രാധികാ വെമൂലയെയും ഇരുപതോളം വിദ്യാര്‍ഥികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു

#JusticeForRohith എന്ന ഹാഷ്ടാഗില്‍ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയിലും ആരംഭിച്ചുകഴിഞ്ഞു. അനിര്‍ബെന്‍ ഭട്ടാചാര്യ അടക്കമുള്ള വിദ്യാര്‍ഥി നേതാക്കള്‍ ഇതിനായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

രാധികാ വെമൂലയെയും ഇരുപതോളം വിദ്യാര്‍ഥികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ സ്ഥിതിഗതികള്‍ വീണ്ടും സംഘര്‍ഷത്തിലേക്ക്. രോഹിത് വെമൂലയുടെ അനുസ്മരണാര്‍ത്ഥം ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധപ്രകടനത്തിനിടെയാണ് പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.

രോഹിത് വെമൂലയുടെ അമ്മ രാധികയെയും ഇരുപതോളം വിദ്യാര്‍ഥികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സമരക്കാരെ അകത്തേക്കും പുറത്തേക്കും വിടാതെ പോലീസ് തടഞ്ഞതാണ് വൈകിട്ട് നാലരയോടെ കാര്യങ്ങള്‍ വഷളാക്കിയത്.


രാവിലെ കോളേജ് ക്യാമ്പസില്‍ ആരംഭിച്ച പ്രതിഷേധം വൈകുന്നേരം വരെ സമാധാനപരമായി നീങ്ങിയിരുന്നു. വൈകുന്നേരം നാലരയോടെ ക്യാമ്പസ് ഗേറ്റിനരികിലെത്തിയ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയതോടെയാണ് രംഗം അസ്വസ്ഥതയിലേക്ക് നീങ്ങിയത്. പൊലീസ് ഇവരെ അകത്തേക്കു കടത്തിവിടുന്നതില്‍ നിന്നും തടഞ്ഞതു സംഘര്‍ഷത്തിനിടയാക്കി.

അതിനിടെ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ രോഹിത് വെമൂലയുടെ അമ്മ രാധികയും മറ്റു ഇരുപത് പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു അജ്ഞാതമായ സ്ഥലത്തേക്ക് കൊണ്ടുപോകുന്നു എന്ന വാര്‍ത്തകളും വന്നു.

സമരത്തില്‍ പങ്കെടുക്കുന്ന ശിവ സായിറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വാര്‍ത്തകളില്‍ പ്രചരിച്ചത്. സമരം നടക്കുന്ന ക്യാമ്പസിലേക്ക് മാധ്യമ പ്രവര്‍ത്തകരെയടക്കം പുറത്തു നിന്നുള്ള ആരെയും പ്രവേശിപ്പിച്ചിട്ടില്ല. സമരത്തിന്റെ വിശദാംശങ്ങള്‍ പുറംലോകത്തേക്ക് എത്താതിരിക്കാനായി സര്‍വകലാശാല സ്വീകരിച്ച നടപടിയുടെ ഭാഗമായിട്ടാണ് ഈ വിലക്ക്.അടുത്തു തന്നെ ഗച്ചിബോവ്ളി പോലീസ് സ്റ്റേഷന്‍ ഉണ്ടായിരുന്നിട്ടും രാധിക വെമൂലയെയും 20 വിദ്യാര്‍ഥികളെയും വിദൂരത്തെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റാനുള്ള പോലീസ് നീക്കത്തിലും ദുരുഹത ഉയരുന്നു.

അഡ്വ: ഭീം റാവു കേസിന്റെ വിശദാംശങ്ങള്‍ അറിയാനായി ഗച്ചിബോവ്ളി പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും കസ്റ്റഡിയില്‍ എടുത്തവരുടെ പേരില്‍ അറസ്റ്റ് രേഖപ്പെടുത്തും എന്നായിരുന്നു പോലീസിന്റെ ഭീഷണി എന്ന് സമരക്കാര്‍ അറിയിച്ചു.

കഴിഞ്ഞ വര്ഷം ഇത് പോലെയുള്ള തന്ത്രങ്ങള്‍ സമരം പൊളിക്കാനായി പോലീസ് സ്വീകരിച്ചിരുന്നതും സമരക്കാരെ പ്രതിനിധീകരിച്ചു ശിവ സായിറാം ഓര്‍മ്മിപ്പിക്കുന്നു.

അറസ്റ്റ് ചെയ്ത രാധികയെയും വിദ്യാര്‍ഥികളെയും മോചിപ്പിക്കാതെ ക്യാമ്പസ് വിട്ടുപുറത്തുപോകില്ല എന്ന സമരക്കാരുടെ നിലപാടിനെ നേരിടാന്‍ ഗേറ്റിന് പുറത്തു വന്‍പോലീസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്. സമരക്കാരും പോലീസും ക്യാമ്പസ് ഗേറ്റിന് ചുറ്റും നിലയുറപ്പിച്ചിരിക്കുകയാണ്.

#JusticeForRohith എന്ന ഹാഷ്ടാഗില്‍ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയിലും ആരംഭിച്ചുകഴിഞ്ഞു. അനിര്‍ബെന്‍ ഭട്ടാചാര്യ അടക്കമുള്ള വിദ്യാര്‍ഥി നേതാക്കള്‍ ഇതിനായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

Read More >>