മുംബൈയെ തകര്‍ത്ത് ഗുജറാത്തിന് രഞ്ജി കിരീടം; സെഞ്ച്വറി പ്രകടനത്തോടെ പാര്‍ത്ഥിവ് പട്ടേല്‍ കളിയിലെ കേമന്‍

1950- 51 സീസണില്‍ ഫൈനലില്‍ എത്തിയ ശേഷം ഗുജറാത്ത് ടീം പിന്നീട് ഇപ്പോഴാണ് രഞ്ജിയുടെ കലാശക്കളിക്ക് യോഗ്യരായത്. എന്നാല്‍ മുംബൈയുടെ 46ാം രഞ്ജി ഫൈനലായിരുന്നു ഇത്. 46ല്‍ ഇത്തവണത്തേത് ഉള്‍പ്പെടെ അഞ്ചുതവണ മാത്രമാണ് മുംബൈ തോല്‍വി അറിഞ്ഞിട്ടുള്ളത്. രഞ്ജി കിരീടം നേടുന്ന 17-ആം ടീം കൂടിയാണ് ഗുജറാത്ത്.

മുംബൈയെ തകര്‍ത്ത് ഗുജറാത്തിന് രഞ്ജി കിരീടം; സെഞ്ച്വറി പ്രകടനത്തോടെ പാര്‍ത്ഥിവ് പട്ടേല്‍ കളിയിലെ കേമന്‍

ഇന്‍ഡോര്‍: രഞ്ജി ട്രോഫി ഫൈനലില്‍ അഞ്ചാം ദിനം 312 റണ്‍സെന്ന വിജയലക്ഷ്യവുമായി മുംബൈക്കെതിരെ ഇറങ്ങിയ ഗുജറാത്തിന് ക്യാപ്റ്റന്‍ പാര്‍ത്ഥിവ് പട്ടേലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ കിരീടനേട്ടം. 196 പന്തുകള്‍ നേരിട്ട് 24 ബൗണ്ടറികളോടെ 143 റണ്‍സ് അടിച്ചെടുത്ത ഗുജറാത്ത് ക്യാപ്റ്റന്‍ പാര്‍ത്ഥിവ് തന്നെയായിരുന്നു കലാശപ്പോരാട്ടത്തില്‍ ടീമിനെ മുന്നില്‍ നിന്നുനയിച്ചത്. അഞ്ചു വിക്കറ്റ് ശേഷിക്കെ 313 റണ്‍സെടുത്ത ഗുജറാത്ത് തങ്ങളുടെ ആദ്യ രഞ്ജി കിരീടവും സ്വന്തമാക്കി.


സ്‌കോര്‍: ഗുജറാത്ത് - 328 & 313/5. മുംബൈ- 228 & 411.

നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 47 റണ്‍സെടുത്തിരുന്നു. അഞ്ചാം ദിനം കളി തുടങ്ങിയ ഉടന്‍ ഗുജറാത്തി ഓപ്പണര്‍ പികെ കാഞ്ചനെ(34) റണ്‍സെടുക്കും മുമ്പേ നഷ്ടപ്പെട്ടു. പിന്നീടെത്തിയ ബിഎച്ച് മേരായിക്കും (2) പിടിച്ചുനില്‍ക്കാനായില്ല.

കാഞ്ചനെ സൂര്യകുമാറിന്റെ കൈകളിലെത്തിച്ച ബിഎസ് സന്ധു തന്നെ മേരായിയെയും ക്ലീന്‍ ബൗള്‍ഡാക്കി. ഈ സമയം 51 റണ്‍സ് മാത്രമായിരുന്നു ഗുജറാത്തിന്റെ ടോട്ടല്‍ സ്‌കോര്‍. ഡ്രിങ്ക്സ് ബ്രേക്കിനു ശേഷം കളി പുനരാരംഭിച്ചയുടന്‍ മറ്റൊരു ഓപ്പണറായ എസ്ബി ഗൊഹ്ലിയും ടോട്ടല്‍ സ്‌കോര്‍ 89ല്‍ നില്‍ക്കെവീണു. അഭിഷേക് നായരുടെ പന്തില്‍ താരെയുടെ കൈകളിലേക്ക് ക്യാച്ച് നല്‍കിയായിരുന്നു ഗൊഹ്ലിയുടെ മടക്കം.

രണ്ടാം വിക്കറ്റ് വീണശേഷം ക്രീസിലെത്തിയ ഗുജറാത്ത് ക്യാപ്റ്റന്‍ പാര്‍ത്ഥിവും മൂന്നാം വിക്കറ്റിനു ശേഷം എത്തിയ ജുനേജയും (54) അതീവശ്രദ്ധയോടെയാണു ബാറ്റ് വീശിയത്. ഇരുവരും ചേര്‍ന്നു നാലാം വിക്കറ്റില്‍ 116 റണ്‍സാണ് അടിച്ചെടുത്തത്. 30ാം ഓവറിലെ നാലാം പന്തില്‍ ടോട്ടല്‍ സ്‌കോര്‍ 205ല്‍ നില്‍ക്കെ അഖില്‍ ഹേര്‍വാദ്കര്‍ അര്‍ധ സെഞ്ച്വറി നേടിയ ജുനേജയെ താരെയുടെ കൈകളിലേക്കു എത്തിച്ചുമടക്കി.

പിന്നീടെത്തിയ ഭട്ടുമായി ചേര്‍ന്ന് ക്യാപ്റ്റന്‍ ടീമിനെ വിജയതീരത്തേക്ക് അടുപ്പിച്ചെങ്കിലും ലക്ഷ്യത്തിനു 13 റണ്‍സ് അകലെവച്ച് പാര്‍ത്ഥിവ് പട്ടേലിനെ മുംബൈ ബൗളര്‍ ശര്‍ദുള്‍ സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ചിരാഗ് ജെ ഗാന്ധിയും (11) ആര്‍എച്ച് ഭട്ടും (27) ചേര്‍ന്ന് ഗുജറാത്തിനു ആദ്യ രഞ്ജി കിരീടം എന്ന ലക്ഷ്യം നേടിക്കൊടുത്തു.

പാര്‍ത്ഥിവ് പട്ടേലാണ് കളിയിലെ കേമന്‍. 1950- 51 സീസണില്‍ ഫൈനലില്‍ എത്തിയ ശേഷം ഗുജറാത്ത് ടീം പിന്നീട് ഇപ്പോഴാണ് രഞ്ജിയുടെ കലാശക്കളിക്ക് യോഗ്യരായത്. എന്നാല്‍ മുംബൈയുടെ 46ാം രഞ്ജി ഫൈനലായിരുന്നു ഇത്. 46ല്‍ ഇത്തവണത്തേത് ഉള്‍പ്പെടെ അഞ്ചുതവണ മാത്രമാണ് മുംബൈ തോല്‍വി അറിഞ്ഞിട്ടുള്ളത്. രഞ്ജി കിരീടം നേടുന്ന 17-ആം ടീം കൂടിയാണ് ഗുജറാത്ത്.

Read More >>