'പുലിമുരുക'നും അന്തിമലിസ്റ്റിൽ! എസ്എഫ്‌ഐക്കാര്‍ വരെ അംഗങ്ങൾ; കെഎസ്‌യു അംഗത്വവിതരണം കുളം

എസ്എഫ്‌ഐ രണ്ട് രൂപയ്ക്ക് മെംബര്‍ഷിപ്പു നല്‍കുമ്പോഴാണ് 50 രൂപ ഫീസ് വാങ്ങിയുള്ള കെഎസ്‌യുവിന്റെ അംഗത്വവിതരണം. കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ക്കെതിരെയുള്ള വിദ്യാര്‍ത്ഥി സമരത്തിന് നേതൃത്വം നല്‍കേണ്ട സമയത്ത് മെംബര്‍ഷിപ്പും സംഘടനാ തെരഞ്ഞെടുപ്പും സങ്കീര്‍ണമാക്കി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുകയാണ് ദേശീയ നേതൃത്വമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് കൂച്ചുവിലങ്ങിടാന്‍ കാരണക്കാരനായ ജെ എം ലിംഗ്‌ദോയുടെ കമ്പനിയെ ആണ് മെംബര്‍ഷിപ്പിന്റെ ചുമതല ഏല്‍പ്പിച്ചതെന്നും മുന്‍ഭാരവാഹികള്‍ ആരോപിക്കുന്നു.

വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യുവില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായുള്ള അംഗത്വ വിതരണമാണ് ഇപ്പോള്‍ കുളമായത്. മുന്‍ ഭാരവാഹികളുള്‍പ്പെടെ കെഎസ്‌യു പ്രവര്‍ത്തകരില്‍ ചിലര്‍ മെംബര്‍ഷിപ്പിന് അപേക്ഷിച്ചെങ്കിലും അവ തള്ളുകയായിരുന്നു. കെഎസ്‌യു തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടേയും ആലപ്പുഴ ജില്ലയിലെ മുന്‍ വൈസ് പ്രസിഡന്റിന്റേയും അപേക്ഷ വരെ ഇങ്ങനെ തള്ളിയവയില്‍ ഉള്‍പ്പെടുന്നു.

അതേ സമയം മോഹന്‍ലാല്‍ നായകനായ സിനിമ ' പുലിമുരുകന്റെ' പേരിൽ പോലും വരെ ആരോ കെ എസ് യു അംഗമായിട്ടുണ്ട്.  കൊല്ലം ജില്ലയിൽ നിന്നുള്ള കെ എസ് യു അംഗമാണ് ഇപ്പോൾ 'പുലിമുരുകൻ'! എസ്എഫ്‌ഐ പ്രവര്‍ത്തകരും എന്‍എസ്‌യു പുറത്തുവിട്ട അംഗങ്ങളുടെ അന്തിമപട്ടികയിലുണ്ട്. ആറു മാസത്തിനകം സംഘടനാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിറയെ പൊരുത്തക്കേടുള്ള അംഗത്വപട്ടിക പുറത്ത് വന്നിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് 2016 ആഗസ്റ്റിലാണ് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം പിരിച്ചുവിട്ടത്. എന്‍എസ്‌യു നേതൃത്വത്തോട് ആലോചിക്കാതെയാണ് കെഎസ്‌യു ഭാരവാഹികളെ നിശ്ചയിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.


[caption id="attachment_76654" align="alignleft" width="357"] പുലിമുരുകൻ കെഎസ് യു പട്ടികയിൽ[/caption]

കേരളത്തിലെ ക്യാംപസുകളില്‍ രാഷ്ട്രീയം ഇല്ലാതാക്കുന്നതില്‍ പങ്കുവഹിച്ച ജെ എം ലിംഗ്‌ദോയുടെ കമ്പനിയെ ആണ് മെംബര്‍ഷിപ്പ് നല്‍കുന്നതിനുള്ള ചുമതല ഏല്‍പ്പിച്ചതെന്ന് കെഎസ്‌യുവിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിമാരിലൊരാള്‍ നാരദാന്യൂസിനോട് പറഞ്ഞു. കേരളത്തിലെ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ മെംബര്‍ഷിപ്പ് വിതരണവും തെരഞ്ഞെടുപ്പും ഇത്തരമൊരു കമ്പനിയെ ഏല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ വഴിയും അല്ലാതെയും അംഗത്വത്തിനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ 50 രൂപയാണ് മെംബര്‍ഷിപ്പ് ഫീസ് നല്‍കേണ്ടത്. അല്ലാതെ അപേക്ഷിക്കുന്നവര്‍ക്ക് നൂറ് രൂപയും. മെംബര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങളും ഏറെ സങ്കീര്‍ണമാണെന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ നാരദാന്യൂസിനോട് പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത് മിസ്ഡ് കോള്‍ അടിച്ച് ഒടിപി നമ്പര്‍ രേഖപ്പെടുത്തിയാലേ നടപടിക്രമം പൂര്‍ത്തിയാകൂ. എങ്കിലും മെംബര്‍ഷിപ്പ് കിട്ടിയാല്‍ കിട്ടി എന്നാണ് അവസ്ഥ.

എസ്എഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകള്‍ രണ്ട് രൂപയ്ക്ക് മെംബര്‍ഷിപ്പ് നല്‍കുമ്പോഴാണ് 50 രൂപ ഫീസ് നല്‍കി കെഎസ്‌യുവില്‍ അംഗത്വം എടുക്കേണ്ട ഗതികേടെന്നു കൊല്ലം ജില്ലയില്‍ നിന്നുള്ള മുന്‍ ഭാരവാഹി പറഞ്ഞു. പ്രവര്‍ത്തകര്‍ മറ്റ് സംഘടനകളിലേക്കു കൊഴിഞ്ഞുപോയി തുടങ്ങി. ഈ സമയത്ത് മെംബര്‍ഷിപ്പും തെരഞ്ഞെടുപ്പും സങ്കീര്‍ണമാക്കി പ്രവര്‍ത്തകരുടെ ആത്മവീര്യം ചോര്‍ത്തുകയാണ് എന്‍എസ്‌യു ചെയ്യുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥി സംഘടനയിലൂടെ ഉയര്‍ന്നു വന്ന ഏ കെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ സംഘടനയെ മറന്നുപോയെന്നും കെഎസ്‌യു പ്രവര്‍ത്തകര്‍ക്കിടയില്‍ പരാതി ഉയരുന്നുണ്ട്.

കെഎസ്‌യു ഭരണഘടനയില്‍ എന്‍എസ്‌യു ഇടപെടുന്നതിനേയും കെഎസ്‌യുവില്‍ ഒരു വിഭാഗം ചോദ്യം ചെയ്യുന്നു. ബംഗാളിലെ ഛത്ര പരിഷത്തും കേരളത്തില്‍ കെഎസ്‌യുവും സ്വന്തമായ ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. എന്നാല്‍ കെഎസ്‌യു ഭരണഘടന ഭേദഗതി ചെയ്ത് എന്‍എസ്‌യുവിന്റെ കീഴിലാക്കിയെന്നാണ് ദേശീയ നേതൃത്വം പറയുന്നത്. കേരളത്തില്‍ പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയ്ക്ക് പകരം പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, റോജി എം ജോണ്‍ എന്നിവരടങ്ങുന്ന അഡ്‌ഹോക്ക് കമ്മിറ്റിയ്ക്കാണ് ഇപ്പോൾ ചുമതല.

Read More >>