കുടിയേറ്റനിരോധനം 'മുസ്ലീം' വിലക്കല്ലെന്നു ട്രംപ്; പട്ടികയില്‍ പാകിസ്ഥാനും ഉള്‍പ്പെട്ടേക്കും

ഇറാന്‍, ഇറാഖ്, യെമന്‍, സോമാലിയ, ലിബിയ, സുഡാന്‍ എന്നീ രാജ്യങ്ങളിലെ അഭയാര്‍ത്ഥികള്‍ക്കാണ് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാദ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് നിരോധനം മുസ്ലീം വിലക്കല്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും, ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന കാര്യം പിന്നീടാലോചിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

കുടിയേറ്റനിരോധനം

മുസ്ലീം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ച വിവാദ ഉത്തരവിനു പിന്നാലെ പാകിസ്ഥാനെയും പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവുമായി വൈറ്റ് ഹൗസ്. പാകിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനം നടക്കുന്നുവെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതാണെന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റെയിന്‍സ് പ്രിബസ് വ്യക്തമാക്കി. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.


നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് രാജ്യങ്ങളില്‍ വന്‍തോതില്‍ ഭീകരപ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് ഒബാമ ഭരണകൂടം തിരിച്ചറിഞ്ഞിരുന്നതായും ഈ സാഹചര്യത്തിലാണ് ട്രംപ് തീരുമാനമെടുത്തതെന്നും റെയിന്‍സ് പ്രിബസ് പറഞ്ഞു.

ഇറാന്‍, ഇറാഖ്, യെമന്‍, സോമാലിയ, ലിബിയ, സുഡാന്‍ എന്നീ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള അഭായാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ കുടിയേറ്റത്തിന് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് ' മുസ്ലീം' വിലക്ക് അല്ലെന്ന വ്യക്തമാക്കി ട്രംപ് തന്നെ നേരിട്ട് രംഗത്തെത്തി. ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമേ തന്റെ ഉത്തരവ് പ്രശ്‌നം സൃ്ഷടിക്കുന്നുള്ളൂവെന്നും നാല്പതില്‍ അധികം മുസ്ലീം ഭൂരിപക്ഷ രാജ്യക്കാര്‍ക്കും ഉത്തരവ് ബാധകമല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. വിലക്കേര്‍പ്പെടുത്തിയത് മതപരമായ പ്രശ്‌നമല്ലെന്നും മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ട്രംപ് പറഞ്ഞു.

ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്ക് സുഗമമായി നടപ്പാക്കി വരികയാണ്. രാജ്യത്ത് പഴുതടച്ചുള്ള സുരക്ഷ ഏര്‍പ്പെടുത്തിയ ശേഷം വിസ അനുവദിക്കാമെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. സ്വന്തം പൗരന്മാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും പ്രസ്താവനയില്‍ ട്രംപ് വ്യക്തമാക്കി.

നേരത്തെ ട്രംപിന്റെ ഉത്തരവ് ഭാഗികമായി വിലക്കി യു എസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അംഗീകൃത അഭയാര്‍ത്ഥികളേയും വിസയടക്കം നിയമപരമായ രേഖകളുള്ളവരേയും പുറത്താക്കുന്നത് തടഞ്ഞായിരുന്നു കോടതിവിധി.