രാജു നാരായണസ്വാമിയുടെ കള്ളക്കളിക്കു കരണത്തടിക്കുംവിധം മുഖ്യമന്ത്രിയുടെ തിരിച്ചടി; മാപ്പു പറയേണ്ടി വന്നതു മന്ത്രി സുനിൽകുമാറിന്

രാജു നാരായണ സ്വാമിയുടെ നിർദ്ദേശാനുസരണം ഐഐഐടിഎംകെയിലെ ഫയലുകൾ പരിശോധിക്കാനെത്തിയ കൃഷി വകുപ്പിലെ വിജിലൻസ് ഉദ്യോഗസ്ഥർ ഒടുവിൽ ജീവനും കൊണ്ടു രക്ഷപെട്ടു. ദിവസങ്ങൾക്കകം കൃഷി വകുപ്പിൽ നിന്നു രാജു നാരായണ സ്വാമി തെറിക്കുമെന്നാണു സൂചനകൾ.

രാജു നാരായണസ്വാമിയുടെ കള്ളക്കളിക്കു കരണത്തടിക്കുംവിധം മുഖ്യമന്ത്രിയുടെ തിരിച്ചടി; മാപ്പു പറയേണ്ടി വന്നതു മന്ത്രി സുനിൽകുമാറിന്

കേരളത്തിന്റെ അഭിമാനസ്ഥാപനങ്ങളിൽ ഒന്നായ ഐഐഐടിഎംകെയെ താറടിക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമിയുടെ നേതൃത്വത്തിൽ നടന്ന ദുരൂഹനീക്കങ്ങൾക്കു കനത്ത തിരിച്ചടി നൽകി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ. തന്റെ വകുപ്പിലെ സ്ഥാപനത്തിൽ അമിതാധികാരം പ്രയോഗിച്ച വകുപ്പു സെക്രട്ടറിയ്ക്കെതിരെ കൃഷി മന്ത്രി വി എസ് സുനിൽ കുമാറിനോടു കടുത്ത ഭാഷയിൽ മുഖ്യമന്ത്രി നീരസം പ്രകടിപ്പിക്കുകയും ചെയ്തുവെന്നാണ് വിവരം. രാജു നാരായണ സ്വാമിയുടെ നിർദ്ദേശാനുസരണം ഐഐഐടിഎംകെയിലെ ഫയലുകൾ പരിശോധിക്കാനെത്തിയ കൃഷി വകുപ്പിലെ വിജിലൻസ് ഉദ്യോഗസ്ഥർ ഒടുവിൽ ജീവനും കൊണ്ടു രക്ഷപെട്ടു. ദിവസങ്ങൾക്കകം കൃഷി വകുപ്പിൽ നിന്നു രാജു നാരായണ സ്വാമി തെറിക്കുമെന്നാണ് സൂചനകൾ.


[caption id="attachment_70532" align="alignleft" width="300"] എല്ലാം തുടങ്ങിയത് ഈ വാർത്തയിൽ നിന്ന്[/caption]

മുഖ്യമന്ത്രിയുടെ വകുപ്പിലുള്ള സ്ഥാപനത്തിൽ ഒരു ഇടപെടലും വേണ്ടെന്നു രാജു നാരായണ സ്വാമിയോടു കൃഷി മന്ത്രി നിർദ്ദേശിച്ചിരുന്നു. മന്ത്രിയുടെ ഈ നിർദ്ദേശം ധിക്കരിച്ചാണ് ഐഐഐടിഎംകെയിൽ അന്വേഷണത്തിനു തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ സ്വാമി നിയോഗിച്ചത്.

രാജു നാരായണ സ്വാമിയും ഫാം ഇൻഫർമേഷൻ ബ്യൂറോയിലെ ഉന്നതരും മനോരമ ലേഖകനും ചേർന്നു പ്ലാനിംഗ് ബോർഡിലെ ഒരുദ്യോഗസ്ഥനെതിരെ നടത്തിയ ഗൂഢാലോചനയാണ് ഐഐഐടിഎംകെയ്ക്കെതിരെയുള്ള നീക്കമായി പരിണമിച്ചത്. ഈ ഗൂഢാലോചനയുടെ ഭാഗമായാണ് തിരുവനന്തപുരം മെട്രോ മനോരമ തുടർച്ചയായി ഐഐഐടിഎംകെയ്ക്കെതിരെ പ്രസിദ്ധീകരിച്ച വ്യാജവാർത്തകൾ. വാർത്തകളുടെ പഴുതുപയോഗിച്ച് അന്വേഷണമെന്ന പേരിൽ ഐഐഐടിഎംകെയെ വിറപ്പിക്കാൻ കൃഷി വകുപ്പിലെ വിജിലൻസിനെ രാജു നാരായണ സ്വാമി നിയോഗിച്ചു. ഇക്കാര്യവും ഡിസംബർ 29ന് മെട്രോ മനോരമ മാത്രമാണ് റിപ്പോർട്ടു ചെയ്തത്.

