ജല്ലിക്കട്ട് പ്രക്ഷോഭം തീർക്കാൻ പോംവഴി തെളിഞ്ഞില്ല; പനീർസെൽവം ഇന്ന് മോദിയെ കണ്ടേക്കും

കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ ആയതിനാൽ അന്തിമവിധി വരാതെ നിലപാടെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേന്ദ്രസർക്കാർ. ഇതിനിടയിൽ പനീർസെൽവം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതുകൊണ്ട് പ്രയോജനം വല്ലതും ഉണ്ടാകുമോയെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തമിഴ് മക്കൾ.

ജല്ലിക്കട്ട് പ്രക്ഷോഭം തീർക്കാൻ പോംവഴി തെളിഞ്ഞില്ല; പനീർസെൽവം ഇന്ന് മോദിയെ കണ്ടേക്കും

ജല്ലിക്കട്ട് നിരോധനം നീക്കുന്നതിനായി തമിഴകം മുഴുവൻ പ്രക്ഷോഭങ്ങൾ അലയടിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ഒ പനീർശെൽവം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യാഴാഴ്ച കാണുമെന്നറിയുന്നു. ജല്ലിക്കട്ടിന് അനുകൂലമായി വിധി സമ്പാദിക്കുകയായിരിക്കും സന്ദർശനത്തിന്റെ ലക്ഷ്യം. കേന്ദ്ര സർക്കാർ അനുകൂലനിലപാട് എടുക്കാനാണ് സാധ്യതയെങ്കിലും സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.

ബുധനാഴ്ച ചെന്നൈ മറീനാ ബീച്ചിൽ പതിനായിരക്കണക്കിന് വിദ്യാർഥികളും ജല്ലിക്കട്ട് അനുകൂലികളും ചേർന്ന് വൻ പ്രക്ഷോഭം നടത്തിയിരുന്നു. ചർച്ചയ്ക്കായി അവരിൽ കുറച്ചുപേരെ മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് കൊണ്ടു പോയിരുന്നു. പ്രധാനമന്ത്രിയുമായി വിഷയം സംസാരിക്കാമെന്ന് മുഖ്യമന്ത്രി വാക്കുനൽകിയെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ കൂട്ടാക്കിയിരുന്നില്ല. കേന്ദ്രതീരുമാനം വരുന്നതും കാത്ത് വ്യാഴാഴ്ച ഉച്ച വരെ മറീനയിൽ തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. തമിഴ് നാട്ടിലെ മറ്റിടങ്ങളിലും വിദ്യാർഥികൾ സമരം ചെയ്തിരുന്നു.


ജല്ലിക്കട്ടിന് പ്രശസ്തമായ മധുരയിലെ അലങ്കനല്ലൂരിൽ മൂവായിരത്തോളം ആളുകൾ കൂടിയിരുന്നു. ജല്ലിക്കട്ട് തടയുന്നത് മൂലം ‘ദൈവകോപം’ ഇനിയും ക്ഷണിക്കണ്ട എന്നാണ് അവരുടെ പക്ഷം.

കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഇടപെടാൻ പറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചിരുന്നു. അന്തിമവിധി വരാതെ നിലപാടെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേന്ദ്രസർക്കാരും. ഇതിനിടയിൽ പനീർശെൽവം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതുകൊണ്ട് പ്രയോജനം വല്ലതും ഉണ്ടാകുമോയെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തമിഴ് മക്കൾ.

Read More >>