കവിതയുടെ കാര്‍ണിവെല്ലിനു പട്ടാമ്പി ഒരുങ്ങി; ഇളമുറക്കാരി കാദംബരിയുടെ കവിതയോടെ തുടക്കം

26 മുതല്‍ 29 വരെ പട്ടാമ്പി സംസ്‌കൃത കോളേജിലാണ്‌ കവിതയുടെ കാര്‍ണിവെല്ലിന്റെ രണ്ടാം പതിപ്പ്. ആവിഷ്‌ക്കാരത്തിലും ആസ്വാദനത്തിലുമുള്ള വൈവിധ്യങ്ങളും വ്യത്യസ്തതകളുടെ സംഗമവും സംവാദവുമാണ്‌ കാര്‍ണിവെല്ലിലിന്റെ ലക്ഷ്യം.

കവിതയുടെ കാര്‍ണിവെല്ലിനു പട്ടാമ്പി ഒരുങ്ങി; ഇളമുറക്കാരി കാദംബരിയുടെ കവിതയോടെ തുടക്കം

നിളയുടെ മണല്‍ത്തരികളെ സാക്ഷിയാക്കി കവികളിലെ ഇളമുറക്കാരി കാദംബരി കവിത ചൊല്ലുന്നതോടെ നാലുദിവസം ദിവസം നീണ്ടു നില്‍ക്കുന്ന പോയം കാര്‍ണിവെല്ലിന്‌ പട്ടാമ്പിയില്‍ തുടക്കമാകും. 26 മുതല്‍ 29 വരെ പട്ടാമ്പി സംസ്‌കൃത കോളേജിലാണ്‌ കവിതയുടെ കാര്‍ണിവെല്ലിന്റെ രണ്ടാം പതിപ്പിന്‌ തുടക്കമാകുക. ആവിഷ്‌ക്കാരത്തിലും ആസ്വാദനത്തിലുമുള്ള വൈവിധ്യങ്ങളും വ്യത്യസ്തതകളുടെ സംഗമവും സംവാദവുമാണ്‌ കാര്‍ണിവെല്ലിലൂടെ ലക്ഷ്യമിടുന്നത്‌.

ദക്ഷിണേന്ത്യന്‍ കവിതാവിവര്‍ത്തന ശില്‍പ്പശാല കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖന്‍ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ കാര്‍ണിവെല്ലും നടക്കും. 27ന്‌ കവിയോടൊപ്പം പരിപാടിയില്‍ സച്ചിദാനന്ദന്‍ പങ്കെടുക്കും. പി രാമന്‍ കവിത അവതരിപ്പിക്കും. കവിതയുടെ താളത്തെക്കുറിച്ച്‌ മനോജ്‌ കുറൂറും അരങ്ങുജീവിതത്തെക്കുറിച്ച്‌ ജി ദിലീപനും പ്രഭാഷണം നടത്തും. കാവ്യഭാഷയും ഭാഷാന്തരണവും എന്ന വിഷയത്തില്‍ സംവാദവും നടക്കും. മേധ, സീന വത്സണ്‍ എന്നിവരുടെ നൃത്താവിഷ്‌കാരങ്ങളും അരങ്ങിനെത്തും.


കുഴൂര്‍ വില്‍സന്റെ പോയട്രി ഇന്‍സ്‌റ്റലേഷനും ആറങ്ങോട്ടുകര പാഠശാലയുടെ മുളവാദ്യ കാവ്യാലാപനവും പാലക്കാട്‌ മെഹ്‌ഫില്‍ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും നടക്കും. കവിതയുടെ അതീത സഞ്ചാരങ്ങളെക്കുറിച്ച്‌ ഡോ. ഉദയകുമാറും കവിതയുടെ ചൊല്‍വഴികളെക്കുറിച്ച്‌ പ്രഫ. വി മധുസൂദനന്‍ നായറം സംസാരിക്കും.

28ന്‌ ദക്ഷിണേന്ത്യന്‍ കവിതാ വിവര്‍ത്തന ശില്‍പശാലയിലെ രചനകളുടെ അവതരണം. ലക്കിടി കുഞ്ചന്‍ സ്‌മാരകത്തിന്റെ ഓട്ടംതുള്ളലും എം ജി ശശിയുടെ ധീരബായി എന്ന നാടകവും അരങ്ങേറും. 29ന്‌ കവിതാ വിവര്‍ത്തനത്തിന്റെ മുഖം എന്ന വിഷയത്തില്‍ എ ജെ തോമസ്‌ പ്രഭാഷണം നടത്തും. കവിതാ നിരൂപണത്തിലെ വര്‍ത്തമാനത്തെക്കുറിച്ച്‌ പൊതുസംവാദവും കവിതാവതരണങ്ങളും നടക്കും.