ഫൈന്‍ 'പിഴിയാന്‍' പ്രത്യേക ഓണ്‍ലൈന്‍; സ്റ്റാഫിന് ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ 300രൂപ പിഴ; വിമല്‍ജ്യോതിയിലെ ഫൈന്‍ കഥകള്‍ അവസാനിക്കുന്നില്ല

തലശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ചെമ്പേരിയിലെ വിമൽജ്യോതി എൻജിനീയറിങ് കോളേജിലെ 'ഫൈൻ കഥകൾ' അവസാനിക്കുന്നില്ല. ഫൈൻ പിരിക്കാനും വിവരങ്ങൾ സൂക്ഷിക്കാനും പ്രത്യേക ഓൺലൈൻ സംവിധാനം കോളേജിനുണ്ട്.

ഫൈന്‍

തലശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ചെമ്പേരിയിലെ വിമൽജ്യോതി എൻജിനീയറിങ് കോളേജിലെ 'ഫൈൻ കഥകൾ' അവസാനിക്കുന്നില്ല. പ്രതിവർഷം ലക്ഷക്കണക്കിന് രൂപ ഫൈൻ ഇനത്തിൽ മാനേജ്‌മെന്റ് സമ്പാദിക്കുന്നതായി തെളിയിക്കുന്ന ഓഡിറ്റ് റിപ്പോർട് നാരദാ ന്യൂസ് പുറത്ത് വിട്ടിരുന്നു. ഫൈൻ പിരിക്കാനും വിവരങ്ങൾ സൂക്ഷിക്കാനും പ്രത്യേക ഓൺലൈൻ സംവിധാനമാണ് മാനേജ്‌മെന്റ് ഉപയോഗിക്കുന്നത്.

ഐടി രംഗത്തുൾപ്പെടെ പ്രവർത്തിക്കുന്ന കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ ഹാജർ വിവരങ്ങൾ, ലീവ്, ശമ്പളം, പെർഫോമൻസ് റിപ്പോർട്ട് എന്നിവ കൈകാര്യം ചെയ്യാനായി ഉപയോഗിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം തന്നെയാണു കുട്ടികളുടെ ഫൈൻ വിഷയങ്ങൾ കൈകാര്യം ചെയ്യാനായി കോളേജ് ഉപയോഗിക്കുന്നത്. ഓരോ കുട്ടിക്കും ഒരു പിആർഎൻ നമ്പർ ഉണ്ടാവും. ഇത് ഉപയോഗിച്ചാണ് വിവരങ്ങൾ എന്റർ ചെയ്യുന്നത്. കുട്ടികൾ, അദ്ധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ എന്നിവർക്ക് ഇതു വിവിധ തലങ്ങളിൽ ഉപയോഗിക്കാം.
കുട്ടികൾ ലോഗിൻ ചെയ്‌താൽ ആദ്യം കാണുക 'ഡിസിപ്ലിനറി ഹിസ്റ്ററി' ആണ്. അതായത് ഫൈൻ വിവരങ്ങൾ തന്നെ. ഏതു ഫാക്കൽറ്റിയാണ് പിടികൂടിയത്, എന്തായിരുന്നു കുറ്റം, ശിക്ഷ സംബന്ധിച്ച വിവരങ്ങൾ, ഇതുമായി ബന്ധപ്പെട്ട വിവിധ നടപടിക്രമങ്ങളുടെ വിവരങ്ങൾ എന്നിങ്ങനെ എല്ലാം വിശദമായി കോളം തിരിച്ചു കാണാം. ലീവ് ഹിസ്റ്ററി, അറ്റൻഡൻസ് വിവരങ്ങൾ, ടൈം ടേബിളുകൾ മുതലായ യൂസർ ഇന്റർഫേസുകൾ പ്രവർത്തിച്ചില്ലെങ്കിലും 'ഡിസിപ്ലിനറി ഹിസ്റ്ററി' ഒരിക്കലും പണിമുടക്കാറില്ല!

അദ്ധ്യാപകർക്കു ലോഗിൻ ചെയ്‌താൽ തങ്ങൾ പിടികൂടിയ കുട്ടികളുടെ കുറ്റവും ശിക്ഷയും എല്ലാം നൽകാനും കണ്ടുകൊണ്ടിരിക്കാനും സാധിക്കും. അഡ്മിൻ ജീവനക്കാർക്ക് ഏറ്റവുമധികം ഫൈൻ പിരിച്ചുകൊടുത്ത, അച്ചടക്കം കൃത്യമായി പരിപാലിച്ച അദ്ധ്യാപക ശ്രേഷ്ഠനെ കണ്ടെത്താനും ഈ സംവിധാനം ഉപയോഗിച്ചു സാധിക്കും. 'തങ്കമ്മ' മുതൽ 'കടുവ' വരെയുള്ളവർ മാനേജ്‌മെന്റിന്റെ ഗുഡ് ബുക്കിൽ എപ്പോഴും ഇടം കണ്ടെത്തുന്ന ഈ ഗുട്ടൻസ് ഇതുവരെ പാവം പിള്ളാർക്ക് പിടികിട്ടിയിട്ടില്ല.

