ജിഷ്‌ണുവിനു മുമ്പ്‌ ഞാന്‍ കൊല്ലപ്പെടാതിരുന്നതു ദൈവകൃപകൊണ്ട്‌: പാമ്പാടി കോളേജിലെ ആദ്യകാല സമരനായകന്‍ പീഡാനുഭവങ്ങൾ വെളിപ്പെടുത്തുന്നു

"ജിഷ്‌ണുവിന്‌ മുമ്പ്‌ എന്നെ കൊലപ്പെടുത്താനായിരുന്നു അവരുടെ പദ്ധതി. രാത്രിയില്‍ ഗുണ്ടകളെ വിട്ട്‌ ക്രൂരമായി മര്‍ദ്ദിച്ചു. എന്റെ ഒരു വര്‍ഷത്തെ അധ്യയനവും അവര്‍ തടസ്സപ്പെടുത്തി. പിന്നീടും പലവിധത്തിലുള്ള വേട്ടയാടല്‍". പാമ്പാടി നെഹ്രു കോളേജ്‌ മാനേജ്‌മെന്റിന്റെ കൊള്ളരുതായ്‌മകള്‍ക്കെതിരെ പ്രതികരിച്ച മുഹമ്മദ്‌ ഷാഫിയുടെ വാക്കുകളാണിത്‌. 2007ല്‍ ബിടെക്‌ കമ്പ്യൂട്ടര്‍ സയന്‍സിന്‌ പാമ്പാടി നെഹ്രു കോളേജില്‍ ചേര്‍ന്ന ഷാഫി, കോളേജ് അധികൃതരില്‍ നിന്ന്‌ അനുഭവിച്ച പീഡനങ്ങളും തുടർസംഭവങ്ങളും ആദ്യമായി വെളിപ്പെടുത്തുന്നു.

ജിഷ്‌ണുവിനു മുമ്പ്‌ ഞാന്‍ കൊല്ലപ്പെടാതിരുന്നതു ദൈവകൃപകൊണ്ട്‌: പാമ്പാടി കോളേജിലെ ആദ്യകാല സമരനായകന്‍ പീഡാനുഭവങ്ങൾ വെളിപ്പെടുത്തുന്നു

2010 ഏപ്രിലില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഫിസിക്കല്‍ അധ്യാപകന്‍ ഗോവിന്ദന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒരു സംഘം അധ്യാപകര്‍ രാത്രിയില്‍ ഗേള്‍സ്‌  ഹോസ്‌റ്റലില്‍ കയറി പരിശോധന തുടങ്ങി. മൊബൈല്‍ ഉപയോഗിക്കുന്നത്‌ പരിശോധിക്കാനാണെന്ന്‌ പറഞ്ഞ്‌ ഹോസ്‌റ്റലില്‍ കയറിയ സംഘം പെണ്‍കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്ന്‌ മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടശേഷം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളെ ഭീഷണിപ്പെടുത്തിയാണ്‌ സംഘം മടങ്ങിയത്‌.


ഇക്കാര്യം പെണ്‍കുട്ടികള്‍ അവരവരുടെ വീടുകളിലേക്ക്‌ വിളിച്ചറിയിച്ചതോടെ അടുത്തദിവസവും സംഘം വീണ്ടും ഗേള്‍സ്‌ ഹോസ്‌റ്റലിലെത്തി; കുട്ടികളെ ഭീഷണിപ്പെടുത്തി. "നിങ്ങളില്‍ പലരുടെയും നഗ്നചിത്രങ്ങള്‍ കൈവശമുണ്ട്‌. മര്യാദയ്‌ക്ക്‌ നിന്നില്ലെങ്കില്‍ അതെല്ലാം യൂട്യൂബില്‍ അപ്‌ ലോഡ്‌ ചെയ്യും". ഭീഷണിപ്പെടുത്തി സംഘം തിരിച്ചുപ്പോയി. സംഘത്തിലുള്ള അഞ്ചുപേരും പുരുഷ അധ്യാപകരായിരുന്നു. ഇതുസംബന്ധിച്ച്‌ കുട്ടികള്‍ പ്രിന്‍സിപ്പലിനുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

അധികൃതരുടെ മോശമായ നടപടിക്കെതിരെ മുഹമദ്‌ ഷാഫിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സംഘടിച്ചിറങ്ങി. രക്ഷകര്‍തൃസമിതിയോ വിദ്യാര്‍ഥി സംഘടനകളോ ഇല്ലാത്ത കോളേജില്‍ മാനേജ്‌മെന്റധികൃതര്‍ക്ക്‌ തോന്നിയപോലെയാണ്‌ ഭരണം. കൊള്ളരുതായ്‌മകള്‍ ചോദ്യംചെയ്‌താലുണ്ടാകുന്ന ഭവിഷ്യത്ത്‌ ഓര്‍ത്ത്‌ ആരും പ്രതികരിക്കാറില്ല.

കോളേജിന്റെ ചരിത്രത്തിലാദ്യമായി ഷാഫിയുടെ നേതൃത്വത്തില്‍ 3000ത്തോളം വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. രാത്രിയില്‍ റോഡ്‌ ഉപരോധിച്ചു. ലക്കിടിയിലെ നെഹ്രു കോളേജും വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. രാഷ്ട്രീയ പാര്‍ട്ടികളെയും മാധ്യമങ്ങളെയും വിവരമറിയിച്ചെങ്കിലും ആരും വിഷയത്തില്‍ കാര്യമായി ഇടപെട്ടില്ല. പണം വാരിയെറിഞ്ഞ്‌ കോളേജധികൃതര്‍ എല്ലാവരെയും വിലക്കെടുക്കുകയായിരുന്നെന്ന്‌ ഷാഫി പറയുന്നു.