കൃഷി വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായിരുന്ന അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ രണ്ടു ദിവസമായി ഫയലുകളെല്ലാം വാരിവലിച്ച് പരിശോധിച്ച ഉദ്യോഗസ്ഥ സംഘം മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ഐഐഐടിഎംകെ മേധാവികളോടു മാപ്പു പറഞ്ഞാണ് ടെക്നോപാർക്കിന്റെ വളപ്പിൽ നിന്നു പ്രാണനും കൊണ്ടു രക്ഷപെട്ടത്. മുഖ്യമന്ത്രിയുടെ വകുപ്പിനു കീഴിൽ വരുന്ന സ്ഥാപനത്തിനെതിരെ കൃഷി വകുപ്പിലെ ഉന്നതർ മനോരമയുടെ സഹായത്തോടെ നടത്തിയ ഗൂഢാലോചനയെക്കുറിച്ച്
നാരദാ ന്യൂസ് റിപ്പോർട്ടു ചെയ്തിരുന്നു
.

അന്വേഷിക്കേണ്ടത് മനോരമയും രാജു നാരായണ സ്വാമിയും തമ്മിലുള്ള ബന്ധം


സംസ്ഥാനത്ത് മാതൃകാപരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഐഐടിഎംകെ. ഐടി അധിഷ്ഠിത പദ്ധതികൾക്ക് 2010ൽ സ്റ്റോക്ക്ഹോം ചലഞ്ച് അവാർഡ് നേടിയ സ്ഥാപനം. ഈ മേഖലയിലെ നോബൽ പ്രൈസായി പരിഗണിക്കപ്പെടുന്ന പുരസ്കാരമാണിത്. ഇങ്ങനെയൊരു സ്ഥാപനത്തെയാണു മനോരമയുമായി ചേർന്നു രാജു നാരായണ സ്വാമി താറടിക്കാൻ ശ്രമിച്ചത്. ആ ശ്രമങ്ങളാണ് അദ്ദേഹത്തിന്റെ തന്നെ കസേര തെറിപ്പിക്കാൻ പോകുന്നത്. കൃഷി വകുപ്പിന്റെ ഫണ്ടു വിനിയോഗത്തിൽ രാജു നാരായണ സ്വാമിയുടെ ഇടപെടലുകളെക്കുറിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണത്തിന് സാധ്യതയൊരുങ്ങുകയാണ്.

[caption id="attachment_71532" align="alignnone" width="1280"] അന്വേഷണ വിവരം മനോരമയ്ക്കു മാത്രം[/caption]

മട്ടുപ്പാവിലെ കൃഷിക്കുവേണ്ടിയെന്ന വ്യാജേന കാർഷിക കർമ്മസേന എന്ന സൊസൈറ്റിയുടെ മറവിൽ  കുടപ്പനക്കുന്ന് കൃഷിഭവൻ ചെലവഴിക്കുന്ന തുകയെക്കുറിച്ചും പദ്ധതിയുടെ സ്പോൺസറായി മനോരമയെ തിരഞ്ഞെടുത്തതിനെക്കുറിച്ചും അന്വേഷണം ഉണ്ടാകുമെന്ന് അറിയുന്നു. അമ്പതു ലക്ഷം രൂപയാണു മട്ടുപ്പാവിലെ കൃഷി പദ്ധതി പ്രചരിപ്പിക്കാൻ മനോരമയ്ക്കു നൽകാമെന്നേറ്റിരുന്നത്.  ഇതുമായി ബന്ധപ്പെട്ട ഫണ്ടുവിനിയോഗത്തെക്കുറിച്ചു പ്ലാനിംഗ് ബോർഡ് വർക്കിംഗ് ഗ്രൂപ്പിൽ ഉയർന്ന നിർദ്ദേശങ്ങളും സംശയങ്ങളുമാണു വ്യാജ വാർത്തയെഴുതി പക വീട്ടാനും പ്രതികാരം ചെയ്യാനുമുള്ള കളികളിലേയ്ക്കു വളർന്നത്.

