ന്യൂട്ടെല്ല ക്യാന്‍സറിന് കാരണമാകും എന്ന വാര്‍ത്തയെ പ്രതിരോധിച്ചു നിര്‍മ്മാതാക്കള്‍

ഇന്ത്യയില്‍ ബാരമതിയിലാണ് ന്യൂട്ടെല്ല ഉണ്ടാക്കുന്നത്

ന്യൂട്ടെല്ല ക്യാന്‍സറിന് കാരണമാകും എന്ന വാര്‍ത്തയെ പ്രതിരോധിച്ചു നിര്‍മ്മാതാക്കള്‍

ന്യൂട്ടെല്ല സ്പ്രെഡ് കുട്ടികളില്‍ ക്യാന്‍സറിനു കാരണമാകുമെന്ന വാര്‍ത്തയെ പ്രതിരോധിക്കാന്‍ നിര്‍മ്മാതാക്കളായ ഇറ്റാലിയന്‍ കമ്പനിയായ ഫെറേറോ തീരുമാനിച്ചു.

ന്യൂട്ടെല്ലയില്‍ പാമോയിലാണ് ഉപയോഗിക്കുന്നതെന്നും ഇത് ആരോഗ്യത്തിനു വളരെ ഹാനികരമാണെന്നു യൂറോപ്യന്‍ ഫുഡ് സ്ററാന്‍ഡേര്‍ഡ്സ് അഥോറിറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എത്രമാത്രം പാമോയില്‍ ചേര്‍ത്തിട്ടുണ്ട് എന്ന് വ്യക്തയില്ലാത്തതിനാല്‍ ന്യുട്ടെല്ല ഉപയോഗിക്കാവുന്ന സുരക്ഷിതമായ അളവ് എത്രയാണ് എന്ന് ശുപാര്‍ശ ചെയ്യാനും കഴിയില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ന്യൂട്ടെല്ലയുടെ വില്‍പ്പനയില്‍ മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തി.

കാഡ്ബറീസ്, ബെന്‍ ആന്‍ഡ് ജെറീസ് തുടങ്ങിയ ചോക്ലേറ്റ് ഉല്‍പനങ്ങളില്‍ പാമോയില്‍ തന്നെയാണ് ഉപയോഗിക്കുന്നത് എങ്കിലും ന്യൂട്ടെല്ലയ്ക്കാണ് ഏറ്റവും വലിയ തിരിച്ചടി വിപണിയില്‍ നേരിട്ടത്. ഇത്തരമൊരു സാഹചര്യത്തിലാണ് റിപ്പോര്‍ട്ടിനെതിരായ പ്രചാരണത്തിനു കമ്പനി മുന്നിട്ടിറങ്ങുന്നത്.

പഞ്ചസാര, സസ്യ എണ്ണ, വറുത്ത ഹാസല്‍ നട്സ്, കൊക്കോ, പാല്‍ പൊടി, സോയ ലെസിതിന്‍, വാനില തുടങ്ങിയവയാണ് അടിസ്ഥാനപരമായി ന്യൂട്ടെല്ലയില്‍ അടങ്ങിയ വസ്തുക്കള്‍.

സ്പ്രെഡിന് മാര്‍ദവം നല്‍കാനാണ് പാമോയില്‍ ഉപയോഗിക്കുന്നത്. മറ്റു ഏതു തരത്തിലുള്ള എണ്ണ ഉപയോഗിച്ചാലും ഇത്ര മാര്‍ദവം സ്പ്രെഡിന് ലഭിക്കില്ല. പാമോയില്‍ ഉപയോഗിക്കാതെ നിര്‍മ്മിച്ചാല്‍ ഉല്‍പനത്തിനു നിലവാരം കുറയും എന്നും കമ്പനി പറയുന്നു. മാത്രമല്ല, മറ്റു പല രാജ്യങ്ങളിലും പാമോയില്‍ ഭക്ഷണയോഗ്യമായി ഉപയോഗിക്കുന്നുമുണ്ട്. അതിനാല്‍ തന്നെ ന്യുട്ടെല്ല ഉണ്ടാക്കുവാന്‍ പാമോയില്‍ തത്കാലം വര്‍ജ്ജിക്കേണ്ടതില്ല എന്ന നിലപാടാണ് കമ്പനി സ്വീകരിക്കുന്നത്.

പാമോയില്‍ ഒഴിവാക്കിയാല്‍ വില കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍, വിലയല്ല നിലവാരമാണ് മുഖ്യം എന്നും കമ്പനി അറിയിക്കുന്നു. സൂര്യകാന്തി റേപ്സീഡ് തുടങ്ങിയവയുടെ എണ്ണ ഉപയോഗിച്ചും മാര്‍ദ്ദവമുള്ള സ്പ്രെഡ് തയ്യാറാക്കാന്‍ സാധിക്കും എന്നും എന്നാല്‍ ഇതിനു നിര്‍മാണച്ചെലവ് കൂടുമെന്നുള്ളത് കൊണ്ടാണ് കമ്പനി ഇതിനു തയ്യാറാകാത്തത് എന്ന വിമര്‍ശനങ്ങളും ഉണ്ട്.

പ്രതിവര്‍ഷം 250000 ടണ്‍ ന്യുട്ടെല്ലയാണ് വിറ്റഴിയ്ക്കപ്പെടുന്നത്.