കൊച്ചി മെട്രോ നഗരത്തില്‍ ലിജിയുടെ പുലയസ്ത്രീ ജീവിതം; എപ്പോഴും കയ്യിലുണ്ട് കളക്ടര്‍ സാക്ഷ്യപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ്

കൊച്ചി നഗരത്തില്‍ ആത്മഹത്യാക്കുറിപ്പെഴുതി, അതില്‍ കളക്ടറുടെ ഒപ്പും വാങ്ങി ഒരു പുലയയുവതി പോരാടുന്നു. 'എന്റെ പൂര്‍വ്വിക അപ്പൂപ്പന്‍ അയ്യങ്കാളിയോടുള്ള അവഗണനയും നിന്ദയും ബഹുമാനപ്പെട്ട ഹൈക്കോടതി തെളിയിച്ചിരിക്കുന്നു'- എപ്പോഴും കയ്യില്‍ കൊണ്ടുനടക്കുന്ന ആത്മഹത്യാക്കുറിപ്പില്‍ ലിജി പറയുന്നു. രോഹിത് വെമുലയുടെ ആത്മഹത്യാക്കുറിപ്പിനെ ഓര്‍മ്മിപ്പിക്കുന്നത്.... ജിഷ എഴുതാതെ പോയത്...

കൊച്ചി മെട്രോ നഗരത്തില്‍ ലിജിയുടെ  പുലയസ്ത്രീ ജീവിതം; എപ്പോഴും കയ്യിലുണ്ട് കളക്ടര്‍ സാക്ഷ്യപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ്

പുലയാടി മക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ

(പി.എന്‍.ആര്‍. കുറുപ്പിന്റെ പുലയാടി മക്കള്‍ എന്ന കവിതയില്‍ നിന്ന് )

മെട്രോ റെയിലിനായി ഒരുങ്ങുന്ന കവാടവും ലൂലുമാളുമെല്ലാം കൈയെത്തും ദൂരത്ത്. എറണാകുളത്തെ അംബര ചുംബികളായ കെട്ടിടങ്ങളുടെ തൊട്ടു താഴെയിരുന്ന് ഞങ്ങള്‍ ജാതിയെ കുറിച്ചു സംസാരിച്ചു. കോടികള്‍ ചെലവഴിച്ചു പണി തീര്‍ത്ത ഇടപ്പള്ളി പള്ളിയുടെ പച്ചപ്പുല്ലില്‍ ഇരുന്നു സികെ ലിജിമോള്‍ തന്റെ ജീവിതം പറഞ്ഞു.

പുലയന്റെ വീട്ടില്‍ പിറന്നതു കൊണ്ട് രായ്ക്കുരാമാനം നാടുവിടേണ്ടിവന്ന കഥ. ജാതിപ്പേരും കയ്യേറ്റവും സഹിക്കേണ്ടി വന്ന കഥ. തല ചായ്ക്കാന്‍ ഒരു ഇടത്തിനു വേണ്ടി തെണ്ടിയ കഥ.

മാറു മറയ്ക്കാനും അമ്പലത്തില്‍ കയറാനും പുലയന്‍ സമരം നടത്തിയ നാട്ടില്‍, വികസനത്തിന്റെ അങ്ങേയറ്റത്തെന്ന് അഭിമാനം കൊള്ളുന്ന നാട്ടില്‍ ഒരു സാധുസ്ത്രീ കൈകള്‍ കൂപ്പി, കണ്ണുകള്‍ നിറച്ചു നീതിക്കു വേണ്ടി യാചിക്കുന്നു.

ഭരണകൂടവും നീതിയും പൊലീസ് സംവിധാനങ്ങളുമെല്ലാം എതിരായിരുന്നിട്ടും ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്നു - എനിക്കു നീതി കിട്ടണം. ജാതിയുടെ പേരില്‍ അധിക്ഷേപിക്കാനും കയ്യേറ്റം ചെയ്യാനും മാറ്റി നിര്‍ത്താനും നിങ്ങള്‍ക്ക് അധികാരമില്ല. നീതിപീഠം മുഖം തിരിച്ചിട്ടും ലിജിമോള്‍ പോരാട്ടം അവസാനിപ്പിക്കുന്നില്ല.