വൈകിയെത്തുന്നതിനും ക്ലാസ് കട്ടു ചെയ്യുന്നതിനും ഒക്കെ 100, 200 രൂപയാണ് ഫൈൻ എങ്കിൽ ഹെയർസ്റ്റൈലിനു പിഴ കൂടും. ഹെയർസ്റ്റൈൽ സ്റ്റാഫിന് ഇഷ്ടപ്പെട്ടില്ലെന്നു വയ്ക്കുക, 300 രൂപയാണു ഫൈൻ. മുടി നീട്ടി വളർത്തണം എന്നൊന്നുമില്ല. ഹെയർകട്ട് ചെയ്ത രീതി സ്റ്റാഫിന് ഇഷ്ട്ടപ്പെട്ടില്ലെങ്കിലും ഫൈൻ ഒടുക്കിയേ പറ്റൂ. കടുവയെ വെല്ലുന്ന ചില കിടുവമാർ മുടിയിൽ സ്പെഷ്യലൈസ് ചെയ്തിട്ടുണ്ടെന്നാണു വിമൽജ്യോതിയിലെ നാടൻപാട്ട്!

ഫൈൻ നിശ്ചയിക്കുന്നതു മുതൽ അത് അടയ്ക്കുന്നതുവരെയുള്ള വിവരങ്ങൾ കൃത്യമായി ഈ സംവിധാനത്തിൽ രേഖപ്പെടുത്തിവയ്ക്കും. പിആർഎൻ നമ്പർ നൽകിയാൽ മതി 'കേസ് ഹിസ്റ്ററി' മോണിറ്ററിൽ തെളിയും. എന്തെങ്കിലും 'കേസിൽ' പെട്ട് 'അകത്തായാൽ' പുറത്തിറക്കാനെത്തുന്ന രക്ഷിതാക്കൾക്കു മുന്നിൽ ക്‌ളാസ് - ഇൻ ചാർജ് മുതൽ പ്രിൻസിപ്പലും അഡ്മിനിസ്ട്രേറ്ററും വരെ സംസാരിക്കുന്നത് ഈ കേസ് ഹിസ്റ്ററി വച്ചാണ്. പല തവണ കുടുങ്ങിയെങ്കിൽ 'കാപ്പ' ഉറപ്പുതന്നെ. പിന്നെ കോളേജിൽ പ്രവേശിക്കാൻ കഴിയില്ല!

2012-13 സാമ്പത്തിക വർഷത്തിൽ കോളേജ് ഫൈൻ ഇനത്തിൽ സമ്പാദിച്ചത് 333,422 രൂപയാണ്. 2013-14 സാമ്പത്തിക വർഷമെത്തുമ്പോഴേക്കും ഫൈൻ ഇനത്തിലെ വരുമാനം 621,936 രൂപയായി ഇരട്ടിച്ചു. 2014-15 അധ്യയന വർഷമാകുമ്പോഴേക്കും ഫൈൻ വരുമാനം 973,472 രൂപയായും ഉയർന്നു.

എല്ലാ വിധത്തിലും 'ഹൈട്ടെക്കും ഓൺലൈനും' ആയ ക്യാമ്പസിൽ ഫോണുകൾക്ക് വിലക്കാണ്. അത് പോട്ടെ, ഹോസ്റ്റലിൽ പോലും സ്മാർട്ട് ഫോണുകൾക്കു വിലക്കാണ്. പ്രോജക്ട് സംബന്ധിച്ച വിവരങ്ങൾ തേടുന്നതിന് സ്മാർട്ട് ഫോൺ ഉപയോഗിച്ച ഒരു വിദ്യാർത്ഥിയെ വാർഡൻ 'പൊക്കി'. സ്മാർട്ട് ഫോൺ എന്നല്ല, 'മൾട്ടി മീഡിയ ഫോൺ' എന്നാണ്. ഇന്റർനെറ്റ് എന്നുള്ള സാധ്യത അവിടെ നിക്കട്ടെ, പാട്ടു കേൾക്കുന്നതു മുതൽ ഫോട്ടോ എടുക്കുന്നതു വരെ വലിയ പാപമാണ്. അല്ലെങ്കിലും പണ്ട് ഈ ഫോണൊക്കെ ഉണ്ടായിട്ടാണോ എല്ലാവരും പഠിച്ചത് എന്നു വാർഡൻ !

Story by
Read More >>