പോർച്ചുഗൽ എക്കാലവും ഇന്ത്യയുടെ അടുത്ത സുഹൃത്തായിരിക്കും: അന്റോണിയോ കോസ്റ്റാ

പ്രവാസി ഭാരതീയ ദിവസ് കൺവെൻഷന്റെ ചീഫ് ഗസ്റ്റ് ആയി ബംഗളൂരുവിൽ എത്തിയിയിട്ടുള്ള പോർച്ചുഗലിന്റെ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റാ പോർച്ചുഗലും ഇന്ത്യയുമായുള്ള ബന്ധങ്ങളെപ്പറ്റി സംസാരിക്കുന്നു.

പോർച്ചുഗൽ എക്കാലവും ഇന്ത്യയുടെ അടുത്ത സുഹൃത്തായിരിക്കും: അന്റോണിയോ കോസ്റ്റാ

താങ്കൾ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഗോവ അസംബ്ലി അഭിനന്ദിച്ചിരുന്നു. ഇരട്ട പൗരത്വമുൾപ്പടെയുള്ള ഗോവക്കാരുടെ പ്രശ്നങ്ങൾ താങ്കൾ പരിഗണിക്കുന്നുണ്ടോ?

നിങ്ങൾക്കറിയാവുന്നത് പോലെ, പോർച്ചുഗലിന് ഇരട്ടപൗരത്വം നൽകുന്നതിൽ പ്രശ്നമൊന്നുമില്ല. ഇതുമായി ബന്ധപ്പെട്ട് വ്യക്തികളുമായും ഇന്ത്യൻ അധികൃതരുമായും ചർച്ച ചെയ്യാൻ ഞങ്ങൾ സദാ സന്നദ്ധരാണ്.

താങ്കൾ പ്രധാനമന്ത്രിയായ ശേഷം ഗോവയും പോർച്ചുഗലും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങൾ ഊഷ്മളമായിട്ടുണ്ടോ?ഗോവയും പോർച്ചുഗലും തമ്മിൽ പുരാതനമായ ബന്ധങ്ങളുണ്ട്. എന്റെ സർക്കാർ വരുന്നതിന് മുമ്പുണ്ടായിരുന്ന എല്ലാ സർക്കാരുകളും ആ സാംസ്കാരിക, സാമ്പത്തിക ബന്ധങ്ങളെ തിരികെയുറപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഞാൻ പ്രതീക്ഷിക്കുന്നത്, എന്റെ ഇപ്പോഴത്തെ ഗോവ സന്ദർശനം ഈ ബന്ധങ്ങളെ കൂടുതൽ ശക്തമാക്കുമെന്നാണ്.

പോർച്ചുഗീസിൽ ഏതാണ്ട് 70, 000 നു മുകളിൽ ഇന്ത്യക്കാരോ ഇന്ത്യൻ വംശജരോ ഉണ്ട്. ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള വാണിജ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ അവർ സഹായിക്കുന്നുണ്ടോ?


പോർച്ചുഗലിൽ വളരെക്കാലം മുമ്പേയുള്ള ഇഴുകിച്ചേർന്ന് ജീവിക്കുന്ന ഇന്ത്യൻ സമൂഹമുണ്ട്. പോർച്ചുഗീസ് ജനത അവരുടെ സംഭാവനകളെ വിലമതിക്കുന്നുമുണ്ട്. സാമ്പത്തികവും വാണിജ്യപരവും ആയ ബന്ധങ്ങൾ രാഷ്ട്രീയ/വ്യക്തിപരമായ ബന്ധങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ ഞാൻ ഈ ബന്ധങ്ങൾ ശക്തപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. പരമ്പരാഗതമായി ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹം പൊതുവായുള്ള താല്പര്യങ്ങൾക്കായി സംഭാവനകൾ നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

താങ്കളെപ്പോലെയുള്ളവർ – ഗോവൻ വംശജർ - പോർച്ചുഗലിലെ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ധാരാളമുണ്ടോ?