ജാതിപ്പേര് വിളിക്കുകയും അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ മുഖ്യമന്ത്രി പുനരന്വേഷണത്തിനു ഉത്തരവിട്ടതാണ് ഏക ആശ്വാസം.പുലയര്‍ മാറ്റി നിര്‍ത്തപ്പേടേണ്ടവരാണോ...?


കുഞ്ഞിലേ മുതല്‍ പുലയ സമുദായത്തില്‍ ജനിച്ചു എന്ന കാരണത്താല്‍ അധിക്ഷേപവും കളിയാക്കലും കേള്‍ക്കേണ്ടി വന്നവളാണ് ഞാന്‍.

അമ്മയും അച്ഛനും ചെറുപ്പത്തിലേ വേര്‍പിരിഞ്ഞതിനാല്‍ ആറാം ക്ലാസു വരെയെ എനിക്കു പഠിക്കാന്‍ സാധിച്ചിട്ടുള്ളു. പതിനൊന്നാമത്തെ വയസു മുതല്‍ വീട്ടു ജോലിയായിരുന്നു. പാലച്ചുവട് മണ്ണാടി അമ്പലത്തില്‍ എന്റെ കുട്ടിക്കാലത്തു താഴ്ന്ന ജാതിയില്‍പ്പെട്ടവരെ തൊഴാന്‍ അനുവദിച്ചിരുന്നില്ല. മലരും പ്രസാദവും ഒക്കെ സവര്‍ണരെ പോലെ വാങ്ങണമെന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. മക്കളേ, അമ്പലത്തിന്റെ പുറത്തു നിന്നു തൊഴണം അകത്തു കയറരുതെന്ന് അമ്മ മിക്കപ്പോഴും പറയും. മുതിര്‍ന്നപ്പോള്‍ ആ അമ്പലത്തില്‍ നിന്നുള്ള അനുഗ്രഹം വേണ്ടെന്നു വയ്ക്കുകയാണ് ഞാന്‍ ആദ്യം ചെയ്തത്.

എന്റെ അയല്‍പക്കത്ത് ഒരു നായര്‍ കുടുംബം താമസിച്ചിരുന്നു. എന്റെ കൂട്ടുകാരി എന്റെ അമ്മയെ പേരാണ് വിളിക്കുന്നത്. അത് എന്തു കൊണ്ടാണെന്നു ഞാന്‍ അമ്മയോടു പലപ്പോഴും ചോദിച്ചിട്ടുണ്ട്. നമ്മള് ജാതിയില് താഴ്ന്നതു കൊണ്ടാണെന്ന് അമ്മ പറഞ്ഞു. ഒരു ദിവസം അവളുടെ അമ്മയെ ഞാനങ്ങ് ഗിരിജേയെന്നു വിളിച്ചു. എന്റെ അമ്മയെ അവള്‍ക്കു പേരു വിളിക്കാമെങ്കില്‍ അവളുടെ അമ്മയെ ഞാനും പേരു വിളിക്കണമല്ലോ.

ഒരു തേങ്ങ കടം വാങ്ങിയതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന മാനസികവ്യഥകള്‍


സ്വന്തമായി വീടില്ലാത്തതിനാല്‍ തൈപ്പറമ്പില്‍ ടി.ടി ജോണ്‍സന്റെ പഴയ ചായ്പ്പിലാണു ഞാന്‍ വാടകയ്ക്കു താമസിച്ചിരുന്നത്. 5000 രൂപ അഡ്വാന്‍സും 1500 രൂപയുമായിരുന്നു വാടക. വാടകച്ചീട്ട് എഴുതുന്ന പതിവ് ഇല്ലെന്നു പറഞ്ഞു വാടകച്ചീട്ട് എഴുതി തന്നതുമില്ല. അവരുടെ പഴയ പശുത്തൊഴുത്തായിരുന്നു അത്. അവിടെ വന്നു കിടക്കണമെങ്കില്‍ എന്റെ ഗതികേട് ഒന്നു ആലോചിച്ചു നോക്കൂ... ഇടതടവില്ലാത്ത കണ്ണുനീരിനിടെ ലിജിമോള്‍ പറയുന്നു.

