പച്ചയ്ക്ക് ഒരാളെ അടിച്ചുകൊന്നു; പ്രബുദ്ധദേശം അതു നോക്കിനിന്നു: ഒരു 'ജനകീയ കൊലപാതക'ത്തിന്റെ കഥ

പേപ്പട്ടിയെ കൊല്ലുന്നതിൽപ്പോലും നൈതികത ചർച്ചചെയ്യുന്ന കേരളനാടിന് ഒരു യുവാവിനെ തല്ലിക്കൊല്ലുകയും അയാളുടെ അവസാനനിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തി രസിക്കുകയും ചെയ്ത ആൾക്കൂട്ടം ചർച്ചയായില്ല! 'പൊതുശല്യം' തല്ലുകൊണ്ട് ചാവേണ്ടവനാണ് എന്ന മലയാളി പൊതുബോധത്തിന് അബ്ദുൾഖാദറിന്റെ ജീവനെടുക്കുന്നത് ക്യാമറയിലാക്കി കണ്ണൂരുകാർ അടിവരയിട്ടിരിക്കുന്നു. ഒരു 'ജനകീയ കൊലപാതക'ത്തിന്റെ ബാർബേറിയൻ കഥയുടെ ഉള്ളറകൾ നാരദാ ന്യൂസ് അന്വേഷിക്കുന്നു.

പച്ചയ്ക്ക് ഒരാളെ അടിച്ചുകൊന്നു; പ്രബുദ്ധദേശം അതു നോക്കിനിന്നു: ഒരു

ജനക്കൂട്ടം വിചാരണ നടത്തുകയും വിധിപറയുകയും അത് നടപ്പാക്കുകയും ചെയ്യുന്ന രീതി ജനാധിപത്യ സമൂഹത്തിന് ചേർന്നതോ? അല്ലെന്നാദ്യം വിളിച്ചുപറയുക മലയാളി തന്നെയാവും. എന്നിട്ടും, 'പൊതുശല്യം' എന്നു വിധിയെഴുതി മനോവൈകല്യങ്ങളും ചെറുകിട മോഷണങ്ങളും ഉള്ള ഒരു യുവാവിനെ തല്ലിക്കൊല്ലുകയും അയാളുടെ അവസാനനിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തി രസിക്കുകയും ചെയ്ത ആൾക്കൂട്ടം കേരളത്തിൽ ചർച്ചയായില്ല! രാഷ്ട്രീയകൊലപാതകങ്ങൾ ഒഴിച്ചുനിർത്തിയാൽ വലിയ മാനവമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരെന്നു അഭിമാനംകൊള്ളുന്ന കണ്ണൂരുകാരുടെ നാട്ടിൽ നിന്നുമാണ് 'ജനകീയ' കൊലപാതകത്തിന്റെ കഥ. 'പൊതുശല്യം' തല്ലുകൊണ്ട് ചാവേണ്ടവനാണ് എന്ന മലയാളി പൊതുബോധത്തിന് അബ്ദുൾഖാദറിന്റെ ജീവനെടുക്കുന്നത് ക്യാമറയിലാക്കി അവർ അടിവരയിട്ടിരിക്കുന്നു.


'ജനകീയ കൊലപാതകത്തിന്റെ' ബാർബേറിയൻ കഥ നാരദാ ന്യൂസ് അന്വേഷിക്കുന്നു.

നാട്ടുകൂട്ടം നടപ്പാക്കിയ കാട്ടുനീതി

കണ്ണൂർ പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ വായാട് ഗ്രൗണ്ടിന് സമീപത്താണ് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ബനിയനും ഒരു അടിവസ്ത്രവും അതിന് മുകളിൽ ഒരു തോർത്തും ധരിച്ചനിലയിൽ കാണപ്പെട്ട മൃതദേഹത്തിന്റെ ഇരുകാലുകളും കയർ കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കൈകളും കാലുകളും എല്ലാം അടിയേറ്റ് ഒടിഞ്ഞ നിലയിൽ ആയിരുന്നു. ശരീരമാസകലം മർദ്ദനത്തിന്റെ പാടുകൾ. രക്തം കട്ടപിടിച്ചുകിടക്കുന്ന ശരീരം.

