'സുന്ദരി' പരാമര്‍ശം: ബിജെപി എംപിയ്ക്ക് പ്രിയങ്ക ഗാന്ധിയുടെ മറുപടി; പുറത്ത് വന്നത് സ്ത്രീകളോടുള്ള ബിജെപിയുടെ മനോഭാവം

പ്രിയങ്ക ഗാന്ധി അത്ര സുന്ദരിയല്ല, പ്രിയങ്കയെക്കാള്‍ സൗന്ദര്യമുള്ളവര്‍ ബിജെപിയിലുണ്ടെന്നുമായിരുന്നു ഉത്തര്‍പ്രദേശിലെ ബിജെപി എംപി വിനയ് കത്യാര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. ബിജെപി നേതാവിന്റെ പരാമര്‍ശം കേട്ട് താന്‍ പൊട്ടിച്ചിരിച്ചെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു

'സുന്ദരി' പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എം പി വിനയ് കത്യാറിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി. ബിജെപിയ്ക്ക് സ്ത്രീകളോടുള്ള മനോഭാവം തെളിയിക്കുന്നതാണ് വിനയ് കത്യാറിന്റെ പരാമര്‍ശമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്തെ ജനസംഖ്യയില്‍ പകുതിയോളം വരുന്നവരെ ബിജെപി എങ്ങനെ കാണുന്നുവെന്ന് പരാമര്‍ശം വ്യക്തമാക്കുന്നു. എം പിയുടെ പരാമര്‍ശം കേട്ട് താന്‍ പൊട്ടിച്ചിരിച്ചെന്നും പ്രിയങ്ക പറഞ്ഞു.

പ്രിയങ്ക ഗാന്ധി അത്ര സുന്ദരിയല്ല, പ്രിയങ്കയെക്കാള്‍ സൗന്ദര്യമുള്ളവര്‍ ബിജെപിയിലുണ്ടെന്നുമായിരുന്നു ഉത്തര്‍പ്രദേശിലെ ബിജെപി എംപി വിനയ് കത്യാര്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.


ഞങ്ങള്‍ക്ക് സ്മൃതി ഇറാനിയുണ്ട്. പ്രിയങ്കയേക്കാള്‍ എത്രയോ സുന്ദരിയാണ് അവര്‍. സ്മൃതി എവിടെ പോയാലും അവരെ കാണാന്‍ ആളുകള്‍ കൂടാറുണ്ട്. പ്രിയങ്കയേക്കാള്‍ എത്രയോ മികച്ച പ്രസംഗികയാണ് സ്മൃതിയെന്നും കത്യാര്‍ പറഞ്ഞു. പ്രസ്താവന വിവാദമായെങ്കിലും അത് പിന്‍വലിക്കാന്‍ വിനയ് കത്യാര്‍ തയ്യാറായില്ല.

വിനയ് കത്യാറിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. ഇന്ത്യയിലെ സ്ത്രീകളെ അപമാനിക്കുന്നതാണ് വിനയ് കത്യാറിന്റെ പരമാര്‍ശമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഇക്കാര്യത്തില്‍ മാപ്പ് പറയണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു.

Read More >>