സംഭവം വലിയ ഒച്ചപ്പാടായതോടെ ഷാഫിയെ ലക്ഷ്യം വച്ച്‌ പല നീക്കങ്ങളും കോളേജധികൃതര്‍ നടത്തി. രാത്രിയില്‍ തിരുവില്വാമലയിലേക്ക്‌ ബൈക്കില്‍ പെട്രോളടിക്കാന്‍ പുറപ്പെട്ട ഷാഫിയെ പാമ്പാടിയില്‍ വച്ച്‌ ജീപ്പിലെത്തിയ നാലംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചു. വഴിയില്‍ക്കിടന്ന ഷാഫി മൊബൈലില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന്‌ സഹപാഠികളെത്തി ആശുപത്രിയിലാക്കി.

ഷാഫിയ്‌ക്ക്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കോളേജധികൃതരുടെ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ഥികള്‍ വീണ്ടും തെരുവിലിറങ്ങി. ഷാഫിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി. ഷാഫിയ്‌ക്ക്‌ നീതി ആവശ്യപ്പെട്ട്‌ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളേജിലേക്ക്‌ ഒഴുകിയെത്തി. ഇതിനിടെ കോളജ്‌ അനിശ്ചിതകാലത്തേക്ക്‌ പൂട്ടിയിട്ടു.

ഒരാഴ്‌ച കഴിഞ്ഞ്‌ അധ്യയനം പുനരാരംഭിച്ചപ്പോള്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയും മറ്റും കോളേജധികൃതര്‍ പലചേരിയിലാക്കി. ജാതിയും മതവും രാഷ്ട്രീയവുമെല്ലാം പരമാവധി അവര്‍ ഉപയോഗിച്ചു. മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ണടച്ചു. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ഷാഫിയ്‌ക്കെതിരെ പരാതി എഴുതിവാങ്ങി. ഷാഫി തങ്ങളെ കരുവാക്കുകയായിരുന്നെന്ന്‌ എഴുതിയില്ലെങ്കില്‍ പിന്നെയിവിടെ മര്യാദയ്‌ക്ക്‌ പഠിക്കില്ലെന്ന കോളേജധികൃതരുടെ ഭീഷണിയെത്തുടര്‍ന്ന്‌ കുട്ടികള്‍ അനുസരിക്കാന്‍ നിര്‍ബന്ധിതരായി.

സമരത്തിന്‌ നേതൃത്വം നല്‍കിയ ഷാഫിയും സഹപാഠി നവീനും പരീക്ഷ എഴുതേണ്ടതില്ലെന്ന്‌ കോളേജധികൃതര്‍ അറിയിച്ചു. ഇക്കാര്യം ഇരുവരും ചോദ്യം ചെയ്‌തതോടെ ഇയര്‍ ഔട്ട്‌ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളെ അനാവശ്യ സമരത്തിലേക്ക്‌ തള്ളിവിട്ടതിന്‌ ഷാഫിയെയും കോളേജ്‌ പി ആര്‍ ഒയുടെ കാര്‍ ആക്രമിച്ചെന്ന്‌ കേസുണ്ടാക്കി നവീനെയും ഇയര്‍ഔട്ട്‌ ചെയ്‌തു. പിന്നീട്‌ ഷാഫിയുടെ ഉമ്മയെ വിളിച്ച്‌ ചിലര്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഞങ്ങള്‍ക്ക്‌ നിങ്ങളുടെ മകന്‍ കോടികളുടെ നഷ്ടമാണുണ്ടാക്കിയത്‌, അവനെ വെറുതെ വിടുമെന്ന്‌ വിചാരിക്കേണ്ടെന്നായിരുന്നു ഭീഷണി.

വീട്ടുകാരുടെ എതിര്‍പ്പ്‌ അവഗണിച്ച്‌ 2011ല്‍ കോളജിലെത്തിയ ഷാഫിയെ പിന്നീട്‌ പലതരത്തില്‍ കോളേജധികൃതര്‍ മാനസികമായി പീഡിപ്പിച്ചു. ആ ഒരു വര്‍ഷം പിന്നീട്‌ ഷാഫിയെ സംബന്ധിച്ചിടത്തോളം വേട്ടയാടലിന്റെ കാലമായിരുന്നു. 2011ല്‍ പൂര്‍ത്തിയാകേണ്ട കോഴ്‌സ്‌ 2012ലാണ്‌ കഴിഞ്ഞത്‌. ഇനിയൊരു ഷാഫി കോളേജില്‍ ഉണ്ടാകരുതെന്ന്‌ പ്രഖ്യാപിച്ചായിരുന്നു മാനേജ്‌മെന്റിന്റെ പീഡനം.

ജിഷ്‌ണുവിന്റെ മരണം സര്‍ക്കാറിനെ കണ്ണുതുറപ്പിക്കില്ലെന്നും പതിവ്‌ പോലെ നെഹ്രു കോളേജ്‌ കൊള്ളരുതായ്‌മകള്‍ തുടരുമെന്നുതന്നെയാണ്‌ തന്റെ വിലയിരുത്തലെന്നും ബിസിനസ്സുകാരനായ ഷാഫി പറയുന്നു. "കാരണം അവര്‍ ശക്തരാണ്‌. ഇപ്പോള്‍ സമരം ചെയ്യാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരുടെ ഭാവിപോലും സുരക്ഷിതമല്ല". ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍കൊണ്ടൊന്നും നെഹ്രു കോളജിന്‌ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നതാണ്‌ തന്റെ അനുഭവസാക്ഷ്യമെന്നും ഷാഫി.

Read More >>