ആ മാധവിക്കുട്ടിയല്ല പപ്പേട്ടന്റെ ഈ മാധവിക്കുട്ടി: രാധാലക്ഷ്മി പറയുന്നു

ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന് പറയാതെ പറഞ്ഞ് പത്മരാജന്‍ ജീവിതം വിട്ടു പോയിട്ട് 26 വര്‍ഷം. അദ്ദേഹത്തിന്റെചിതയെരിഞ്ഞ മുതുകുളത്ത് വീട്ടിലിരുന്ന് രാധാലക്ഷ്മി പറയുന്നു- ചാരെ മാധവിക്കുട്ടിയുണ്ട്.

ആ മാധവിക്കുട്ടിയല്ല പപ്പേട്ടന്റെ  ഈ മാധവിക്കുട്ടി: രാധാലക്ഷ്മി പറയുന്നു

ഇരുപ്പത്താറു വര്‍ഷങ്ങള്‍... ശൂന്യതയായിരുന്നില്ലെ?

പെട്ടെന്നൊരു നാള്‍ തനിച്ചായതിനെ ശൂന്യത എന്ന് മാത്രം വിശേഷിപ്പിക്കാന്‍ കഴിയുമോ. എല്ലാം അവസാനിച്ചത്‌ പോലെയായിരുന്നു...രണ്ടു മക്കളും ഞാനും! എങ്ങനെയാണ് മുന്നോട്ടു എന്നുള്ള കാര്യത്തില്‍ പോലും നിശ്ചയം ഉണ്ടായിരുന്നില്ല. എനിക്കന്ന് ജോലിയൊന്നുമില്ല. രണ്ടു കുട്ടികളും പഠിക്കുകയാണ്...ദൈവം എന്ന ഒരാളുണ്ട് എന്ന് എനിക്ക് അനുഭവത്തില്‍ മനസിലാക്കാന്‍ തന്ന സാഹചര്യങ്ങളായിരുന്നു അത്.


അന്നത്തെ കാലത്ത് അധികമൊന്നും സമ്പാദിച്ചിട്ടല്ലായിരുന്നല്ലോ അദ്ദേഹം പോയത്. ഉള്ളത് ഒരിക്കലും നശിപ്പിച്ചിരുന്നില്ല. ഉള്ളതെല്ലാം എന്റെ കയ്യില്‍ കൊണ്ടുത്തരും. അങ്ങനെയെല്ലാമായിരുന്നത് കൊണ്ട് അവിടെനിന്നിങ്ങോട്ടും ജീവിക്കാന്‍ സാധിച്ചു. നല്ല മക്കളാണ്ഈശ്വരന്‍ ഞങ്ങള്‍ക്ക് തന്നത്. അതുക്കൊണ്ടു പിന്നീടും അക്കാര്യത്തില്‍ എനിക്ക് പ്രയാസം അനുഭവിക്കേണ്ടതായി വന്നില്ല.പത്മരാജന്റെ കുടുംബം എന്ന മേല്‍വിലാസം മറ്റെന്തിലും കരുത്തുള്ളതായിരുന്നു. ശൂന്യതയെ പകരം വയ്ക്കാനുള്ള ആര്‍ജ്ജവവും ആ മേല്‍വിലാസം ഞങ്ങള്‍ക്ക് തന്നു.

അദ്ദേഹം ഗന്ധര്‍വനായി ഇവിടെത്തന്നെയുണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ?

ഗന്ധര്‍വനായി എന്നല്ല..എവിടെയാണോ അദ്ദേഹം ഈ യാത്ര അവസാനിപ്പിച്ചത്, അവിടെ എന്ന പോലെ ഇപ്പോഴും ആ സാന്നിധ്യം ഞാന്‍ അനുഭവിക്കാറുണ്ട്. നേരത്തെ പറഞ്ഞത് പോലെ അദ്ദേഹത്തെ സ്നേഹിക്കുകയും അദ്ദേഹം ഭ്രാന്തമായി സ്നേഹിക്കുകയും ചെയ്ത മക്കളുടെ സാമീപ്യമായിരിക്കാം അത്തരത്തിലൊരു നിരാശയിലേക്ക് എന്നെ കൊണ്ടെത്തിക്കാത്തത്.