ബക്കളം സ്വദേശി മൊട്ടന്റകത്ത് പുതിയ പുരയിൽ അബ്ദുൾ ഖാദർ ആണ് കൊല്ലപ്പെട്ടത്. കൊലപാതകി ആരാണെന്ന് അന്വേഷിക്കുന്നിടത്താണ് ഉത്തരം 'ജനക്കൂട്ടം' എന്ന് ലഭിക്കുന്നത്. സാമൂഹ്യവിരുദ്ധനും പൊതുശല്യവും കള്ളനുമായിരുന്ന ഒരാളെ നാട്ടുകാർ തല്ലിക്കൊന്നതാണത്രേ. അതുകൊണ്ടുതന്നെ പ്രത്യേക അന്വേഷണസംഘമോ അടിയന്തിര അന്വേഷണമോ ഇല്ല.

ചെറുകിട മോഷണങ്ങൾ നടത്തുക, മാനസിക വൈകൃതം പ്രകടിപ്പിക്കുന്ന രീതിയിൽ ഒളിഞ്ഞു നോട്ടമടക്കമുള്ള പ്രവൃത്തികളിൽ ഏർപ്പെടുക, ഭാര്യ വീട് സ്ഥിതി ചെയ്യുന്ന വായാട് പ്രദേശത്തേക്ക് വ്യാജസന്ദേശം നടത്തി ആംബുലൻസ്, ഫയർഫോഴ്‌സ്, ടാക്സി എന്നിവ വിളിച്ചു വരുത്തുക, വായാട് രാത്രി നിർത്തിയിടുന്ന ബസ്സുകൾ കല്ലെറിഞ്ഞും മറ്റും തകർക്കുക എന്നിവ ചെയ്തുവരുന്ന വ്യക്തിയായിരുന്നു അബ്ദുൾഖാദർ. മോഷണവുമായി ബന്ധപ്പെട്ട് പലതവണ പോലീസ് പിടികൂടിയിട്ടുണ്ട്. പലപ്പോഴും ജയിലിൽ കിടന്നു. ഈ ശല്യത്തിന് നാട്ടുകൂട്ടം എഴുതിയ വിധിയാണ് ഈ കൊലപാതകം!

തല്ലി വളർത്തി, തല്ലിക്കൊന്ന നാട്ടുകൂട്ടം

[caption id="attachment_76683" align="alignleft" width="172"]
അബ്ദുൾ ഖാദർ[/caption]

അബ്ദുൾഖാദർ എന്ന 'പൊതുശല്യത്തിനെ' അങ്ങനെയാക്കി തീർത്തതിന്റെ ഉത്തരവാദിത്തം പൊതുസമൂഹത്തിന് തന്നെയാണ്. ചെറുപ്പത്തിൽ തന്നെ പിതാവ് ഉപേക്ഷിച്ച് പോയ അബ്ദുൾഖാദറിനെ 'തല്ലിയാണ്' എല്ലാവരും വളർത്തിയത്. കൗമാരത്തിൽ നവദമ്പതിമാരുടെ കിടപ്പറകളിൽ ഒളിഞ്ഞുനോക്കി വൈകല്യം പ്രകടിപ്പിച്ചപ്പോൾ നാട്ടുകാർ മൊത്തത്തിൽ 'കൈവെക്കാൻ' തുടങ്ങി. കൂട്ടില്ല, സ്നേഹത്തോടെ പറഞ്ഞു നന്നാക്കാൻ ആളില്ല. തല്ലിയാൽ എല്ലാം ശരിയാകും എന്നായിരുന്നു നാട്ടുകാരുടെ ധാർമ്മിക തത്വം.

കൗമാരം താണ്ടും മുൻപേ മദ്യപാനം തുടങ്ങിയ അബ്ദുൾഖാദർ അതിനുവേണ്ടി മോഷണം തുടങ്ങി. ധർമ്മശാലയിലെ പെട്രോൾ പമ്പിൽ നിർത്തിയിടുന്ന ദീർഘദൂര ചരക്കുലോറികളിൽ നിന്നുമായിരുന്നു ആദ്യകാല മോഷണം. അത് പിന്നീട് വളർന്നു നിരവധി മോഷണങ്ങളിലേക്ക് കടന്നു. പലതവണ പോലീസ് പിടികൂടി. ഏറ്റവും ഒടുവിൽ മൂന്നുമാസത്തിന് പുൻപാണ് ഖാദർ പോലീസ് പിടിയിലായത്. ഇരുപത് ദിവസത്തോളം ജയിലിൽ കിടന്ന് ജാമ്യത്തിലിറങ്ങുകയായിരുന്നു.

