നദീറിനെ പ്രതിയാക്കിയത് യുഡിഎഫ് സര്‍ക്കാര്‍; 2016 മെയ് മാസം മൂന്നാം പ്രതിയാക്കിയിരുന്നെന്ന് പൊലീസ്; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്ന ഡിജിപിയുടെ വാദം കള്ളം

2016 മെയ് മാസം നദീറിനെ പ്രതി ചേര്‍ത്തിരുന്നെന്ന് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ നാരദാന്യൂസിനോട് പറഞ്ഞു. നദിക്കെതിരെ കേസില്ലെന്ന് സർക്കാരും ഡിജിപിയും പറഞ്ഞത് നുണ.

നദീറിനെ പ്രതിയാക്കിയത് യുഡിഎഫ് സര്‍ക്കാര്‍; 2016 മെയ് മാസം  മൂന്നാം പ്രതിയാക്കിയിരുന്നെന്ന് പൊലീസ്; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്ന ഡിജിപിയുടെ വാദം കള്ളം

ആറളം ഫാമില്‍ മാവോയിസ്റ്റുകള്‍ക്കൊപ്പമെത്തി ആദിവാസികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിൽ നദീറിനെതിരെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ യുഎപിഎ ചുമത്തിയിരുന്നതായി പൊലീസ് രേഖകള്‍. 2016 മെയ് മാസത്തില്‍ നദീറിനെ പ്രതി ചേര്‍ത്തിരുന്നെന്ന് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ നാരദാന്യൂസിനോട് പറഞ്ഞു.  ലഭിച്ച പൊലീസ് രേഖകളില്‍ 2016 മെയ് മാസത്തില്‍ വ്യക്തമായ ബോധത്തോടെ തിരിച്ചറിഞ്ഞ മൂന്നാം പ്രതിയാണ് താന്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നദീറും വ്യക്തമാക്കുന്നു.


കേസിലെ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു എന്നാണ് ഡിവൈഎസ്പി തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. തന്റെ പേരും അഡ്രസ്സും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും 2016 മെയ്യിൽ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സ്വീഷര്‍ മഹസറിലുമുണ്ട്. പിന്നെന്തിനാണ് കണ്ടാലറിയാവുന്നവര്‍ എന്നു പറഞ്ഞ് പൊലീസ് നാടകം കളിച്ചതെന്ന് നദീർ ചോദിക്കുന്നു.

2016 മാര്‍ച്ച് 3ന് ആറളം വിയറ്റ്‌നാം കോളനിയില്‍ തോക്കുമായി ചെന്ന് ഭക്ഷണ സാധനങ്ങള്‍ വാങ്ങുകയും ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുകയും നിരോധിത സംഘടനയായ സി പി ഐ മാവോയിസ്റ്റിന്റെ മുഖമാസിക വിതരണം ചെയ്യുകയും ചെയ്ത ആറംഗസംഘത്തില്‍ നദീറും ഉള്‍പ്പെട്ടെന്നാണ് പൊലീസിന്റെ വാദം.

2016 ഡിസംബര്‍ 19നാണ് ആറളം സ്റ്റേഷനിലെ 148/16 എന്ന ക്രൈമുമായി ബന്ധപ്പെട്ടാണ് നദീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് തെളിവില്ലെന്ന് പറഞ്ഞു പോലീസ് വിട്ടയക്കുകയും ചെയ്തു. മൂന്നു പ്രതികള്‍ക്ക് പുറമേ കണ്ടാലറിയാവുന്നവര്‍ എന്നതില്‍ സംശയം തോന്നി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക മാത്രമാണുണ്ടായതെന്നു ഡിജിപി അടക്കമുള്ളവര്‍ പറഞ്ഞത്.

മൂന്നാം പ്രതിയാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നദീറിന്റെ പേര് ഉണ്ടായിരിക്കെ കണ്ടാലറിയാവുന്നവര്‍ എന്ന സംശയമുന്നയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. തലശ്ശേരി സെഷന്‍സ് കോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ട പൊലീസ് ഫയലുകളുടെ സര്‍ട്ടിഫൈഡ് കോപ്പിയിലാണ് നദീറിനെ നേരത്തെ തന്നെ മൂന്നാം പ്രതിയാക്കിയിരുന്നെന്ന് വ്യക്തമാക്കുന്നത്.

ഇതോടെ യുഡിഎഫ് ഭരണകാലത്ത് നദീറിനെതിരെ കേസെടുത്തുവെന്നു വ്യക്തമാകുകയാണ്. ഇനി പൊലീസിന്റെ പക്കലുള്ള രേഖകൾ വ്യാജമാണോയെന്നും തെളിയേണ്ടിയിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പു നടന്ന മാസമാണ് കേസെടുത്തതെന്നാണ് രേഖകൾ പറയുന്നത്. നദീറിന്റെ കേസിലെ പൊലീസിന്റെ ഒാരോ നീക്കവും സംശകരമാവുകയാണ്.

Read More >>