പറയാന്‍ പാടുണ്ടോ എന്നറിയില്ല, പപ്പനെ (മകന്‍ അനന്തപത്മനാഭന്‍) ചിലപ്പോഴൊക്കെ അറിയാതെ രാജേട്ടാ എന്നും ഞാന്‍ വിളിച്ചു പോകും.

മകള്‍ മാധവിക്കുട്ടിയെ അദ്ദേഹം ചിലപ്പോഴൊക്കെ 'എടാ മാടാ..' 'മാതു' എന്നെല്ലാമാണ് വിളിച്ചിരുന്നത്. 'എന്താ ഫയല്‍വാനെ..' എന്ന് അവള്‍ തിരിച്ചുചോദിക്കുമ്പോള്‍ സന്തോഷത്തോടെ പൊട്ടിച്ചിരിക്കുന്ന രാജേട്ടന്റെ രൂപം എന്റെ മറവി ഇപ്പോഴും കവര്‍ന്നിട്ടില്ല


പപ്പേട്ടന്റെ മിക്ക രചനകളിലും സ്ത്രീകള്‍ക്ക് അന്നുവരെ ആരും പറയാത്ത മറ്റൊരു ആഖ്യാനത്തിലെ പവിത്രതയാണ് ഉണ്ടായിരുന്നത്...

ഭയങ്കര ബോള്‍ഡായ ഒരു അമ്മയുടെ മകനാണ് രാജേട്ടന്‍. സ്കൂളില്‍ ഒന്നും പോയി പഠിച്ചിട്ടില്ല എങ്കിലും ആ അമ്മയക്ക് അറിയാന്‍ പാടില്ലാത്തതായി ഒരു കാര്യവും ഉണ്ടായിരുന്നില്ല. മൂന്ന് ഭാഷകള്‍ (മലയാളം, ഹിന്ദി, സംസ്കൃതം) വായിക്കാനും സംസാരിക്കാനും അമ്മയ്ക്ക് അറിയാമായിരുന്നു.

മാത്രമല്ല, പപ്പേട്ടന്‍ എഴുതുന്ന എല്ലാ കഥകളും അമ്മ വായിച്ചു നോക്കിയതിന് ശേഷം മാത്രമായിരുന്നു ലോകം അറിഞ്ഞത്. അമ്മ അംഗീകരിക്കുന്നത് അദ്ദേഹത്തിന്റെ രചനകളായി മാറി. പത്മരാജന്‍ ചിത്രങ്ങളുടെ എഡിറ്റര്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ അമ്മയായിരുന്നു എന്ന് പറയാം.

മകള്‍ക്ക് മാധവിക്കുട്ടി എന്ന് പേരിട്ടത് എഴുത്തുകാരി മാധവിക്കുട്ടിയോടുള്ള ബഹുമാനമായിരുന്നോ?

[caption id="attachment_76259" align="aligncenter" width="600"] മകള്‍ മാധവിക്കുട്ടിയും, രാധാലക്ഷ്മി പത്മരാജനും[/caption]

പലരും ഇങ്ങനെ ചോദിച്ചിട്ടുണ്ട്. എന്നാല്‍ സത്യമതല്ല. എന്റെ അമ്മൂമ്മയുടെ പേരാണ് മകള്‍ക്കിട്ടത്. മകന് അദ്ദേഹത്തിന്റെ അച്ഛന്റെ പേരും.
എഴുത്തില്‍ ധൈര്യം കാണിക്കുന്ന സ്ത്രീ എന്ന നിലയില്‍ രാജേട്ടന്‍ മാധവിക്കുട്ടിയെ ഏറെ ബഹുമാനിച്ചിരുന്നു. ഞാനും വളരെ ബഹുമാനിക്കുന്ന എഴുത്തുകാരിയാണ് അവര്‍. വീടിന്റെ പേരിടുമ്പോള്‍ പോലും ആ ധൈര്യം പ്രകടിപ്പിക്കാന്‍ അവര്‍ തയ്യാറായതിനെ സമ്മതിക്കാതെ വയ്യ.

മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുന്നതിനെ സംബന്ധിച്ച് ഇപ്പോള്‍ വിവാദങ്ങള്‍ ഉയരുന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്.

ജീവിതം ഇപ്പോള്‍...

മകന്‍ പപ്പനും കുടുംബവും ഒന്നിച്ചു പൂജപ്പുരയില്‍ താമസിച്ചു വരുന്നു. മകള്‍ മാധവിക്കുട്ടിയും കുടുംബവും കേശവദാസപുരത്ത് താമസിക്കുന്നു.

കൂടാതെ മഹിളാമന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇപ്പോഴുള്ള ജീവിതനിയോഗം പൂര്‍ത്തീകരിക്കുന്നു.

മഹിളാമന്ദിരത്തെക്കുറിച്ച്?


ശ്രീമൂലംതിരുനാള്‍ ശഷ്ടിപൂര്‍ത്തി സ്മാരക ഹിന്ദു മഹിളാമന്ദിരം എന്നാണ് ഇതിന്റെ പേര്. 98 വര്‍ഷം പഴക്കമുള്ള ഒരു സേവനമാണ് ഈ സ്ത്രീശക്തിയുടെ കൂട്ടായ്മ.87 കുട്ടികളുള്ള ഒരു അനാഥമന്ദിരം ഞങ്ങള്‍ മഹിളാമന്ദിരം ഭാരവാഹികള്‍ നടത്തിവരുന്നു. അവരുടെ പഠനം, ജോലി വിവാഹം എന്നീ കാര്യങ്ങള്‍ എല്ലാം മന്ദിരത്തിന്റെ ഉത്തരവാദിത്തങ്ങളാണ്. അതെല്ലാം നാളിതുവരെ ഭംഗിയായി നടന്നുവരുന്നു.

പൂജപ്പുരയില്‍ മൂന്നര ഏക്കര്‍ സ്ഥലമുണ്ട്. അവിടെ ഒരു ഹൈസ്കൂളും സിബിഎസ്സി സിലബസിലുള്ള പ്രൈമറി സ്കൂളും പ്രവര്‍ത്തിച്ചുവരുന്നു.'മഹിമാ കോംപ്ലെക്സ്‌' എന്ന സംരംഭത്തില്‍ സ്ത്രീകള്‍ക്ക് ചെറിയ രീതിയിലുള്ള തൊഴില്‍അവസരങ്ങള്‍ നല്‍കിവരുന്നുണ്ട്. കെല്‍ട്രോണിന്റെ കീഴിലുള്ള ഒരു കമ്പ്യൂട്ടര്‍ സ്ഥാപനവും ഇതില്‍ ഉള്‍പ്പെടും.

ഒരു പ്രിന്‍റിംഗ് പ്രസ്സും, കാറ്ററിംഗ് യുണിറ്റും മഹിളാമന്ദിരത്തിനുണ്ട്. ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് സൗജന്യമായും ഭക്ഷണം നല്‍കി വരുന്നു.