ഓരോ തവണയും ഖാദറിനെ 'കൈവെക്കാൻ' നാട്ടുകൂട്ടം മത്സരിച്ചു. തിരിച്ചുതല്ലാൻ കഴിവില്ലാത്തവനെ തല്ലുന്ന ഹിംസ എല്ലാവരും ആസ്വദിച്ചു. പൊതുശല്യമായ ഖാദറിനെ തല്ലാത്തവർ മോശക്കാരനാവും എന്ന നിലയിലായി കാര്യങ്ങൾ. ഒരുതവണ നാട്ടുകാർ സംഘം ചേർന്ന് മർദിച്ചപ്പോൾ കാലിന്റെ എല്ലൊടിയുകയും ശസ്ത്രക്രിയ നടത്തി സ്റ്റീൽ ഘടിപ്പിക്കുകയും ചെയ്തിരുന്നു.

കൃത്യമായ പരിചരണവും ചികിത്സയും നൽകിയാൽ മാറ്റിയെടുക്കാവുന്ന സ്വഭാവ വൈകല്യങ്ങളേ അബ്ദുൾ ഖാദറിന് ഉണ്ടായിരുന്നുള്ളൂ. തല്ലി വളർത്താൻ ശ്രമിച്ച് പരാജയപ്പെട്ട സമൂഹം നിഷ്കരുണം അബ്ദുൾഖാദറിനെ തല്ലിക്കൊല്ലുകയായിരുന്നു.

അബ്ദുൾ ഖാദറിന്റെ കുറ്റപത്രം

ഭാര്യവീട് സ്ഥിതി ചെയ്യുന്ന വായാട് മേഖലയോട് മാനസികരോഗി കാണിക്കുന്ന തരത്തിലുള്ള ചെയ്തികളാണ് അബ്ദുൾഖാദർ ചെയ്തുവന്നിരുന്നത്. 'നന്നാക്കാൻ' മുന്നിൽനിന്ന ഭാര്യവീട്ടുകാരോടുള്ള ദേഷ്യമാണ് അത്തരത്തിൽ അബ്ദുൾഖാദർ പ്രകടിപ്പിച്ചത്.

രണ്ടുമാസം മുൻപ് ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ വായാട് മരമില്ലിന് തീപിടിച്ചെന്ന് ഫയർഫോഴ്‌സിന്റെ വിളിച്ചു വരുത്തിയിരുന്നു. രോഗിയെക്കൊണ്ടുപോകാൻ എന്ന് പറഞ്ഞ് ഭാര്യ വീട്ടിലേക്ക് പരിയാരം മെഡിക്കൽ കോളേജിന്റെ ആംബുലൻസ് വിളിച്ചുവരുത്തി. ഇതേ കാരണം പറഞ്ഞ് പരിയാരത്ത് നിന്ന് ടാക്‌സിയും വിളിച്ചു വരുത്തിയിരുന്നു. വായാട് നിർത്തിയിടുന്ന സ്റ്റാർലൈൻ ബസ്സിന്റെ ചില്ലുകൾ എറിഞ്ഞു തകർക്കുക, സീറ്റുകൾ കുത്തിക്കീറുക എന്നിവയും ഖാദറിന്റെ ചെയ്തികൾ ആയിരുന്നു. ഈ ബസ്സിന്റെ ഉടമ ഭാര്യയുടെ അകന്ന ബന്ധുവാണ് എന്നതാണ് ഈ ചെയ്തികളുടെ കാരണമത്രേ.

ഇതൊക്കെയാണ് മരണശിക്ഷ വിധിക്കാനുള്ള കുറ്റച്ചാർത്തുകളായി മാറിയത്. കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുൻപ് ഒരു ഓട്ടോ പിടിച്ച് വായാട് വന്നെന്നും അന്നുതന്നെ 'നാട്ടുകാർ' ഇയാളെ തപ്പി ഇറങ്ങിയെന്നും അന്ന് ബസ്സിന്റെ സീറ്റ് കുത്തിക്കീറി, ഉടമയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടുവെന്നും രണ്ടാഴ്ച മുൻപ് വായാട്ടെ രണ്ടു ബൈക്കുകൾ, ഓട്ടോറിക്ഷ എന്നിവയുടെ സീറ്റുകൾ ഖാദർ കുത്തിക്കീറിയിരുന്നുവെന്നും ഒക്കെ പറഞ്ഞു കേൾക്കുന്നുണ്ട്.