പോർച്ചുഗലിന് ആഗോളപരമായി അംഗീകരിക്കപ്പെട്ട സഹിഷ്ണുതയും തുറന്ന സമീപനവും ഉണ്ട്. മറ്റ് വംശജരും സംസ്കാരങ്ങളും മതങ്ങളുമായി ഇഴുകിച്ചേരാനുള്ള കഴിവ് ഞങ്ങളുടെ ഡി എൻ ഏയിലുണ്ട്. പോർച്ചുഗീസ് രാഷ്ട്രീയത്തിൽ എത്തിപ്പെടുന്ന ആദ്യത്തെ ഗോവൻ വംശജനൊന്നുമല്ല ഞാൻ. എന്നേക്കാൾ മുമ്പുണ്ടായിരുന്നവർ പൊതുജീവിതത്തിലും രാഷ്ട്രീയത്തിലും സജീവമായിരുന്നു. അടുത്തിടെ അന്തരിച്ച ആൽഫ്രെഡോ ബ്രൂട്ടോ ഡ കോസ്റ്റാ, മുൻ എം പി നരനാ കോയ്സ്സോറോ, മുൻ വിദേശകാര്യമന്ത്രി ഗോൺസാല്വസ് പെരേര, മുൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബാരെറ്റോ സേവിയർ എന്നിങ്ങനെ. ഭാവിയിലും ഗോവൻ വംശജർ പോർച്ചുഗീസ് രാഷ്ട്രീയത്തിൽ വരാതിരിക്കാനുള്ള കാരണമൊന്നും എനിക്ക് തോന്നുന്നില്ല.

പോർച്ചുഗലിൽ ഗുജറാത്തികളായ ബിസിനസ് കുടുംബങ്ങൾ ധാരാളമുണ്ട്. കാന്തീലാൽ ജംനാദാസ് പോലെയുള്ളവർ. അങ്ങിനെയുള്ളവരുമായെല്ലാം താങ്കൾ ഇടപഴകാറുണ്ടോ, പ്രത്യേകിച്ചും സാംസ്കാരികപാരിപാടികളിൽ?


ഞാൻ വർഷങ്ങളായി ഇന്ത്യൻ സമൂഹവുമായി ഇടപഴകുന്നുണ്ട്. സർക്കാരിന്റെ പ്രതിനിധിയായും ലിസ്ബനിന്റെ മേയറായും എല്ലാം സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാറുണ്ട്. അതെന്റെ ജോലി മാത്രമല്ല, എന്റെ ആഹ്ലാദം കൂടിയാണ്. ഇന്ത്യയിലേയ്ക്ക് പുറപ്പെടുന്നതിന് മുൻപ് ഞാൻ അവിടത്തെ ഇന്ത്യൻ സമൂഹത്തിലെ പ്രതിനിധികളുമായി സംസാരിച്ചിരുന്നു. ലിസ്ബനിലേയ്ക്ക് തിരിച്ചെത്തിയ ശേഷം അവിടത്തെ ഹിന്ദു സമൂഹത്തിനെ സന്ദർശിക്കാമെന്ന് കാന്തീലാൽ ജംനാദാസിന് വാക്ക് കൊടുത്തിട്ടുണ്ട്.

പോർച്ചുഗീസ് പാസ്സ്പോർട്ട് ഉള്ള ആയിരക്കണക്കിന് ഗോവക്കാർ ബ്രെക്സിറ്റിനു ശേഷം യൂകെയിൽ ഇമ്മിഗ്രേഷൻ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. താങ്കളുടെ സർക്കാർ അതിനെ പരിഗണിക്കുന്നുണ്ടോ?

ഏപ്രിൽ 2017 നു മുൻപ് ബ്രെക്സിറ്റ് സംബന്ധമായ ചർച്ചകളൊന്നും തുടങ്ങില്ല. അതെല്ലാം രണ്ട് പക്ഷങ്ങളായല്ല, യൂറോപ്യൻ നിലയിലായിരിക്കും നടക്കുക. യുണൈറ്റഡ് കിംങ്ഡത്തിലുള്ള എല്ലാ പോർച്ചുഗീസ് പൗരന്മാരും പോർച്ചുഗീസ് പാസ്സ്പോർട്ട് ഉള്ളവരും ഒരേപോലെ പരിഗണിക്കപ്പെടും. പോർച്ചുഗീസ് പാസ്സ്പോർട്ട് ഉള്ള ഗോവക്കാർക്ക് വിവേചമൊന്നും നേരിടേണ്ടി വരില്ല.