രാജു നാരായണ സ്വാമിയുടെ ധാർഷ്ട്യത്തിന്റെ ചൂടറിഞ്ഞവരിൽ വി എസ് സെന്തിൽ ഐഎഎസും


തന്നിഷ്ടം പോലെ തുക ചെലവഴിക്കാനുള്ള കൃഷി വകുപ്പുദ്യോഗസ്ഥരുടെ ശ്രമങ്ങളെ എതിർത്തതു പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വി എസ് സെന്തിലും പ്ലാനിംഗ് ബോർഡിലെ കൃഷിയുടെ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജി. രാജശേഖരൻ നായരുമാണ്. രാജു നാരായണ സ്വാമിയുടെ നീക്കങ്ങളിൽ അഴിമതി മണത്ത അവർ ഫണ്ട് വിനിയോഗത്തിന് പുതിയ മാനദണ്ഡങ്ങളുണ്ടാക്കി.

പരിസ്ഥിതി വകുപ്പിൽ നിന്നുള്ള ഫണ്ടും കൃഷിയ്ക്കു കിട്ടുന്നുണ്ട്. ഈ ഫണ്ട് തന്നിഷ്ടപ്രകാരം വിനിയോഗിക്കാനാവില്ലെന്ന് വി എസ് സെന്തിൽ ഐഎഎസ് കർശന നിലപാടു സ്വീകരിച്ചു. ഇതേത്തുടർന്നു വി എസ് സെന്തിൽ ഐഎഎസിനോടു രാജു നാരായണ സ്വാമി തട്ടിക്കയറുകയും ചെയ്തിരുന്നതായി വിവരമുണ്ട്.

ഇതിനു പിന്നാലെയാണു മനോരമയെ ഉപയോഗിച്ചു പ്ലാനിംഗ് ബോർഡിലെ ഡോ. ജി. രാജശേഖരൻ നായരെ താറടിക്കാൻ ശ്രമിച്ചത്. ഡിസംബർ 28 മുതൽ തുടർച്ചയായി തിരുവനന്തപുരം മെട്രോ മനോരമയിൽ ഉന്നതൻ എന്നു പരാമർശിക്കപ്പെട്ടത് ഡോ. ജി. രാജശേഖരൻ നായരെയാണ്. പ്ലാനിംഗ് ബോർഡിലെ ഏറ്റവും ആദരിക്കപ്പെടുന്ന ഉദ്യോഗസ്ഥരിൽ ഒരാളായ രാജശേഖരൻ നായരുടെ ബന്ധുവിന്റെ സ്ഥാപനമാണ് ഐഐഐടിഎംകെ എന്ന വിഡ്ഢിത്തരമാണു മനോരമ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. ഈ വാർത്തകളെ ആയുധമാക്കി തന്റെ വകുപ്പിലെ വിജിലൻസിനെ ഉപയോഗിച്ച് ഐഐഐടിഎംകെയെ വിറപ്പിക്കാമെന്നാണു രാജു നാരായണ സ്വാമി കരുതിയത്.

എന്നാൽ കാര്യം മനസിലാക്കിയ വി എസ് സുനിൽ കുമാർ ഡോ. രാജശേഖരൻ നായരെ നേരിട്ടു വിളിച്ച് ഖേദപ്രകടനം നടത്തിയെന്ന് അറിയുന്നു. തന്റെ വകുപ്പു സെക്രട്ടറിയുടെ ഹീനബുദ്ധി സിപിഐഎം - സിപിഐ തർക്കമായി വളരാതിരിക്കാൻ മന്ത്രി ആവുന്നത്ര ശ്രമിച്ചിരുന്നു. എന്നാൽ അതൊന്നും വകവെയ്ക്കാതെയാണു മുഖ്യമന്ത്രിയുടെ വകുപ്പിലെ സ്ഥാപനത്തെ വിരട്ടാൻ രാജു നാരായണ സ്വാമി ഇറങ്ങിത്തിരിച്ചത്. ആ ശ്രമമാണ് അദ്ദേഹത്തിന്റെ കസേര തെറിക്കുന്നതിലേയ്ക്കു തന്നെ വളർന്നത്.

Read More >>