കൂടാതെ നെടുംമങ്ങാട് താലൂക്കില്‍ വാളിയറ എന്ന സ്ഥലത്ത് മന്ദിരത്തിനു എട്ടര ഏക്കര്‍ സ്ഥലമുണ്ട്. എസ്ഓഎസ് മാതൃകയില്‍ അവിടെ കുട്ടികള്‍ക്കുള്ള അഞ്ച് വീടും പ്രായം ചെന്നവര്‍ക്കുള്ള അഞ്ചു വീടും നിര്‍മ്മിക്കാനിരിക്കുകയാണ്. പെണ്‍ക്കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രമുള്ളതാണ് ഈ സംരംഭം. ഇപ്പോള്‍ കുട്ടികള്‍ക്കുള്ള രണ്ടു വീടിന്റെ പണി കഴിഞ്ഞു.

ഇപ്പോള്‍ എഴുതാറില്ലേ?

ഞാന്‍ വലിയ എഴുത്തുകാരിയൊന്നുമല്ലെല്ലോ...(ചിരിക്കുന്നു..) പത്മരാജന്റെ ഭാര്യ എന്നുള്ളത് തന്നെയാണ് എന്റെ എക്കാലത്തെയും മേല്‍വിലാസം.

ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ എന്തെല്ലാമോ എഴുതുമായിരുന്നു. എന്നാല്‍ എഴുത്ത് എന്താണ് എന്ന് മനസിലായതോടെ ആ പണി നിര്‍ത്തി. പിന്നീടും എന്തെല്ലാമോ ഒക്കെ കുത്തിക്കുറിച്ചു എന്ന് മാത്രം.

ഇപ്പോള്‍ മഹിളാമന്ദിരവുമായി ബന്ധപ്പെട്ട ത്രൈമാസ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററാണ് ഞാന്‍.

ഈ തറവാട്ട്‌ മുറ്റത്ത് ഇന്ന് തനിച്ചിരിക്കുമ്പോള്‍...

[caption id="attachment_76258" align="aligncenter" width="526"]
പത്മരാജന്റെ തറവാട്ടുവീട്ടില്‍ രാധാലക്ഷ്മി[/caption]

ഓര്‍മ്മകള്‍ക്ക് ജീവന്‍ വയ്ക്കാന്‍ ഇതിലും നല്ല മാര്‍ഗമുണ്ടോ. 1970 മാര്‍ച്ച്‌ ഇരുപതിനാലിനായിരുന്നു ഞങ്ങളുടെ വിവാഹം. പാലക്കാട് ചിറ്റൂരില്‍ നിന്നും വന്ന എന്നെ ഈ വീട്ടിലേക്ക് അദ്ദേഹത്തിന്റെ മൂത്തസഹോദരി പത്മിനിചേച്ചിയാണ് കൈപിടിച്ചു കയറ്റിയത്.

താഴെ പായ് വിരിച്ചു കിഴക്കോട്ടു ദര്‍ശനത്തില്‍ ഇരുത്തി വിളക്ക് കൊളുത്തി പാലും പഴവും തന്നു ഞാനും ആ ജീവിതത്തിന്റെ അവകാശിയായി മാറി..

ഇഷ്ടപ്പെട്ട പപ്പേട്ടന്‍ ചിത്രം?

നവംബറിന്റെ നഷ്ടം...

പപ്പേട്ടന് മരണഭീതി ഉണ്ടായിരുന്നോ?

ആദ്യകാലത്ത് അങ്ങനെ ഉണ്ടായിരുന്നില്ല. എന്നാല്‍ സഹോദരന്‍മാര്‍ രണ്ടു പേര്‍ അകാലത്തില്‍ പൊലിഞ്ഞപ്പോള്‍, ജീവിതത്തെ ഭ്രാന്തമായി ആഗ്രഹിച്ചിരുന്ന രാജേട്ടനും മനസ്സില്‍ എന്തെല്ലാമോ ആശങ്കകള്‍ അനുഭവപ്പെട്ടുതുടങ്ങി.