2015 ഡിസംബര്‍ 20-ാം തീയതി കറി വയ്ക്കാന്‍ ഒരു തേങ്ങ വാങ്ങിയതു മുതലാണു പ്രശ്നങ്ങള്‍ വഷളാകുന്നത്. രാത്രി 11 മണിയോടെ ജോണ്‍സന്റെ ഭാര്യ സിനിചേച്ചി ഫോണില്‍ വിളിച്ച് തേങ്ങ ഇപ്പോള്‍ തന്നെ തരണമെന്നു പറയുകയായിരുന്നു. നേരം വെളുക്കട്ടെ ചേച്ചിയെന്നു ഞാന്‍ പറഞ്ഞുവെങ്കിലും കൂട്ടാക്കാന്‍ അവര്‍ തയ്യാറായില്ല. വീടിന്റെ മുന്‍പില്‍ വന്നു ജോണ്‍സണ്‍ തെറി വിളിയായി. പുലക്കള്ളി നീ എന്റെ തേങ്ങ കണ്ടിട്ടാണോടി ഇവിടെ താമസിക്കാന്‍ വന്നതെന്ന് അയാള്‍ ആക്രോശിച്ചു.

[caption id="attachment_71300" align="aligncenter" width="472"]
കളക്ടര്‍ സ്വന്തം കൈപ്പടയില്‍ ശുപാര്‍ശ എഴുതി ഓഫീസ് സീല്‍ വച്ച് സാക്ഷ്യപ്പെടുത്തിയ ലിജിയുടെ ആത്മഹത്യാക്കുറിപ്പ്[/caption]

തേങ്ങ കൊടുത്തതിന് ഭാര്യയെ അയാള്‍ മര്‍ദ്ദിക്കാനും തുടങ്ങി. ഗത്യന്തരമില്ലാതെ തൊട്ടപ്പുറത്തു പെട്ടിക്കട നടത്തുന്ന ചേച്ചിയെ വീട്ടില്‍ ചെന്നു വിളിച്ചുണര്‍ത്തി തേങ്ങ വാങ്ങി തിരിച്ചു കൊടുത്തു. എന്നിട്ടും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. എന്നെ കാണുമ്പോള്‍ കാര്‍ക്കിച്ചു തുപ്പലും ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കലും പതിവായി. ജോണ്‍സന്റെ വീട്ടില്‍ വാടകയ്ക്കു വരുന്നവരെ ഇയാള്‍ അധിക്ഷേപിച്ചു പറഞ്ഞയ്ക്കുന്നതും അഡ്വാന്‍സ് തിരികെ കൊടുക്കാത്തതും പതിവാണെന്നും നാട്ടുകാരും പറഞ്ഞിരുന്നു.

'പുലക്കള്ളിയുടെ ചോറ് വാങ്ങി തിന്നുന്നു നാണം കെട്ടവര്‍'


ഓശാന ഞായറാഴ്ചയുടെ തലേദിവസം അയല്‍പക്കത്തെ വീട്ടില്‍ കൊഴുക്കട്ട ഉണ്ടാക്കാന്‍ സഹായിക്കാന്‍ ചെന്നപ്പോള്‍ അയാള്‍ അവിടെ കയറി വന്നു. ഈ പെലക്കള്ളിയോട് നിന്റെ ഭാര്യ സംസാരിച്ചതിനാല്‍ വാടക കൂട്ടി തരണമെന്ന് അയാളുടെ വാടക വീട്ടില്‍ താമസിക്കുന്ന ബിജുവിനോടും ഷെറിനോടും അയാള്‍ പറഞ്ഞു.