തീവ്രവാദവുമായി ബന്ധപ്പെട്ട് ഇൻഡോ-പോർച്ചുഗൽ സുരക്ഷാപങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെപ്പറ്റി താങ്കളുടെ പദ്ധതികളെന്തൊക്കെയാണ്?

ലോകമെമ്പാടുമുള്ള സമൂഹങ്ങൾ തീവ്രവാദവും മൗലികവാദവും കാരണം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. തീവ്രവാദത്തിനേയും അതിന്റെ മൂലകാരണങ്ങളേയും ചെറുക്കുന്നതിന് അന്താരാഷ്ട്രതലത്തിലുള്ള സഹകരണം വേണമെന്ന് അവർ വിശ്വസിക്കുന്നതിന്റെ കാരണമതാണ്. എന്റെ ഇന്ത്യാ സന്ദർശനത്തിൽ ചർച്ച ചെയ്യാനുള്ള ഒരു പ്രശ്നവും അതാണ്. മാർച്ച് 2016 ലെ ഇയു-ഇന്ത്യ സമ്മിറ്റിന്റെ ഫലങ്ങളിലൊന്നാണ് തീവ്രവാദത്തിനെതിരായി പൊരുതാനുള്ള ജോയിന്റ് ഡിക്ലറേഷൻ പുറപ്പെടുവിച്ചത്.

ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണത്തിനെ പോർച്ചുഗൽ എങ്ങിനെ നോക്കിക്കാണുന്നു?

മികച്ച് രാഷ്ട്രീയബന്ധങ്ങളുള്ള രണ്ട് രാജ്യങ്ങൾക്ക് ഉയർന്ന സാമ്പത്തിക സഹകരണം ഉണ്ടാകും. ഇന്ത്യയ്ക്കും പോർച്ചുഗലിലും തമ്മിൽ വ്യത്യസ്ത വിപണികളും മേഖലകളും ഉള്ളതിനാൽ പരസ്പരസഹാകരമായ സമ്പദ്ഘടനയുണ്ട്. ഇത് കണക്കിലെടുത്ത് ഞങ്ങൾ പരസ്പരമുള്ള സഹകരണം ഊർജ്ജിതപ്പെടുത്താനുള്ള ഇടങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സയൻസ്, ടെക്നോളജി, പുനരുപയോഗിക്കാവുന്ന എനർജി, സ്റ്റാർട്ടപ്പുകൾ, കൃഷി, ജലം, ടൂറിസം, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമോട്ടീവ് ഉല്പന്നങ്ങൾ, പ്രതിരോധം എന്നിങ്ങനെ പലതും.

പ്രധാനമന്ത്രി സോക്രട്ടീസ് 2007 ഇൽ ഡൽഹി സന്ദർശിച്ചതിനു ശേഷം ഇത് ആദ്യമായിട്ടാണ് ഒരു പോർച്ചുഗീസ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. ഈ സന്ദർശനത്തിൽ നിന്നും എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത്?

നമ്മുടെ രാജ്യങ്ങൾ തമ്മിൽ ചരിത്രപരമായും, സാസ്കാരികമായും വ്യക്തിബന്ധങ്ങളായും നൂറ്റാണ്ടുകളുടെ ബന്ധങ്ങളുണ്ട്. വർത്തമാനത്തിലേയും ഭാവിയിലേയും വെല്ലുവിളികൾ നേരിടുന്നതിനായി ആ ബന്ധങ്ങൾ തിരിച്ച് പിടിക്കേണ്ടതുണ്ട്. ബന്ധങ്ങൾ സാധാരണനിലയിൽ ആയതിനു ശേഷം സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്തി കൂടുതൽ ഊർജ്ജപ്പെടുത്തണം.

തന്ത്രപ്രധാനമായ സഹകരണങ്ങൾ ശക്തിപ്പെടുത്താനുള്ള പ്രതീക്ഷകളാണോ ഉള്ളത്? ഇന്ത്യയിൽ സാമ്പത്തികമായി നിലയുറപ്പിക്കാനുള്ള ലിസ്ബന്റെ പദ്ധതികൾ എന്തൊക്കെയാണ്?

