പൊന്നാനിയിലെ ചരിത്ര പൈതൃകങ്ങള്‍ പൊളിച്ചുമാറ്റുന്നു; വികസനം വരുമ്പോള്‍ വഴിമാറുന്ന സാംസ്‌കാരിക ശേഷിപ്പുകള്‍

കാര്‍ഗോ പോര്‍ട്ട്‌ പദ്ധതിയും അനുബന്ധമായി റോഡ്‌ നിര്‍മ്മാണവും നടക്കുന്നതോടെ പൊന്നാനിയെന്ന സാംസ്‌കാരിക നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും. വികസന പദ്ധതിയ്‌ക്ക്‌ കെട്ടിടങ്ങള്‍ ഒന്നൊന്നായി പൊളിക്കാനാണ്‌ തീരുമാനം. പൊന്നാനിയെ ഹെറിറ്റേജ്‌ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കണമെന്ന മുറവിളി ഉയരുമ്പോഴാണ്‌ അതെല്ലാം അവഗണിച്ച്‌ വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ ജില്ലാഭരണകൂടത്തിന്റെ തീരുമാനം. പ്രതിഷേധം ഭയന്ന്‌ കെട്ടിടങ്ങള്‍ പൊളിക്കുന്നത്‌ സംബന്ധിച്ച്‌ നഗരസഭ ഇതുവരെയും തീരുമാനത്തിലെത്തിയിട്ടില്ല.

പൊന്നാനിയിലെ ചരിത്ര പൈതൃകങ്ങള്‍ പൊളിച്ചുമാറ്റുന്നു; വികസനം വരുമ്പോള്‍ വഴിമാറുന്ന സാംസ്‌കാരിക ശേഷിപ്പുകള്‍

കേരളത്തിലെ ഏറ്റവും പഴക്കമുള്ള അര്‍ബന്‍ സെറ്റില്‍മെന്റിന്റെ ഭാഗമായ പൊന്നാനി നഗരത്തിലെ ചരിത്രശേഷിപ്പുകളില്‍ പലതും ഓര്‍മ്മയാകാന്‍ ഇനി ദിനങ്ങള്‍ മാത്രം. പൊന്നാനി നഗരത്തിന്റെ അറബ്‌-മുസ്ലിം സമുദ്രവ്യാപാര പാരമ്പര്യത്തിന്റെ ശേഷിപ്പുകളാണ്‌ ഇപ്പോഴുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃകങ്ങള്‍. ഒരുനാടിന്റെ സാംസ്‌കാരിക ശേഷിപ്പുകളാണ്‌ വികസനമെത്തുന്നതോടെ അപ്രത്യക്ഷമാവുക.

മതത്തിനും സാംസ്‌കാരത്തിനുമൊപ്പം വാസ്‌തുശില്‍പ്പ ശൈലിയ്‌ക്ക്‌ പോര്‍ച്ചുഗീസിന്റെയും അറബ്‌നാടുകളുടെയും പാരമ്പര്യം വിളിച്ചോതുന്നതുമാണ്‌ ഇവിടുത്തെ പഴയ കെട്ടിടങ്ങള്‍. കാര്‍ഗോ പോര്‍ട്ട്‌ പദ്ധതിയും അനുബന്ധമായി റോഡ്‌ നിര്‍മ്മാണവും നടക്കുന്നതോടെ പൊന്നാനിയെന്ന സാംസ്‌കാരിക നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും. വികസന പദ്ധതിക്ക്‌ കെട്ടിടങ്ങള്‍ ഒന്നൊന്നായി പൊളിക്കാനാണ്‌ തീരുമാനം. പൊന്നാനിയെ ഹെറിറ്റേജ്‌ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കണമെന്ന മുറവിളി ഉയരുമ്പോഴാണ്‌ അതെല്ലാം അവഗണിച്ച്‌ വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പ്രതിഷേധം ഭയന്ന്‌ കെട്ടിടങ്ങള്‍ പൊളിക്കുന്നത്‌ സംബന്ധിച്ച്‌ നഗരസഭ ഇതുവരെയും തീരുമാനത്തിലെത്തിയിട്ടില്ല.