എടി പുലക്കള്ളി നീ ഞങ്ങളുടെ തേങ്ങ കണ്ടിട്ടാണോ ഇങ്ങോട്ടു ജീവിക്കാന്‍ വന്നത്. ഇവിടെ അങ്ങനെ പലതും കാണും. ഇനി മേലാല്‍ എന്റെ വീടിനകത്തു കയറി പോകരുതെന്നും പറഞ്ഞു. പെരയ്ക്കകത്ത് കയറ്റാന്‍ കൊള്ളില്ലെന്നും അയാള്‍ പറഞ്ഞു. ഇവളെയൊക്കെ ഇറക്കി വിട്ടു ചാണകവെള്ളം തളിയ്ക്കണം എന്നൊക്കെ എന്നെ നോക്കി അയാള്‍ പറഞ്ഞു.

എന്നെ കാണുമ്പോള്‍ അയാള്‍ കാര്‍ക്കിച്ചു തുപ്പും. ഒരിക്കല്‍ ബിജുവിനും ഷെറിനും ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കി കൊടുക്കാന്‍ ചെന്നപ്പോള്‍ പുലക്കള്ളിയുടെ ചോറു വാങ്ങി തിന്നുന്ന നാണം കെട്ടവര്‍ എന്ന് എന്റെ മുന്‍പില്‍ വച്ചു അവരോടു പറഞ്ഞത് ഭയങ്കര സങ്കടമായി.

നഗ്നതാപ്രദര്‍ശനവും കണ്ണാടി പ്രയോഗവും

ജോണ്‍സന്റെ വീടിന്റെ പരിസരത്തു തന്നെയാണ് ഞങ്ങള്‍ രണ്ടു കുടുംബവും വാടകയ്ക്കു താമസിക്കുന്നത്. നൂല്‍ ബന്ധമില്ലാതെ അയാളുടെ പറമ്പില്‍ നിന്ന് അയാള്‍ കുളിക്കും. കുളിക്കാനും നനയ്ക്കാനും പോയാല്‍ അയാള്‍ ഒളിഞ്ഞു നോക്കും.

ഒരിക്കല്‍ ഞാന്‍ ഇതു കണ്ടു പിടിച്ചതോടെ ഇയാള്‍ക്ക് എന്നോടുള്ള വൈരാഗ്യം വര്‍ദ്ധിച്ചു. ഞാന്‍ തുണി അലക്കുമ്പോഴും മറ്റും ഇയാള്‍ മുറ്റത്തു നിന്നു കണ്ണാടി പിടിച്ചു നോക്കും. ലൈംഗിക ചുവയോടുള്ള സംസാരവും പ്രവര്‍ത്തനങ്ങളും എന്നെ മാനസികമായി തളര്‍ത്തി. ഭര്‍ത്താവിനോട് ഇത്തരം കാര്യങ്ങള്‍ പറഞ്ഞാല്‍ വഴക്കുണ്ടാകുമെന്നു പേടിച്ച് എനിക്ക് ഒന്നും പുറത്തുപറയാനും കഴിഞ്ഞില്ല.

നമുക്കു വീടിനകത്ത് ബാത്ത്റൂം ഉള്ള ഒരു വീടു നോക്കണമെന്നു ഞാന്‍ ഭര്‍ത്താവ് വിനോദിനോടു പറയുമായിരുന്നു. ചെറുതെങ്കിലും 1500 രൂപയല്ലേയുള്ളൂ വാടകയെന്നു ഭര്‍ത്താവ് എന്നോടു പറയും. ഒരിക്കല്‍ വീട്ടില്‍ കയറി എന്നെ കയ്യേറ്റം ചെയ്യുകയും ഭര്‍ത്താവിനെയും ഉപദ്രവിക്കുകയും ചെയ്തു. ഭര്‍ത്താവ് വീട്ടില്‍ ഉണ്ടാകില്ലെന്ന ധാരണയില്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന് എന്നെ കയറി പിടിക്കുകയായിരുന്നു. തുടര്‍ന്നു ഭര്‍ത്താവുമായി മല്‍പ്പിടുത്തം ഉണ്ടായി. ക്രൂരമായ മര്‍ദ്ദനത്തിനു ഞങ്ങള്‍ ഇരുവരും വിധേയരായി. നിന്റെ ഭര്‍ത്താവിനെ ഇരുട്ടടി അടിക്കുമെന്നും ടെറസില്‍ നിന്നു വീണൊടിഞ്ഞ കാലിനു പുറമേ മറ്റേ കാലും കൂടി തല്ലിയൊടിക്കുമെന്നും പലപ്പോഴും അയാള്‍ എന്നോടു പറയുമായിരുന്നു.