ആദ്യമേ പറഞ്ഞത് പോലെ, ചരിത്രപരമായും, സാസ്കാരികമായും വ്യക്തിബന്ധങ്ങളായും ഉള്ള ഇണക്കം ഉപയോഗിച്ച് ഞങ്ങൾ പരസ്പരമുള്ള ബന്ധങ്ങൾ പുതുക്കാൻ താല്പര്യപ്പെടുന്നു. അടുത്ത കാലത്ത് പോർച്ചുഗൽ വൻ നിക്ഷേപങ്ങൾ നടത്തിയിട്ടുള്ള ഇടങ്ങളിൽ ഇന്ത്യയും നേട്ടം ഉണ്ടാക്കണമെന്ന് ഞങ്ങൾ കരുതുന്നു. ജലം, പുനരുപയോഗിക്കാവുന്ന എനർജി, മാലിന്യനിർമ്മാർജ്ജനം തുടങ്ങി ഇന്ത്യയ്ക്ക് ആവശ്യമാകുന്ന മേഖലകൾ.

ബയോ മെഡിക്കൽ റിസർച്ച്, ഏറോസ്പേസ് മൊബിലിറ്റി തുടങ്ങിയ രംഗങ്ങളിൽ രണ്ട് രാജ്യങ്ങളും മുന്നേറിയിട്ടുള്ളത് കാരണം ആ മേഖലകളും സൂക്ഷ്മമായി പരിഗണിക്കപ്പെടും.

യൂറോപ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ വിപണിയെ പോർച്ചുഗൽ എങ്ങിനെ ഉപയോഗിച്ചുവെന്നത് ഇന്ത്യയ്ക്ക് താല്പര്യമുള്ള വിഷയമാകാനിടയുണ്ട്. ഇതെല്ലാം നമ്മുടെ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഉദാഹരണങ്ങളാണ്.

പ്രതിരോധരംഗത്തെ സഹകരണത്തിലുള്ള ഇന്ത്യയുടേയും പോർച്ചുഗലിന്റേയും പദ്ധതികൾ എന്തൊക്കെയാണ്?

മറ്റെല്ലാ മേഖലകളും പോലെ, പ്രതിരോധ രംഗത്തും കൈകോർക്കാനുള്ള സാഹചര്യങ്ങളുണ്ട്. ഇതിനെപ്പറ്റി പഠിക്കാനും ചില കരാറുകളിൽ ഒപ്പ് വയ്ക്കാനും ഞങ്ങളുടെ പ്രതിരോധമന്ത്രിയും എന്റെ കൂടെ വന്നിട്ടുണ്ട്. സാങ്കേതികവിദ്യയുടെ കൈമാറ്റം, ഒന്നിച്ചുള്ള പദ്ധതികൾ, ഭാവിയിലെ വിപണിയിലേയ്ക്കുള്ള തുടക്കങ്ങൾ എന്നിങ്ങനെ പദ്ധതികളുണ്ട്.

ഇൻഡോ-ഇയൂ ബന്ധത്തിൽ പോർച്ചുഗലിന് എന്ത് സംഭാവന ചെയ്യാനാകും?

ഇൻഡോ-ഇയൂ ബന്ധം ശക്തിപ്പെടുത്തുന്നതിൽ പോർച്ചുഗൽ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇൻഡോ-ഇയൂ ഫ്രീ-ട്രേഡ് കരാർ നിലവിൽ വരുത്തുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഞങ്ങൾ സഹകരിക്കുന്നുണ്ട്.

കുറ്റവാളികളെ കൈമാറുന്നതിനുള്ള പോർച്ചുഗലിന്റെ പദ്ധതികൾ എന്തൊക്കെയാണ്? യൂറോപ്യൻ യൂണിയനിൽ കുറ്റവാളികളെ കൈമാറുന്ന ഒരേയൊരു രാജ്യമാണല്ലോ പോർച്ചുഗൽ?

പോർച്ചുഗലും ഇന്ത്യയും തമ്മിലുള്ള കരാർ 2007 ജനുവരി 11നു ന്യൂ ഡൽഹിയിൽ വച്ച് ഒപ്പ് വച്ചിട്ടുള്ളതാണ്. ഞങ്ങളുടെ കാഴ്ചപ്പാടിൽ കരാർ നല്ലപോലെ നടപ്പിലാകുന്നുണ്ട്. അതുകൊണ്ട് അതിൽ ഇനി മാറ്റങ്ങൾ വേണമെന്ന് ഞങ്ങൾ കരുതുന്നില്ല.

കടപ്പാട്: ദി ഇക്കണോമിക് ടൈംസ്

Read More >>