വികസനം വരുന്ന വഴി

വല്ലാര്‍പ്പാടം മാതൃകയിലുള്ള ചെറിയ കാര്‍ഗോ പോര്‍ട്ട്‌ സ്ഥാപിക്കുമ്പോള്‍ അവിടേക്കുള്ള റോഡ്‌ നവീകരണമാണ്‌ കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്‌. മലപ്പുറത്തെ ഏക തുറമുഖമായ പൊന്നാനിയില്‍ കാര്‍ഗോ പോര്‍ട്ട്‌ സ്ഥാപിക്കുമ്പോള്‍ പ്രധാനമായും ഇങ്ങോട്ടുള്ള പാതയുടെ അരികില്‍ വരുന്ന ഒമ്പത്‌ കെട്ടിടങ്ങളാണ്‌ ആദ്യഘട്ടത്തില്‍ പൊളിക്കുകയെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.

പൊന്നാനി പഴയ നഗരത്തിലൂടെയാണ്‌ ഈ പാത പോകുന്നത്‌. 150ഓളം പഴയ തറവാടുകളും മരപ്പണികളാല്‍ സമ്പന്നമായ ഓട്‌ മേഞ്ഞ കെട്ടിടങ്ങളും ഇവിടെയുണ്ട്‌. ഘട്ടംഘട്ടമായി ഇവിടെയുള്ള പഴയ കെട്ടിടങ്ങള്‍ പൊളിക്കുകയെന്നതാണ്‌ ലക്ഷ്യം. നിലവിലുള്ള കര്‍മ്മറോഡ്‌, എംഎല്‍എ റോഡ്‌ , ആശുപത്രി റോഡ്‌ തുടങ്ങിയ തീരദേശപാതകള്‍ വിപുലീകരിച്ചാല്‍ത്തന്നെ ഈ വിഷയം മറികടക്കാന്‍ കഴിയുമെന്ന്‌ ഈ വിഷയത്തില്‍ സജീവമായി ഇടപെടുന്ന ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പ്രഫ. ഇല്യാസ്‌ ഹുസൈന്‍ നാരദ ന്യൂസിനോട്‌ പറഞ്ഞു.

അറബ്‌-മുസ്ലിം ഭൂതകാലം മായ്‌ച്ചുകളഞ്ഞുകൊണ്ടൊരു വികസനം ആവശ്യമാണോയെന്ന്‌ പൊന്നാനിക്കാര്‍ ചിന്തിക്കണമെന്നും അദേഹം പറഞ്ഞു. പൊന്നാനി പോലുള്ള സ്ഥലങ്ങളില്‍ ഇത്രത്തോളം കൊട്ടിഘോഷിച്ചുകൊണ്ട്‌ അന്താരാഷ്ട്ര കാര്‍ഗോ പോര്‍ട്ട്‌ ആവശ്യമുണ്ടോയെന്നാണ്‌ പൊന്നാനിക്കാരുടെ ചോദ്യം. വികസനത്തിന്റെ മേനി പറഞ്ഞു സ്ഥാപിച്ച വല്ലാര്‍പ്പാടം പദ്ധതിയില്‍ നിന്ന്‌ സര്‍ക്കാര്‍ പ്രതീക്ഷിച്ചതിന്റെ 15 ശതമാനം വരുമാനംപോലും ലഭിക്കാത്ത സാഹചര്യത്തില്‍ പൊന്നാനി കാര്‍ഗോ പോര്‍ട്ട്‌ എത്രത്തോളം ഗുണം ചെയ്യുമെന്ന്‌ കണ്ടറിയുക തന്നെ വേണം.

ഇവിടെയും റിയല്‍ എസ്റ്റേറ്റ്‌ താല്‍പര്യം തന്നെ

പൊന്നാനി കാര്‍ഗോ പോര്‍ട്ടിന്റെ മറവില്‍ റോഡ്‌ നിര്‍മ്മാണത്തിനായി ചുളുവിലയ്‌ക്ക്‌ ഭൂമി വാങ്ങിക്കൂട്ടാനുള്ള റിയല്‍ എസ്‌റ്റേറ്റുകാരുടെ നീക്കമാണ്‌ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ അതിവേഗ ത്തിനു പിന്നിലെന്നാണ് ആരോപണം. ഭൂമി ചുളുവിലയ്‌ക്ക്‌ വാങ്ങിക്കൂട്ടുന്നതിനൊപ്പം പഴയ കെട്ടിടങ്ങളിലെ ഈട്ടി-തേക്കിന്‍ തടികൊണ്ടു നിര്‍മിച്ച വസ്‌തുക്കള്‍ക്കും ഇതിനകം തന്നെ റിയല്‍ എസ്‌റ്റേറ്റ്‌ ലോബി വിലയിട്ടുകഴിഞ്ഞു.