ഡിഎംആര്‍ഡിസിയില്‍ തൂപ്പു ജോലി ചെയ്താണു ഞാന്‍ കുടുംബം പുലര്‍ത്തുന്നത്. ഭര്‍ത്താവ് പ്രൈവറ്റ് ബസില്‍ കണ്ടക്റ്ററാണ്. 14 വയസുള്ള മകളുടെ സുരക്ഷിതത്വം പേടിച്ച് ഒരു മഠത്തില്‍ നിര്‍ത്തിയാണു പഠിപ്പിക്കുന്നത്. പെട്ടെന്ന് ഒരു വാടക വീടു കിട്ടുക എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല.

കുടിവെള്ളം നിഷേധിച്ചും ഗേറ്റ് പൂട്ടിയിട്ടും പീഡനം


കുടിക്കാന്‍ വാട്ടര്‍ അഥോറിറ്റിയുടെ സൗജന്യ കുടിവെള്ള കണക്ഷന്‍ ഞങ്ങള്‍ എടുത്തിരുന്നു ആക്‌സോ ബ്ലേഡ് ഉപയോഗിച്ചു പൈപ്പ് മുറിച്ചു ഞങ്ങള്‍ക്കു കുടിവെള്ളം നിഷേധിച്ചു. വൈകിട്ട് പുറത്തു പോയി വന്നപ്പോള്‍ ഗേറ്റ് അടച്ചു കുറ്റിയിട്ടു. നാട്ടുകാര്‍ ഇടപെട്ടാണ് തുറപ്പിച്ചത്.

നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഏലൂര്‍ പൊലീസെത്തി. എന്നിട്ടും പീഡനം തുടര്‍ന്നു. രാവിലെ ഇവിടെ നിന്ന് ഇറങ്ങിയില്ലെങ്കില്‍ വീട്ടുസാധനങ്ങള്‍ വാരി പുറത്തിടുമെന്നും അയാള്‍ പറഞ്ഞു. ടോയ്‌ലെറ്റിന്റെ രണ്ടു വാതിലുകളും അയാള്‍ ഊരിമാറ്റി. പൊലീസെത്തി ഈ രണ്ടു വാതിലുകളും തിരിച്ചു വയ്പ്പിക്കുകയായിരുന്നു.


ഒത്തുതീര്‍പ്പാക്കുന്നതാണു നല്ലതെന്ന് എസ്‌ഐയുടെ ഉപദേശം


വിദ്യാഭ്യാസമില്ലെങ്കിലും ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിക്കുന്നതു ഗുരുതരമായ കുറ്റമാണെന്ന് എനിക്കറിയാം. ഏലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ഒരു പരാതി കൊടുത്തു. എന്നാല്‍ അവിടുത്തെ എസ്‌ഐ സുജിത്ത് സാര്‍ എന്നോടു പറഞ്ഞതു ലിജി ഇത്തരമൊരു കേസ് കൊടുക്കണോ, ആ മാഡത്തിനൊക്കെ വലിയ സ്വാധീനമുണ്ട്, ഒത്തുതീര്‍പ്പാക്കുന്നതാവും നല്ലത് എന്നാണ്.

ഏപ്രില്‍ 04. 2016 ലാണ് ഞാന്‍ പരാതി കൊടുത്തത്. ഞാന്‍ അവരോടു സംസാരിക്കാം ലിജി. ഇനി ജാതിപ്പേരു വിളിക്കാതെയും കളിയാക്കാതെയും ഞാന്‍ നോക്കിക്കൊള്ളാമെന്നാണ് എസ്‌ഐ പറഞ്ഞത്. രണ്ടു ദിവസം കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നപ്പോള്‍ ഞാന്‍ വീണ്ടും സ്‌റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ വീണ്ടും ഒരു പരാതി എഴുതി നല്‍കാന്‍ പറഞ്ഞതനുസരിച്ച് ഏപ്രില്‍ ആറാം തീയതി വീണ്ടും പരാതി എഴുതി നല്‍കി.

പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ക്കു നേരേയുള്ള പരാതികള്‍ അസി. കമ്മീഷണര്‍ എസ് വിജയന്‍ സാറാണ് നോക്കുന്നതെന്ന് എസ്‌ഐ പറഞ്ഞതനുസരിച്ചു ഞാന്‍ സാറിനെ കണ്ടു പരാതി നല്‍കി. ഞാന്‍ പരാതി നല്‍കിയപ്പോള്‍ ജോണ്‍സണ്‍ ഒളിവില്‍ പോകുകയും ചെയ്തു.

നിങ്ങള്‍ വാടകയ്ക്കു താമസിക്കുന്നതു കൊണ്ടല്ലേ അയാള്‍ ജാതിപ്പേര് വിളിച്ചു ശല്യം ചെയ്യുന്നതെന്ന് അസി. കമ്മീഷണര്‍


ഞാന്‍ പറ്റിക്കപ്പെടുകയായിരുന്നു. എലൂര്‍ എസ്‌ഐയും അസി. കമ്മീഷണര്‍ എസ് വിജയനും വക്കീലുമാരും ചേര്‍ന്ന് എന്നെ പറ്റിക്കുകയായിരുന്നു. ഞാന്‍ സമുദായപരമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കമാണെന്നു മനസിലാക്കിയ അവര്‍ എന്നെ മുതലെടുക്കുകയായിരുന്നു.

നിങ്ങള്‍ വാടകയ്ക്കു താമസിക്കുന്നതു കൊണ്ടല്ലേ അയാള്‍ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുന്നത്? എത്രയും പെട്ടെന്നു വീടു മാറണമെന്നാണ് അസി. കമ്മീഷണര്‍ എന്നോടു പറഞ്ഞത്. ഒളിവില്‍ പോയ പ്രതിയെ അസി. കമ്മീഷണറുടെ ഓഫീസില്‍ വച്ചാണ് ഞാന്‍ പിന്നീടു കണ്ടത്.

ഒത്തുതീര്‍പ്പിന് അവര്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ വഴങ്ങിയില്ല. ഞാന്‍ നല്‍കിയ പരാതിയില്‍ നടപടി എടുക്കാതെ, എന്റെ മൊഴി രേഖപ്പെടുത്താതെ എന്നെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി എന്തൊക്കെയോ പേപ്പറുകളില്‍ ഒപ്പിടുവിച്ചു. എതിര്‍ കക്ഷിയെ സഹായിക്കുന്ന നിലപാടുകളാണു പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്.ജൂലൈ 21൹ ലഭിച്ച സമന്‍സിന്റെ അടിസ്ഥാനത്തില്‍ ആലുവ കോടതിയില്‍ ഹാജരായപ്പോള്‍ ലിജി ഉന്നയിച്ച കാര്യങ്ങള്‍ പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ടോയെന്നു ജഡ്ജി എടുത്തു ചോദിക്കുകയും ചെയ്തിരുന്നു. സാമ്പത്തികമില്ലാത്തതിനാല്‍ സൗജന്യ വക്കീലിനെയാണു കെല്‍സ വഴി ഏര്‍പ്പാടാക്കി തന്നത്. ബാഹ്യ ഇടപെടലുകള്‍ക്ക് അവരും വിധേയയാക്കപ്പെട്ടു. വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും അതു ഹാജരാക്കാന്‍ പൊലീസ് ശ്രമിച്ചില്ല. ഞാന്‍ പരാതി നല്‍കാന്‍ കാലതാമസം കാണിച്ചുവെന്നും വ്യക്തമായ സാക്ഷികളോ സാഹചര്യത്തെളിവുകളോ ഇല്ലെന്നും അവര്‍ കോടതിയില്‍ സമര്‍ത്ഥിച്ചു. ഹൈക്കോടതി കേസ് തള്ളി.

