മതസങ്കുചിത വാദികള്‍ അവരുടെ ആശയപ്രചരണത്തിന്റെ ഭാഗമായി യോഗ പരിശീലിപ്പിക്കുന്നുണ്ട്; കേരളാ പോലീസിനെതിരെ പി ജയരാജൻ

സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങള്‍ക്ക് യോഗ പരിശീലിപ്പിക്കുന്നത് ഉചിതവും സ്വാഗതാര്‍ഹവുമായുളള കാര്യമാണ്. എന്നാല്‍ മതസങ്കുചിത വീക്ഷണമുള്ള പാഠ്യപദ്ധതിയാണ് ഇപ്പോഴത്തെ പരിശീലനത്തിന് ആധാരമാക്കുന്നത്.

മതസങ്കുചിത വാദികള്‍ അവരുടെ ആശയപ്രചരണത്തിന്റെ ഭാഗമായി യോഗ പരിശീലിപ്പിക്കുന്നുണ്ട്; കേരളാ പോലീസിനെതിരെ പി ജയരാജൻ

കേരളാ പോലീസിനെതിരെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശത്തെ തുടർന്ന് പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന യോഗാ പരിശീലനത്തിനെതിരെയാണ് ജയരാജന്റെ വിമർശനം. ഫേസ്ബുക്കിലാണ് ജയരാജൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

യോഗ മനുഷ്യന്റെ ശാരീരികവും മാനസികവുമായ കരുത്ത് വര്‍ദ്ധിപ്പിക്കുന്ന പരിശീലന പരിപാടിയാണ്.പ്രകൃതിയുമായി സമരസപ്പെടുന്ന ആശയമാണ് അതിന്റെ പിന്നിലുള്ളത്.എന്നാല്‍ ചില മതസങ്കുചിത വാദികള്‍ അവരുടെ ആശയപ്രചരണത്തിന്റെ ഭാഗമായി യോഗ പരിശീലിപ്പിക്കുന്നുണ്ട്.അത്തരക്കാരുടെ പരിശീലന കളരിയായി പോലീസ് സേനയുടെ ഭാഗമായിട്ടുള്ള ആളുകള്‍ മാറരുത്. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.


സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങള്‍ക്ക് യോഗ പരിശീലിപ്പിക്കുന്നത് ഉചിതവും സ്വാഗതാര്‍ഹമായുള്ള കാര്യമാണ്. എന്നാല്‍ മതസങ്കുചിത വീക്ഷണമുള്ള പാഠ്യപദ്ധതിയാണ് ഇപ്പോഴത്തെ പരിശീലനത്തിന് ആധാരമാക്കുന്നത്. ഇത് ആശാസ്യമല്ല.ജയരാജൻ പറയുന്നു.

പോലീസ് സേനയില്‍ മതനിരപേക്ഷതയാണ് പഠിപ്പിക്കേണ്ടത്.ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും വര്‍ഗ്ഗീയ വല്‍ക്കരിക്കപ്പെട്ട പോലീസ് സേനയെ കുറിച്ചുള്ള പരാതികള്‍ നിലനില്‍ക്കുന്നുണ്ട്.എന്നാല്‍ കേരളത്തിലെ പോലീസ് സേന അതില്‍നിന്നും തികച്ചും വ്യത്യസ്തമാണ്.നിര്‍ഭാഗ്യവശാല്‍ അവര്‍ക്കിടയില്‍ തെറ്റായ ആശയം പ്രചരിപ്പിക്കാനുള്ള വേദിയായി ഇപ്പോഴത്തെ യോഗ സിലബസ് മാറുമോ എന്നാശങ്കപ്പെടുന്നവര്‍ പോലീസ് സേനയില്‍ തന്നെയുണ്ട്.പോലീസ് സേനാംഗങ്ങൾക്ക് വർഗ്ഗീയ മനസല്ല മതനിരപേക്ഷ മനസാണു വേണ്ടത്.അതു കൊണ്ട് നിലവിലുള്ള യോഗ സിലബസ് മാറ്റി വിശാലവീക്ഷണത്തോടു കൂടി യോഗ പരിശീലിപ്പിക്കുന്നതിനുള്ള സിലബസ് അംഗീകരിക്കണമെന്ന് പോലീസ് മേധാവിയോട് അഭ്യര്‍ഥിക്കുകയാണ്.

കണ്ണൂരിൽ ഇന്നു രാവിലെ പതഞ്ജലിയുടെ നേതൃത്വത്തിൽ പോലീസുകാർക്കായി യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചിരുന്നു.തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് യോഗ പരിശീലന ക്യാമ്പ് നടത്തപ്പെട്ടത്.ഇതിനു പിന്നാലെയാണ് ജയരാജന്റെ പ്രതികരണം.

കഴിഞ്ഞ മാസമാണ് പോലീസുകാർക്ക് യോഗ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഡിജിപി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ചത്. ശ്രീശ്രീ രവിശങ്കറിന്റെ സ്ഥാപനത്തിലുള്ളവരും ബാബ രാംദേവിന്റെ സ്ഥാപനത്തിലെയും പരിശീലകരാണ് പോലീസുകാർക്ക് ക്ലാസുകൾ നൽകുന്നത്. ഒപ്പം പോലീസിലെ പരിശീലകരുമുണ്ട്.

Read More >>