യേശുവിന്റെ രക്തം ഋഷികേശില്‍ ഒഴുക്കാന്‍ പാസ്റ്റര്‍; പിശാചില്‍ നിന്നു ഭാരതത്തെ രക്ഷിക്കണമെന്ന് ആഹ്വാനം

ദുരാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും ഈറ്റില്ലമായ ഋഷികേശിന്റെ മണ്ണില്‍ കര്‍ത്താവിന്റെ സുവിശേഷം പടരാന്‍ നമുക്കു കൈകോര്‍ക്കാം. ഭാരതം യേശുവിനായ് നേടാനുള്ള പ്രതിജ്ഞ നമുക്കെടുക്കാം. എന്തു വില കൊടുത്തും ഭാരതം പിശാചിനു വിട്ടുകൊടുക്കാതെ യേശുവിനായ് നേടണം - പാസ്റ്റര്‍ പറയുന്നു

യേശുവിന്റെ രക്തം ഋഷികേശില്‍ ഒഴുക്കാന്‍ പാസ്റ്റര്‍; പിശാചില്‍ നിന്നു ഭാരതത്തെ രക്ഷിക്കണമെന്ന് ആഹ്വാനം

മതവിശ്വാസവും മതപ്രചാരണവും ഭരണഘടനാപരമായ അവകാശങ്ങളാണെങ്കിലും മതപ്രചാരണത്തിന്റെ അതിര് എവിടെ നിശ്ചയിക്കണമെന്ന് അറിയാത്തവരാണ് പുതിയ തലമുറയിലെ പല മതപ്രചാരകരും. അത്തരത്തിലൊരു മത പ്രചാരകനെ 'കൊന്നുകൊലവിളിക്കുക'യാണ് സോഷ്യൽ മീഡിയ. ആളുകളെ ആകര്‍ഷിക്കാന്‍ എന്തു തരികിട വേലയും കാട്ടാന്‍ മടിയില്ലാത്ത 'ന്യൂ ജനറേഷന്‍' സുവിശേഷ പ്രഘോഷകരില്‍ ഒരാളായ തൃശൂര്‍ ഷെഖിനാസ് മിനിസ്ട്രിയിലെ ബ്രദര്‍ സന്തോഷ് കരുമാത്രയാണ് ഭാരതത്തെ പിശാചിന്റെ ഉപദ്രവത്തില്‍ നിന്നു രക്ഷിക്കാനായി യേശുവിന്റെ രക്തം ഋഷികേശില്‍ ഒഴുക്കുക എന്ന 'ഭാരിച്ച ഉത്തരവാദിത്വ'വുമായി രംഗത്തുവന്നത്. ഉത്തരാഞ്ചലില്‍ സ്ഥിതി ചെയ്യുന്ന ഋഷികേശിലെ ഒരു പാലത്തിന്റെ മുകളില്‍ നിന്നാണ് സന്തോഷ് ഭാരതത്തിനെ പിശാചിനു വിട്ടുകൊടുക്കാതിരിക്കാനായി തന്റെ 'ആത്മാര്‍ത്ഥമായ' ശ്രമങ്ങള്‍ പ്രഖ്യാപിക്കുന്നത്.


ഹല്ലേലുയ്യ എന്നു പറഞ്ഞുതുടങ്ങുന്ന സംഭാഷണത്തില്‍ 'ഋഷികേശിന്റെ മണ്ണിലേക്ക് കര്‍ത്താവിന്റെ തിരുച്ചോര ഒഴുകപ്പെടുവാന്‍, ഈ അന്തരീക്ഷം മുഴുവന്‍ എതിര്‍ പൂജകളാലും എതിര്‍ പ്രാര്‍ത്ഥനകളാലും നിറഞ്ഞിരിക്കുകയാണ്. ഈ അന്തരീക്ഷം ശുദ്ധീകരിക്കപ്പെടുവാന്‍, ഈ ദേശത്തിന്റെ ഇവാഞ്ചലൈസേഷനെ തടയുന്ന മഹാ സര്‍പ്പത്തിനെ കര്‍ത്താവിന്റെ വാളിനാല്‍ കുത്തിപ്പിളര്‍ക്കപ്പെടുവാന്‍ നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം' എന്ന് ബ്രദര്‍ പറയുന്നു. അടുത്ത ഘട്ടത്തില്‍ 'ഭാരതം യേശുവിന്റേതാണ്, ഋഷികേശ് യേശുവിന്റേതാണ്, പുറകില്‍ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഗംഗാ നദിയാണ്. ദുരാചാരങ്ങളുടേയും അന്ധ വിശ്വാസങ്ങളുടേയും ഈറ്റില്ലമായ ഋഷികേശിന്റെ മണ്ണില്‍ കര്‍ത്താവിന്റെ സുവിശേഷം പടരാന്‍ നമുക്ക് കൈകോര്‍ക്കാം. ഭാരതം യേശുവിനായ് നേടാനുള്ള പ്രതിജ്ഞ നമുക്കെടുക്കാം. എന്തു വില കൊടുത്തും ഭാരതം പിശാചിനു വിട്ടുകൊടുക്കാതെ യേശുവിനായ് നേടണം' എന്നൊക്കെയാണ് 2.2 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബ്രദര്‍ സന്തോഷ് പറയുന്നത്.


സിനിമയെ വെല്ലുന്ന അടിപൊളി ബാക്ക് ഗ്രൗണ്ട് സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹം ഇന്ത്യയെ പിശാചില്‍ നിന്നു മോചിപ്പിക്കാനുള്ള ശ്രമത്തിനു തുടക്കം കുറിയ്ക്കുന്നത്. എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാനായി പാലത്തിലൂടെ യാത്ര ചെയ്യുന്നവരില്‍ പലരും ക്യാമറയിലേക്ക് എത്തിനോക്കുന്നുണ്ടെങ്കിലും ഭാഷ മനസിലാകാത്തതു കൊണ്ടു പിന്തിരിഞ്ഞു പോകുന്നുമുണ്ട്. ഭാരതത്തെ ക്രിസ്തുവിനായി നേടാന്‍ ആഹ്വാനം ചെയ്തു പരസ്യമായി രംഗത്തുവന്ന പാസ്റ്റര്‍ ഉത്തരാഞ്ചലില്‍ പോയി മലയാളം തന്നെ പറഞ്ഞത് നന്നായെന്നും മറിച്ചായിരുന്നെങ്കില്‍ പാസ്റ്റര്‍ക്ക് വേഗം സ്വര്‍ഗത്തിലെത്തി 'യേശു അപ്പച്ചനു'മായി പൂന്തോട്ടം കാണാനുള്ള 'ഭാഗ്യം' ലഭിച്ചേനെയെന്നുമാണ് നവമാധ്യമങ്ങളിലെ പരിഹാസം.