >>