കൊച്ചി ബിനാലെയ്ക്കെതിരെയുള്ള ആർഎസ്എസ് ആരോപണം പൊലീസ് തള്ളി: കാശ്മീരി വിദ്യാര്‍ത്ഥികളുടെ കല ദേശവിരുദ്ധമല്ല

കൊച്ചി ബിനാലെയിൽ കാശ്മീരിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ദേശവിരുദ്ധ മുദ്രാവാക്യങ്ങളുയർത്തിയെന്നായിരുന്നു ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിലെ ആരോപണം. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ചതിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. കശ്മീരിൽ നിന്ന് പട്ടാളത്തെ പിൻവലിക്കുക എന്ന് പറഞ്ഞാൽ രാജ്യദ്രോഹമാകുന്നതെങ്ങനെയെന്ന് ഒരുന്നത പൊലീസുദ്യോഗസ്ഥൻ നാരദയോട് പറഞ്ഞു.

കൊച്ചി ബിനാലെയ്ക്കെതിരെയുള്ള ആർഎസ്എസ് ആരോപണം പൊലീസ് തള്ളി: കാശ്മീരി വിദ്യാര്‍ത്ഥികളുടെ കല ദേശവിരുദ്ധമല്ല

കൊച്ചി: സ്റ്റുഡന്റ്സ് ബിനാലെയ്ക്കെത്തിയ കാശ്മീരി വിദ്യാർത്ഥികൾ ദേശവിരുദ്ധ മുദ്രാവാക്യങ്ങളുയർത്തിയെന്ന ആർഎസ്എസ് മുഖപത്രം ഓർഗനൈസറിലെ ആരോപണങ്ങൾ നിഷേധിച്ച് പൊലീസ്.  വീഡിയോ പരിശോധനയിൽ വിദ്യാർത്ഥികൾ ദേശവിരുദ്ധ മുദ്രാവാക്യങ്ങളുയർത്തിയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മട്ടാഞ്ചേരി എസിപി എസ് വിജയൻ നാരദാന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് ആർക്കെതിരെയും കേസെടുത്തിട്ടില്ല.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചി മുസിരിസ് ബിനാലെ വേദിയാകുന്നെന്ന്   ഈ ലക്കം  ഓര്‍ഗനൈസറിലെ ലേഖനത്തിൽ  കുറ്റപ്പെടുത്തിയിരുന്നു.  ബിനാലെ വേദിയില്‍ അഞ്ചു പെണ്‍കുട്ടികളുള്‍പ്പെടെ 20 പേർ കശ്മീര്‍ വിഘടനവാദ മുദ്രാവാക്യങ്ങളുയര്‍ത്തിയെന്നും പ്രാധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നായിരുന്നു ആരോപണം. ദേശീയോദ്ഗ്രഥനത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ബിനാലെയുടെ സംഘാടകര്‍ പ്രാധാന്യം നല്‍കുന്നില്ലെന്നും ആര്‍എസ്എസ് മുഖപത്രത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.


വിദ്യാർത്ഥികളുടെ കലാപ്രകടനം മുഴുവനായും കാണാത്തതിനാലാകാം ഇത്തരം ആരോപണം ഉന്നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.കലാപ്രകടനം കണ്ട മറ്റുള്ളവർ സമാനമായ പരാതി ഉന്നയിച്ചിട്ടില്ല. കശ്മീരിൽ നിന്ന് പട്ടാളത്തെ പിൻവലിക്കുക എന്ന് പറഞ്ഞാൽ രാജ്യദ്രോഹമാകുന്നതെങ്ങനെയെന്ന് ഒരുന്നത പൊലീസുദ്യോഗസ്ഥൻ നാരദയോട് പറഞ്ഞു. ദേശവിരുദ്ധമോ, പ്രകോപനപരമായതോ ആയ പ്രകടനങ്ങൾ നടത്തരുതെന്ന ഉറപ്പ് ബിനാലെയുടെ സംഘാടകരിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീരിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്നാരോപിച്ച് അഡ്വ. എൻ വി സാനുവും, രണ്ട് ആർഎസ്എസ് പ്രവർത്തകരുമാണ് പൊലീസിനെ സമീപിച്ചത്. ഡിസംബർ 24 നാണ് കലാപ്രകടനത്തിന് ശേഷം വിദ്യാർത്ഥികൾ മുദ്രാവാക്യങ്ങൾ വിളിച്ചതെന്നാണ് ഇവർ പറയുന്നത്.

അതേസമയം ബിനാലെയുടെ സുരക്ഷയ്ക്കായി ആംഡ് ഫോഴ്സിലെ 40 പൊലീസുകാരെ ബിനാലെയ്ക്കായി നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂർ പ്രവർത്തിക്കുന്ന പൊലിസിന്റെ കൺട്രോൾ റൂം ബിനാലെ വേദിയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രധാനവേദികൾ കേന്ദ്രീകരിച്ച് മൂന്ന് ബൈക്ക് പട്രോളിംഗ് യൂണിറ്റും പ്രവർത്തിക്കുന്നതായി പൊലീസ് പറഞ്ഞു.

കലാവിന്യാസങ്ങളുടെ നേരെ ഏതെങ്കിലും വിധത്തിലുള്ള കയ്യേറ്റം നടക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കേണ്ടതുണ്ട്. വിദേശികളുടെയടക്കം സൃഷ്ടികളുണ്ട്. മതഭ്രാന്തന്മാരുടെ വിളയാട്ടം നയതന്ത്രബന്ധങ്ങളെയാകും ബാധിക്കുക. 100 രൂപയുടെ പാസെടുത്ത് കലാവിന്യാസം കാണാം. രാജ്യത്ത് പലയിടത്തും ഹൈന്ദവതീവ്രവാദികളുടെ ഗ്യാലറി അക്രമണം നടന്നു കഴിഞ്ഞു. ബിനാലെയിലെ പൊലീസ് ജാഗ്രത ശക്തമാക്കേണ്ടതുണ്ട്.

Read More >>