ഇന്ന് പള്‍സ് പോളിയോ ദിനം

അഞ്ചുവയസ്സിനു താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും തുള്ളിമരുന്ന് നൽകണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് പള്‍സ് പോളിയോ ദിനം

ജനുവരി-29 ഞായര്‍, ഏപ്രില്‍-രണ്ട് ഞായര്‍ എന്നീ ദിവസങ്ങളിലായി രണ്ടു ഘട്ടങ്ങള്‍ ഉള്ള പള്‍സ് പോളിയോ ദിനം ആചരിക്കുന്നു. അഞ്ചുവയസ്സിനു താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും തുള്ളിമരുന്ന് നൽകണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, എല്ലാ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകള്‍, ബസ്‌ സ്റ്റാന്‍ഡ് സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് പോളിയോ ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്.


രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ കേരളം സാമൂഹികക്ഷേമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ, സാക്ഷരതാ മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി, ലയണ്‍സ്, റെഡ് ക്രോസ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് വിവിധ ജില്ലകളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ വച്ച് തുള്ളിമരുന്ന് നൽകിക്കൊണ്ട് രാഷ്‌ട്രപതി പ്രണബ് മുഖർജി പോളിയോ പ്രതിരോധ പരിപാടിയ്ക്ക് ശനിയാഴ്ച്ച തുടക്കം കുറിച്ചു

സംസ്ഥാനത്തെ 26,16,163 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. ഇതിനായി 21,371 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും തയ്യാറായിട്ടുണ്ട്. സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ എട്ട് മണിക്ക് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും.