കുപ്പു ദേവരാജിന്റെ സഹോദരനെ കോളറിന് പിടിച്ച് അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പു ദേവരാജിന്റെ സഹോദരന്‍ ശ്രീധറിന്റെ കോളറില്‍ പിടിച്ച് അപമാനിച്ച അസിസ്റ്റന്റ് കമ്മീഷണര്‍ എംപി പ്രേംദാസിനെയാണ് സ്ഥലം മാറ്റിയത്. 'മാധ്യമം' ഫോട്ടോഗ്രാഫര്‍ പി അഭിജിത്ത് ആണ് ഉദ്യോഗസ്ഥന്‍ അപമാനിക്കുന്ന ചിത്രം പകര്‍ത്തിയത്. ഈ ചിത്രം നവമാധ്യമങ്ങളിലും മറ്റും ഏറെ ചര്‍ച്ചയായിരുന്നു.

കുപ്പു ദേവരാജിന്റെ സഹോദരനെ കോളറിന് പിടിച്ച് അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കുപ്പു ദേവരാജിന്റെ മൃതദേഹത്തിന് മുന്നില്‍ വെച്ച് സഹോദരന്‍ ശ്രീധറിന്റെ കോളറില്‍ കയറി പിടിച്ച കോഴിക്കോട് സിറ്റി പൊലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ എംപി പ്രേംദാസിനെയാണ് സ്ഥലം മാറ്റിയത്. റൂറല്‍ അഡ്മിനിസ്‌ട്രേഷനിലേക്കാണ് സ്ഥലം മാറ്റം. പ്രേംദാസിന് പകരം സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണറായി ആരെയും നിയമിച്ചിട്ടില്ല.

കുപ്പു ദേവരാജിന്റെ സഹോദരനെ അപമാനിച്ചെന്നു പരാതിയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസിന്റെ നിര്‍ദ്ദേശം. പൊതുപ്രവര്‍ത്തകനായ സി ടി മുനീര്‍ ആണ് അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.


എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായല്ല സ്ഥലം മാറ്റമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ മനോജ് എന്നയാള്‍ ഡിജിപിയ്ക്ക് കത്തും നല്‍കിയിരുന്നു.

സംസ്‌കാര ചടങ്ങില്‍ മനഃപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നും ശ്രീധറിന്റെ കോളറില്‍ പിടിച്ച് സംസ്‌കാരം വേഗത്തിലാക്കാന്‍ അസി. കമ്മീഷണര്‍ നിര്‍ബന്ധിച്ചെന്നും മുനീര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അസി. കമ്മീഷണര്‍ക്ക് ക്രമസമാധാന ചുമതല ഉണ്ടായിരുന്നില്ല. ക്രമസമാധാന ചുമതലയുള്ള അസി. കമ്മീഷണറുടെ മുന്നില്‍ വെച്ചാണ് പ്രേംദാസ് അപമര്യാദയായി പെരുമാറിയതെന്നും പരാതിയിലുണ്ട്.

എംപി പ്രേംദാസ് കുപ്പു ദേവരാജിന്റെ കോളറില്‍ പിടിക്കുന്ന ഫോട്ടോ മാധ്യമം പത്രമാണ് പ്രസിദ്ധീകരിച്ചത്. മാധ്യമം ഫോട്ടോഗ്രാഫറായ പി അഭിജിത്ത് പകര്‍ത്തിയ ഫോട്ടോ പിന്നീട് ഏറെ ചര്‍ച്ചയായിരുന്നു.

Read More >>