സാഹിത്യത്തെയും ദൃശ്യകലയെയും സംയോജിപ്പിക്കലാണ് കാലത്തിന്റെ ആവശ്യമെന്ന് റിയാസ് കോമു; കവിതയുടെ കാര്‍ണിവലിന് ഇന്നു പട്ടാമ്പിയില്‍ സമാപനം

കവിതകള്‍ പുതിയ കാലഘട്ടത്തില്‍ ഭീകരതയ്‌ക്കെതിരാവുന്ന പ്രമേയങ്ങളാണ് സ്വീകരിക്കുന്നതെന്ന് കവിയോടൊപ്പം പരിപാടിയില്‍ കവി കെ ജി ശങ്കരപ്പിള്ള പറഞ്ഞു. അത് നരേന്ദ്രമോദിയുടെ ഭീകരതയായാലും ഐസിസിന്റെ ഭീകരതയായാലും ട്രംപിന്റെ ഭീകരതയായാലും കവിതകള്‍ ആവിഷ്‌കരിക്കുന്നത് അവയിലുള്ള ആശങ്കയാണെന്നും കെ ജി ശങ്കരപ്പിള്ള പറഞ്ഞു.

സാഹിത്യത്തെയും ദൃശ്യകലയെയും സംയോജിപ്പിക്കലാണ് കാലത്തിന്റെ ആവശ്യമെന്ന് റിയാസ് കോമു; കവിതയുടെ കാര്‍ണിവലിന് ഇന്നു പട്ടാമ്പിയില്‍ സമാപനം

പട്ടാമ്പി: സാധാരണക്കാരനു കല മനസിലാക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയും വിവിധ സംസ്‌കാരങ്ങളിലുള്ള സാഹിത്യത്തെയും കലയെയും സംയോജിപ്പിക്കുകയുമാണ് കാലത്തിന്റെ ആവശ്യമെന്ന് കൊച്ചി മുസരിസ് ബിനാലെയുടെ മുഖ്യ സംഘാടകന്‍ റിയാസ് കോമു. പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജില്‍ നടക്കുന്ന കവിതയുടെ കാര്‍ണിവലിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിവസമായ ഇന്നലെ ബിനാലെ കാര്‍ണിവലില്‍ പുതിയകാലത്തിന്റെ സാമൂഹികാവിഷ്‌കാരങ്ങള്‍ എന്ന വിഷയത്തില്‍ സംഭാഷണം നടത്തുകയായിരുന്നു റിയാസ് കോമു.നാലു ദിവസങ്ങളിലായി നടക്കുന്ന കവിതയുടെ കാര്‍ണിവല്‍ ഇന്നു സമാപിക്കും.

സ്വാതന്ത്ര്യാനന്തര കാലം മുതല്‍ ഇന്ത്യയിലെ കലാരൂപങ്ങളെ സംയോജിപ്പിക്കാന്‍ വിവിധ കാലങ്ങളിലായി ശ്രമം നടന്നിരുന്നു. എന്നാല്‍ പല കാലങ്ങളിലും അതു വിജയത്തിലെത്തിയില്ല. ഇക്കുറി ബിനാലെയുടെ മൂന്നാം പതിപ്പില്‍ ഇതാണ് ഒരു ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുത്തുകാരെയും ദൃശ്യകലാകാരന്‍മാരെയും ഒന്നിപ്പിക്കുകയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍നിന്നു പുറത്തുപോയ ചിത്രകലാപാരമ്പര്യത്തെ കേരളത്തിലേക്കു തിരികെ കൊണ്ടുവരാന്‍ ബിനാലേയ്ക്കു കഴിഞ്ഞെന്നും അന്‍വര്‍ അലിയുമായുള്ള സംഭാഷണത്തില്‍ റിയാസ്‌കോമു പറഞ്ഞു.

ദക്ഷിണേന്ത്യന്‍ കവിതകളെ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത ശില്‍പശാലയില്‍ അവതരിപ്പിച്ച വിവര്‍ത്തനങ്ങള്‍ കാര്‍ണിവലില്‍ അവതരിപ്പിച്ചു. കവിതകള്‍ പുതിയ കാലഘട്ടത്തില്‍ ഭീകരതയ്‌ക്കെതിരാവുന്ന പ്രമേയങ്ങളാണ് സ്വീകരിക്കുന്നതെന്ന് കവിയോടൊപ്പം പരിപാടിയില്‍ കവി കെ ജി ശങ്കരപ്പിള്ള പറഞ്ഞു. അത് നരേന്ദ്രമോദിയുടെ ഭീകരതയായാലും ഐസിസിന്റെ ഭീകരതയായാലും ട്രംപിന്റെ ഭീകരതയായാലും കവിതകള്‍ ആവിഷ്‌കരിക്കുന്നത് അവയിലുള്ള ആശങ്കയാണെന്നും കെ ജി ശങ്കരപ്പിള്ള പറഞ്ഞു.

അതേസമയം, പുതിയകാല കവിതകളും പഴയകാല കവികളും തമ്മിലുള്ള അന്തരത്തിന്റെ ചര്‍ച്ചകളായിരുന്നു സൈബറിടങ്ങളെക്കുറിച്ചുള്ള ചര്‍ച്ച പങ്കുവച്ചത്. പുതിയ കവിതകള്‍ പലതും പഴയകാല കവികള്‍ വായിക്കുന്നില്ലെന്നു സോഷ്യല്‍മീഡിയയില്‍ സജീവമായ കവികള്‍ ആശങ്ക പ്രകടിപ്പിച്ചു. സൈബറിടങ്ങളില്‍ പെരുകുന്ന അസഹിഷ്ണുത കുറയണമെന്നും പുതിയ കവികളെയും കവിതകളെയും അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള സാഹചര്യം ഒരുക്കണമെന്നും ചര്‍ച്ച വിലയിരുത്തി.

വിവര്‍ത്തനം ജീവിതഗന്ധിയാകണം: സുനില്‍ പി ഇളയിടംവിവര്‍ത്തനം എന്നാല്‍ മൂലകൃതിയെ അതേപോലെ ഭാഷാന്തരം ചെയ്യുന്നതാകരുതെന്നും ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നതാകണമെന്നും സുനില്‍ പി ഇളയിടം പറഞ്ഞു. എഴുത്തച്ഛന്‍ വിവര്‍ത്തനം നടത്തിയപ്പോള്‍ ഭഗവത് ഗീതയെ ആറു ശ്ലോകങ്ങളില്‍ ചുരുക്കാനായത് അന്നത്തെ സ്വാതന്ത്ര്യമായിരുന്നെന്നും ഇന്ന് ചിലപ്പോള്‍ അതു സാധിക്കുകയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതീക്ഷിക്കാത്ത കവിതയെക്കുറിച്ച് ഡോ. കെ സി നാരായണനും പി പവിത്രനും വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. കവി സംവാദത്തില്‍ നിരവധി കവികളും പുതുകവികളുടെ സംഗമത്തില്‍ നിരവധി യുവ കവികളും കവിതകള്‍ അവതരിപ്പിച്ചു. കാര്‍ണിവല്‍ ഇന്നു സമാപിക്കും