ആത്മഹത്യാക്കുറിപ്പില്‍ കളക്ടറുടെ സീല്‍


മരണമല്ലാതെ എന്റെ മുന്‍പില്‍ വേറേ വഴികള്‍ ഇല്ലായിരുന്നു. മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രി ഏകെ ബാലനും ഞാന്‍ പരാതി നല്‍കി. മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതാണ് ഏക ആശ്വാസം.

വിശദമായ പരാതിയോടൊപ്പം ആത്മഹത്യാക്കുറിപ്പ് എഴുതിയാണ് എറണാകുളം ജില്ലാ കളക്ടര്‍ കെ മുഹമ്മദ് സഫീറുള്ളയ്ക്ക് സമര്‍പ്പിച്ചത്. അദ്ദേഹം എന്റെ ആത്മഹത്യാക്കുറിപ്പില്‍ സീല്‍ പതിപ്പിച്ച ശേഷം ഐജിക്ക് കൊണ്ടു പോയി കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ ഐജിയുടെ ഓഫീസില്‍ എത്തിയപ്പോള്‍ ഹൈക്കോടതി തള്ളിയ കേസില്‍ കളക്ടറും ഐജിയും എന്തു ചെയ്യാനാണെന്നു പറഞ്ഞ് ഐജിയുടെ ഓഫീസ് ജീവനക്കാര്‍ എന്നെ പരിഹസിച്ചു.

ജാതിയുടെ പേരില്‍ ആരും അധിക്ഷേപിക്കപ്പെടരുത്


ശല്യം സഹിക്കാതെ വാടക വീടു മാറി. എന്നാല്‍ കേസു കൊടുത്തു എന്ന പേരില്‍ മുന്‍കൂര്‍ തുക തിരിച്ചു കിട്ടിയതുമില്ല. 5000രൂപ എനിക്കു വലിയ തുകയാണ്. പൊലീസ് സ്‌റ്റേഷനിലതു പരാതിപ്പെട്ടപ്പോള്‍ കേസ് പിന്‍വലിച്ചാലേ കാശു കൊടുക്കൂ എന്നായി.

എത്ര നാളായി പൊലീസ് സ്‌റ്റേഷനും കോടതിയും കയറി നടക്കാന്‍ തുടങ്ങിയിട്ട്. ഒരു കൈതാങ്ങായതു പട്ടികജാതി വികസന വകുപ്പ് നഷ്ടപരിഹാരമെന്ന നിലയില്‍ എനിക്ക് 75000 രൂപ സഹായധനം അനുവദിച്ചപ്പോഴാണ്.

എന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചവര്‍ സമൂഹത്തില്‍ സ്വസ്ഥമായി ജീവിക്കുകയാണ്. അവരെന്നെ പരിഹാസത്തോടെ ഇപ്പോഴും നോക്കുന്നു. എന്നെ കാണുമ്പോള്‍ കാര്‍ക്കിച്ചു തുപ്പുന്നു. എനിക്കു പണമല്ല, നീതിയാണു വേണ്ടത്. കളക്ടറെ കണ്ടു പരാതി പറഞ്ഞതിനു ശേഷമാണ് പട്ടികജാതി വകുപ്പില്‍ നിന്ന് എനിക്കു പണം ലഭിച്ചത്. ഇനിയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയാണു വേണ്ടത്. മാതൃകാപരമായി കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. കീഴ് ജാതിയെന്നും മേല്‍ജാതിയുടെ കീഴില്‍ കഴിയണമെന്നാണോ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും പറയുന്നത്? പുലയിയായതിന്റെ പേരില്‍ മാറ്റി നിര്‍ത്താനും അധിക്ഷേപിക്കാനും നിങ്ങള്‍ക്ക് അധികാരമില്ല. ജാതിയുടെ പേരില്‍ ഞാനെന്നല്ല, ആരും അപമാനിക്കപ്പെടുന്നത് സഹിക്കാനാവില്ല.

(ചിത്രങ്ങള്‍: പ്രതീഷ് രമ )

Read More >>