ആദ്യഘട്ടത്തില്‍ ഒമ്പത്‌ കെട്ടിടങ്ങള്‍ പൊളിച്ചാല്‍ ഘട്ടംഘട്ടമായി പഴയ കെട്ടിടങ്ങളെല്ലാം പൊളിക്കാന്‍ കഴിയും. ഈ ബിസിനസ്സ്‌ കണ്ണാണ്‌ റിയല്‍ എസ്റ്റേറ്റ്‌ ലോബിയുടേത്‌. സിപിഐഎമ്മും മുസ്ലിംലീഗും ഒറ്റക്കെട്ടായാണ്‌ കാര്‍ഗോ പോര്‍ട്ടിനുവേണ്ടി വാദിക്കുന്നത്‌. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കും. 500 വര്‍ഷത്തിലധികം പഴക്കമുള്ള 45 മുസ്ലിംപള്ളികള്‍ ഇവിടെയുണ്ട്‌. വന്‍മരങ്ങള്‍കൊണ്ട്‌ കെട്ടിപൊക്കിയ ഇത്തരം പള്ളികളാവും റിയല്‍ എസ്റ്റേറ്റുകാരുടെ അടുത്ത ലക്ഷ്യം.

പഴക്കമുള്ള ആരാധനലായങ്ങളെല്ലാം കോണ്‍ഗ്രീറ്റ്‌വത്‌ക്കരിക്കുന്ന കാലത്ത്‌ അതും അതിവേഗം നടക്കും. വീടുകള്‍ കയറിയിറങ്ങി കാര്‍ഗോപോര്‍ട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ വിവരിക്കാന്‍ പ്രത്യേക സംഘത്തെത്തന്നെ റിയല്‍ എസ്റ്റേറ്റുകാര്‍ നിയോഗിച്ചിട്ടുണ്ട്‌. സ്ഥലം എംഎല്‍എയും സ്‌പീക്കറുമായ പി ശ്രീരാമകൃഷ്‌ണന്റെ അധ്യക്ഷതയില്‍ ടൗണ്‍വികസന സമിതി രൂപീകരിച്ചാണ്‌ വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്..

പൈതൃകങ്ങള്‍ എന്തുകൊണ്ട്‌ സംരക്ഷിച്ചുകൂടാ?

യഥാസമയം അറ്റുകുറ്റപണികള്‍ നടത്തി സര്‍ക്കാറിനുതന്നെ സംരക്ഷിക്കാവുന്നതാണ്‌ പൊന്നാനിയിലെ പൈതൃകങ്ങള്‍. തലശ്ശേരി, ഫോര്‍ട്ട്‌ കൊച്ചി, കൊടുങ്ങല്ലൂര്‍, ആലപ്പുഴ മാതൃകയില്‍ പഴയകെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ അറ്റകുറ്റപണികള്‍ക്ക്‌ 60 ശതമാനം വരെ ധനസഹായം സര്‍ക്കാറിനു നല്‍കാന്‍ കഴിയും. ഇത്തരത്തിലുള്ള പൈതൃകങ്ങളുടെ സംരക്ഷണത്തിനു യുനെസ്‌കോയുടെ ധനസഹായവും ലഭ്യമാണ്‌.

പൊന്നാനിയില്‍ പഴയനഗരത്തിലെ ഒരു സെറ്റില്‍മെന്റ്‌ പൂര്‍ണ്ണമായും നിലംപതിക്കുന്നതിലേക്കാണ്‌ വികസനം നടന്നടുക്കുന്നത്‌. ഇത്‌ സംരക്ഷിക്കണപ്പെടണമെന്ന്‌ തന്നെയാണ്‌ ഇന്നാട്ടുകാരുടെ ആവശ്യം. പിന്നെയാര്‍ക്കു വേണ്ടിയാണ്‌ വികസനം? അതേസമയം ചാണാര്‍ക്കാവ്‌ മുതല്‍ റോഡില്‍ ഗതാഗത സ്‌തംഭനം പതിവായ സാഹചര്യത്തില്‍ ചില ജീര്‍ണ്ണിച്ച കെട്ടിടങ്ങള്‍ നീക്കം ചെയ്യുക മാത്രമാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന്‌ പൊന്നാനി നഗരസഭാ ചെയര്‍മാന്‍ മുഹമദ്‌ കുഞ്ഞി പറഞ്ഞു. പൊന്നാനിയുടെ പൗരാണികതയ്‌ക്ക്‌ കളങ്കമേല്‍പ്പിക്കുന്ന യാതൊരു വികസനപ്രവര്‍ത്തനങ്ങളും ഉണ്ടാകില്ലെന്നും അദേഹം കൂട്ടചേര്‍ത്തു.

