അച്ചടക്ക നടപടി താക്കീതിലൊതുങ്ങി: വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തും; വോട്ടവകാശമില്ല

പ്രത്യേക ക്ഷണിതാവെന്ന നിലയിലാണ് വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വോട്ടവകാശമില്ല. സംസ്ഥാന കമ്മിറ്റിയാണ് ഇനി മുതല്‍ വിഎസിന്റെ പാര്‍ട്ടി ഘടകം. പാര്‍ട്ടി ശിക്ഷാ നടപടികളില്‍ ഏറ്റവും ലഘുവായ ശിക്ഷയാണു താക്കീത്. നിലവില്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക്ഷ ക്ഷണിതാവു മാത്രമാണു വിഎസ്.

അച്ചടക്ക നടപടി താക്കീതിലൊതുങ്ങി: വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തും; വോട്ടവകാശമില്ല

തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിനു വിഎസിനെതിരായ കേന്ദ്രകമ്മിറ്റിയുടെ നടപടി താക്കീതിലൊതുങ്ങി. പിബി റിപ്പോര്‍ട്ട് അംഗീകരിച്ചാണ്, ഇന്നു തിരുവനന്തപുരത്തു സമാപിച്ച കേന്ദ്രകമ്മിറ്റി യോഗത്തിന്റെ നടപടി. ഇനിമേല്‍ അച്ചടക്കലംഘനം ഉണ്ടാവരുതെന്നു സിസി വിഎസിനു നിര്‍ദേശം നല്‍കി. അതേസമയം, വിഎസിനെ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.

പ്രത്യേക ക്ഷണിതാവെന്ന നിലയിലാണ് വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വോട്ടവകാശമില്ല. സംസ്ഥാന കമ്മിറ്റിയാണ് ഇനി മുതല്‍ വിഎസിന്റെ പാര്‍ട്ടി ഘടകം. പാര്‍ട്ടി ശിക്ഷാ നടപടികളില്‍ ഏറ്റവും ലഘുവായ ശിക്ഷയാണു താക്കീത്. നിലവില്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക്ഷ ക്ഷണിതാവു മാത്രമാണു വിഎസ്.


എന്നാല്‍ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന വിഎസിന്റെ ആവശ്യം കേന്ദ്ര കമ്മിറ്റി നിരാകരിച്ചു. പ്രായാധിക്യവും പാര്‍ട്ടി ചട്ടങ്ങളും മുന്‍നിര്‍ത്തിയാണ് ഇക്കാര്യം പാര്‍ട്ടി പരിഗണിക്കാതിരുന്നത്. രാവിലെ സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം വിഎസ് ഉന്നയിച്ചത്.

അതേസമയം, ബന്ധു നിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇപി ജയരാജനും പികെ ശ്രീമതിക്കുമെതിരെ നടപടി വേണ്ടെന്നാണ് കേന്ദ്രകമ്മിറ്റി തീരുമാനം. എന്നാല്‍ ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദം അന്വേഷിക്കാന്‍ സിസി സംസ്ഥാനസമിതിക്കു നിര്‍ദേശം നല്‍കി.

അതേസമയം, വിഎസിനു പറയാനുള്ളത് സംസ്ഥാനസമിതിയില്‍ പറയണമെന്നും പുറത്തുപറയരുതെന്നും സിപിഐഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഎസ് പാര്‍ട്ടിക്കു വഴങ്ങണം. പാര്‍ട്ടിയുടെ അച്ചടക്കവും സംഘടനാ തത്വങ്ങളും പാലിക്കണം. മുതിര്‍ന്ന നേതാവെന്ന നിലയില്‍ അദ്ദേഹം അച്ചടക്കം പാലിക്കണം.

വിഎസ് പാര്‍ട്ടിയുടെ സ്ഥാപകനേതാവും വഴികാട്ടിയുമാണ്. പാര്‍ട്ടി തത്വവും സംഘടനാ അച്ചടക്കവും ലംഘിച്ചതിനാണ് അദ്ദേഹത്തെ കേന്ദ്രകമ്മിറ്റി താക്കീത് ചെയ്തതെന്നും യെച്ചൂരി വ്യക്തമാക്കി. ഒപ്പം, മുന്‍ മന്ത്രി ഇപി ജയരാജന്റേയും പികെ ശ്രീമതിയുടേയും പ്രവൃത്തി പാര്‍ട്ടിക്കു യോജിച്ചതല്ലെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍നിന്നു ഇറങ്ങിപ്പോയ വിഎസിന്റെ നടപടിയാണ് അച്ചടക്കലംഘനമായി പിബി കമ്മീഷന്‍ വിലയിരുത്തിയത്. ഈ സംഭവത്തിലേതടക്കമുള്ള വിഎസിന്റെ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് പിബി കേന്ദ്രകമ്മിറ്റിക്കു റിപ്പോര്‍ട്ട് നല്‍കിയത്.

അതേസമയം, കേന്ദ്രകമ്മിറ്റിയുടെ തീരുമാനങ്ങള്‍ തൃപ്തികരവും ന്യായവുമാണെന്നായിരുന്നു വിഎസിന്റെ പ്രതികരണം. തീരുമാനം പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

Read More >>