ആസൂത്രണം ചെയ്തു നടപ്പാക്കിയ 'ജനകീയകൊല'

പുലർച്ചെ 3:30 ഓടെ ബക്കളത്തെ വീട്ടിൽ നിന്നും ഒരു സംഘം ആളുകൾ അബ്ദുൾഖാദറെ ഇറക്കിക്കൊണ്ടുവരികയായിരുന്നു എന്ന സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ബക്കളത്ത് തന്നെയുള്ള ഒഴിഞ്ഞ പറമ്പിൽ വച്ച് ഖാദറിനെ ക്രൂരമായി മർദിച്ചതായും വിവരമുണ്ട്. ശബ്ദം കേട്ട് ഉണർന്ന പരിസരവാസികളോട് തങ്ങൾ തല്ലുന്നത് അബ്ദുൾ ഖാദറിനെയാണെന്ന് അക്രമിസംഘം അറിയിച്ചു. യാതൊരു എതിർപ്പുമില്ലാതെ അവർ കിടന്നുറങ്ങി!

പിന്നീട് വാഹനത്തിൽ കയറ്റി വായാട്ടേക്ക് കൊണ്ടുപോകുകയും ഗ്രൗണ്ടിന് സമീപം ഉപേക്ഷിക്കുകയും ചെയ്‌തെന്നാണ് കരുതപ്പെടുന്നത്. മൃതദേഹത്തിലെ പരിക്കുകൾ സൂചിപ്പിക്കുന്നത് അത്യന്തം ക്രൂരമായ മർദനമാണ് ഖാദറിന് നേരിടേണ്ടി വന്നത് എന്നുതന്നെയാണ്. അബ്ദുൾഖാദറിനെ കണ്ടാൽ കാലുതല്ലിയൊടിച്ച് പോലീസിനെ ഏൽപ്പിക്കണം എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പ്രദേശത്ത് പ്രചരിച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

[caption id="attachment_76685" align="aligncenter" width="610"] അബ്ദുൾ ഖാദർ മരണപ്പെടും മുൻപ് കാഴ്ചക്കാർ പകർത്തിയ ചിത്രം[/caption]

പുലർച്ചെ നാട്ടുകാരുടെയും പരിസരവാസികളുടെയും ശ്രദ്ധയിൽപ്പെടുമ്പോൾ ഖാദറിന് ജീവനുണ്ടായിരുന്നു. ആദ്യം കമിഴ്ന്നുകിടക്കുന്ന നിലയിൽ ആയിരുന്ന ശരീരം പിന്നീട് അബോധാവസ്ഥയിൽ മലർന്ന് കിടക്കുകയും മരണപ്പെടുകയുമായിരുന്നു. ഈ അവസ്ഥകളിൽ കിടക്കുന്ന ശരീരത്തിന്റെ ചിത്രം നാട്ടുകാർ മൊബൈൽ ഫോണുകളിൽ പകർത്തുന്നുണ്ടായിരുന്നു.

പോലീസെത്തി ശരീരം നീക്കുന്നതുവരെ ജനം ശവശരീരത്തിന്റെ കാഴ്ചകാണാൻ കൂട്ടമായി എത്തുകയും ചിത്രങ്ങൾ എടുക്കുകയുമായിരുന്നു. കൊല നടത്തിയത് ഒരു ചെറിയ കൂട്ടം ആണെന്നോ അതിനു മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടെന്നോ തന്നെ ഉണ്ടെന്നിരിക്കട്ടെ. എന്നാലും ഒരാളുടെ മരണവും ജീവനുവേണ്ടിയുള്ള പിടച്ചിലും ആഘോഷമായി വന്നുകണ്ടു നിർവൃതിയടഞ്ഞ ജനക്കൂട്ടം കുറ്റവാളികളല്ലെന്നു വരുമോ!

Read More >>