പൊന്നാനിയുടെ ചരിത്രം

പുരാതന കാലത്ത്‌ പൊന്നന്‍ എന്ന രാജാവ്‌ ഭരിച്ചിരുന്നതിനാലാണ്‌ പൊന്നാനിയെന്ന പേര്‌ വരാന്‍ കാരണമെന്ന്‌ ഒരു അഭിപ്രായമുണ്ട്‌. പൊന്‍വാണി എന്ന്‌ പേരുള്ള നദി ഇതുവഴി ഒഴുകിയിരുന്നെന്നും അങ്ങനെയാണ്‌ പൊന്നാനിയായതെന്നും പറയപ്പെടുന്നുണ്ട്‌. അറബ്‌-പേര്‍ഷ്യന്‍ നാടുകളുമായി നിലനിന്നിരുന്ന കച്ചവട ബന്ധത്തിന്റെ ഭാഗമായി ധാരാളം പൊന്‍ നാണ്യങ്ങളെത്തിയതിനാലാണ്‌ പൊന്നാനിയെന്ന്‌ പറയുന്നവരുമുണ്ട്‌. സാമൂതിരിക്കു മുമ്പ്‌ തിരുമനശ്ശേരി രാജാക്കന്‍മാരുടെ നിയന്ത്രണത്തിലായിരുന്നു പൊന്നാനിയെന്നാണ്‌ കരുതപ്പെടുന്നത്‌. 1861 വരെ പൊന്നാനി കൂറ്റനാട്‌ താലൂക്കിന്റെ ഭാഗമായിരുന്നു. 1956ല്‍ സംസ്ഥാന രൂപീകരണത്തിനു ശേഷം പൊന്നാനി പാലക്കാട്‌ ജില്ലയുടെ ഭാഗമായി. പിന്നീട്‌ 1969ല്‍ ജില്ല രൂപീകരിച്ചശേഷമാണ്‌ പൊന്നാനി മലപ്പുറത്തിന്റെ ഭാഗമാകുന്നത്‌. 23.32 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണ്ണത്തില്‍ ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള പൊന്നാനി ഭൂമിശാസ്‌ത്രപരമായി തീരദേശ മേഖലയാണ്‌.

പൊന്നാനിയുടെ സംസ്‌കാരം

വ്യാപാരബന്ധങ്ങളില്‍ നിന്നുള്ള ആശയവിനിമയത്തിലൂടെയാണ്‌ മലയാളം- അറബ്‌ സങ്കരഭാഷാ സംസ്‌കാരം പൊന്നാനിയുടെ ഭാഗമായത്‌. ഹിന്ദുസ്ഥാനി സംഗീതവും ഗസലുമെല്ലാം പൊന്നാനിയുടെ ചിട്ടവട്ടങ്ങളായി. പൊന്നാനിയിലെ വലിയ ജുമുഅഃ പള്ളി കേരളത്തിന്റെ മക്കയായാണ്‌ അറിയപ്പെടുന്നത്‌. തിരുനാവായ നാവാ മുകുന്ദ ക്ഷേത്രവും സെന്റ്‌ അന്തോണീസ്‌ ചര്‍ച്ചുമെല്ലാം പൊന്നാനിയുടെ സാംസ്‌കാരിക പൈതൃകങ്ങളാണ്‌.

നൂറും നൂറ്റിയമ്പതും വര്‍ഷം പഴക്കമുള്ളതാണ്‌ ഇവിടുത്തെ കെട്ടിടങ്ങള്‍. അത്തറു കടകള്‍, പാട്ടുപുസ്‌തക കടകള്‍, അറബി-മലയാളം കിത്താബുകള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, മ്യൂസിക്‌ കേന്ദ്രങ്ങള്‍, ഇതര പീടിക മുറികള്‍ തുടങ്ങിയ പഴമയുടെ സാംസ്‌കാരിക ശേഷിപ്പുകളെല്ലാം തന്നെ വികസനം വരുന്നതോടെ തുടച്ചുനീക്കപ്പെടും. നൂറുകണക്കിനു കെട്ടിടങ്ങളാണ്‌ പഴമയുടെ പ്രൗഡിയില്‍ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നത്‌. പിന്നീട്‌ ഉയരുന്നത്‌ കോണ്‍ഗ്രീറ്റില്‍ കെട്ടിപ്പൊക്കുന്ന അംബരചുംബികളാവും. ഒരു നാടിന്റെ സാംസ്‌കാരിക ശേഷിപ്പുകള്‍ളൊന്നാകെ നിലംപൊത്തുമ്പോഴാണ്‌ ഇതുവഴി വികസനമെത്തുക.

Read More >>