ജാതകവശാലുള്ള ദോഷങ്ങള്‍ മാറാന്‍ പിന്നീട് ഞങ്ങള്‍ തിരുവനന്തപുരത്തെ വീട്ടില്‍ പൂജാകര്‍മ്മങ്ങള്‍ നടത്തുമായിരുന്നു.
ചിത്തിരയായിരുന്നു അദ്ദേഹത്തിന്റെ ജന്മനക്ഷത്രം. എല്ലാ ചിത്തിരനാളിലും മുടങ്ങാതെ ഈ പൂജ ചെയ്തു വന്നു. പക്ഷെ...

പപ്പേട്ടന്‍ അന്ത്യവിശ്രമമെടുക്കുന്ന മണ്ണ് സര്‍ക്കാരിന് വിട്ടുകൊടുക്കുമോ?

അവിടെ രാജേട്ടനെ(പത്മരാജന്‍) ദഹിപ്പിച്ചതിനു അടുത്തായി അദ്ദേഹത്തിന്റെ അമ്മയെയും രണ്ടു ജേഷ്ഠന്മാരെയും ദഹിപ്പിച്ചിട്ടുണ്ട്.

അതിവിശാലമായ ഞവരയ്ക്കല്‍ തറവാടിനു തെക്ക് ഭാഗത്തുള്ള ഈ വസ്തു ഭാഗം ചെയ്തു വന്നപ്പോള്‍ സഹോദരിമാര്‍ക്കാണ് അവകാശമായി ലഭിച്ചത്.

ഹൃസ്വമായ അഭിമുഖം അവസാനിപ്പിച്ചു ഞങ്ങള്‍ ഞവരയ്ക്കല്‍ തറവാടിന്റെ തെക്കേമുറ്റത്തെക്ക് നടന്നു...

ആ തെങ്ങിന്‍ചുവട്ടില്‍ വിരിച്ച പൂക്കള്‍ അപ്പോഴും വാടിയിട്ടുണ്ടായിരുന്നില്ല, കൊളുത്തിവച്ച തിരിനാളം അണഞ്ഞിട്ടും ഉണ്ടായിരുന്നില്ല...രാധാലക്ഷ്മി മെല്ലെ പറഞ്ഞുതന്നു..."അടുത്തുനില്‍ക്കുന്ന ആ ചെറിയ തെങ്ങ് കണ്ടോ...അമ്മയെ അവിടെയാണ് ദഹിപ്പിച്ചത്‌. "
ഈ രണ്ടു തെങ്ങുകളുടെയും ഒരു ഓലയെങ്കിലും എപ്പോഴും അടുത്തടുത്ത് ഉണ്ടാകും. പരസ്പരം എന്തോ പറയാനുള്ളത് പോലെ...അമ്മയും മകനും സംസാരിച്ചു തീര്‍ന്നിട്ടുണ്ടാവില്ല...

പപ്പേട്ടന്‍ ഇല്ലാത്ത ഈ ലോകത്ത് അമ്മ പിന്നെയും നാല് വര്‍ഷങ്ങള്‍ കൂടി ജീവിച്ചു. പിന്നെ തെക്കേതൊടിയില്‍ ഒളിച്ച മൂന്ന്ആണ്‍മക്കള്‍ക്കളെ തേടി അമ്മയും പോയി.

ഈ പൂഴിമണ്ണില്‍ ഒളിച്ചു അവര്‍ ഇരുവരും പിന്നെയും കഥകള്‍ മെനയുന്നുണ്ടാകും...

മാനാകാനും മയിലാകാനും നിന്റെ മാറിലെ മറുകാകാനും നിമിഷാര്‍ധം പോലും വേണ്ടാത്തവന്‍..ഞാന്‍ ഗന്ധര്‍വന്‍!

ഗന്ധര്‍വ്വലോകം ഇനിയും മലയാളിക്ക് നഷ്ടമായിട്ടില്ല...മുതുകുളത്തിന്റെ മണ്ണില്‍ അത് ലയിച്ചുചേര്‍ന്നു എന്നേയുള്ളു!