മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുന്ന കന്യാസ്ത്രീ: ഈ സേവനം അമല്‍ ജ്യോതിയില്‍ മാത്രം!

പിന്നിലിരിക്കുന്നയാള്‍ ഹെല്‍മറ്റ് വച്ചില്ലെങ്കില്‍ ഫൈന്‍, അപകടത്തിലായ കൂട്ടുകാരനെ ആശുപത്രിയില്‍ കൊണ്ടു പോയാല്‍ ക്ലാസില്‍ കയറ്റില്ല, മൊബൈല്‍ കണ്ടാല്‍ നിലത്തെറിഞ്ഞു പൊട്ടിക്കുന്ന കന്യാസ്ത്രീ - ഒരു 'പ്രമുഖ' മാദ്ധ്യമപ്രവര്‍ത്തകന്റെ അമല്‍ജ്യോതിയിലെ അടിമജീവിതം അഥവ ഫൈന്‍ കാലം.

മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുന്ന കന്യാസ്ത്രീ: ഈ സേവനം അമല്‍ ജ്യോതിയില്‍ മാത്രം!

ഞാനൊരു മാദ്ധ്യമപ്രവര്‍ത്തകനാണ്. ചില കാരണങ്ങളാല്‍ പേരോ, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരോ പറയാന്‍ സാധിക്കില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളത്തിലെ സ്വാശ്രയ മാനേജുമെന്റുകളില്‍ ഒന്നാമതു നില്‍ക്കുന്ന ക്യാംപസാണ് അമല്‍ജ്യോതി. വിദ്യാര്‍ത്ഥികളോടു മനുഷ്യത്വ രഹിതമായി പെരുമാറുന്നതിലും അവരു തന്നെയാകണം മുമ്പില്‍. ഇവിടെ പഠിച്ച വിദ്യാര്‍ത്ഥികളുടെ ചോരയും നീരുമൂറ്റിയാണ് അമല്‍ജ്യോതി എന്ന വിദ്യാഭ്യാസ സ്ഥാപനം നിലനില്‍ക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജിന്റെ നടത്തിപ്പുകാര്‍ വൈദികരും കന്യാസ്ത്രീകളുമാണ്. പുരോഹിതരുടെ അടുത്തു നിന്നു മനുഷ്യത്വവും മനഃസാക്ഷിയും പ്രതീക്ഷിക്കരുതെന്നാണ് എന്നെ അമല്‍ജ്യോതി പഠിപ്പിച്ച പാഠം.
ഒരു ദിവസം കോളേജിന്റെ മുമ്പില്‍ വച്ചു സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ പെട്ടു. ബൈക്കില്‍ വന്ന വിദ്യാര്‍ത്ഥികളെ ബൊലേറോ ജീപ്പ് ഇടിച്ചു തെറുപ്പിച്ചു. ഇതില്‍ ഒരാളുടെ പരിക്ക് സാരമായിരുന്നു. കാല്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലായ അവനെ ഞാനും എന്റെ സുഹൃത്തും പിന്നെ സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് 26-ാം മൈലിലുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. അവന്റെ നില ഗുരതരമായതുകൊണ്ടു മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. വീട്ടുകാരൊക്കെ എത്തിയ ശേഷം ഉച്ചയോടെ ഞങ്ങള്‍ കോളേജിലേക്കു തിരിച്ചു പോന്നു. ഞാനും സുഹൃത്തും ഉച്ചയ്ക്കു ശേഷം ക്ലാസില്‍ കയറി. എന്നാല്‍ സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികളെ അവരുടെ മേധാവി ക്ലാസില്‍ കയറ്റിയില്ല. അപകടത്തില്‍ പെട്ട സഹപാഠിയെ ആശുപത്രിയില്‍ കൊണ്ടുപോയതാണെന്ന് പറഞ്ഞിട്ടും അന്നത്തെ ദിവസം വിദ്യാര്‍ത്ഥികളെ ക്ലാസിനു പുറത്തു നിര്‍ത്തി.

https://www.youtube.com/watch?v=9LM7L593yi8

ഞാന്‍ പഠിക്കുന്ന കാലത്തു ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ മാനേജരും ഫാ. ജോസ് കണ്ണമ്പുഴ പ്രിന്‍സിപ്പലുമായിരുന്നു. സാശ്രയ കോളേജുകളിലെല്ലാം പോലെ ഫൈനാണ് അമല്‍ജ്യോതിയുടെയും പ്രധാന വരുമാനം. രണ്ടു വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു ബൈക്കില്‍ കോളേജില്‍ വരുകയാണെങ്കില്‍ മുന്നിലും പിന്നിലും ഇരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിച്ചിരിക്കണം. അല്ലാത്ത പക്ഷം സെക്യൂരിറ്റി ബൈക്ക് ചങ്ങലിയിട്ടു പൂട്ടും. ബൈക്ക് തിരിച്ചു കിട്ടണമെങ്കില്‍ അഞ്ഞൂറു രൂപ ഫൈന്‍ അടയ്ക്കണം. (അന്നു ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ച് പൊലീസ് പിടിച്ചാല്‍ 100 രൂപയെ ഫൈനുള്ളു.) കൂട്ടുകാരനെ കയറ്റി കോളേജില്‍ പോകുകയാണെങ്കില്‍ അവനെ കോളേജിനടുത്തെത്തുമ്പോള്‍ ഇറക്കി വിട്ട ശേഷം ഒറ്റയ്ക്കു ബൈക്ക് ഓടിച്ചാണു വിദ്യാര്‍ത്ഥികള്‍ കോളേജില്‍ കയറുന്നത്. കാറില്‍ വരുന്ന വിദ്യാര്‍ത്ഥികളുണ്ട്. കാര്‍ ക്യാംപസില്‍ കയറ്റാറില്ല. ഇവര്‍ കാര്‍ കോളേജിനു മുമ്പിലുള്ള എരുമേലി റോഡില്‍ പാര്‍ക്ക് ചെയ്താലും മാനേജ്‌മെന്റ് ഫൈനിടും. ഒരിക്കല്‍ പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ വിളിച്ചുകൊണ്ടു പോയി ഫൈനടപ്പിച്ച ശേഷമാണ് ബാക്കി എഴുതാന്‍ സമ്മതിച്ചത്.

https://www.youtube.com/watch?v=n3ejKTMXVDI

കോളേജില്‍ അഡ്മിഷന്‍ എടുക്കുന്ന സമയത്ത് 5000 രൂപ പോസ്റ്റല്‍ ചാര്‍ജ് എന്ന ഇനത്തില്‍ വാങ്ങും. കോളേജിന് വിദ്യാര്‍ത്ഥികളെ തപാല്‍ വഴി ബന്ധപ്പെടാനുള്ള ചെലവാണെന്നു പറഞ്ഞാണു വാങ്ങുന്നത്. അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീട്ടിലേക്ക് അമ്പതു പൈസയുടെ കാര്‍ഡ് പോലും കോളേജയച്ചിട്ടില്ല. ഒരു ലക്ഷം രൂപയാണു റീഫണ്ടബിള്‍ കോഷന്‍ ഡിപ്പോസിറ്റായി വാങ്ങുന്നത്. എനിക്ക് 65000 രൂപയാണു കോളേജ് തിരിച്ചു തന്നത്. പലപല കാര്യങ്ങള്‍ പറഞ്ഞ് അവർ തരാനുള്ള പൈസ വെട്ടിക്കുറയ്ക്കും. ലാബ് എക്‌സപന്‍സ് എന്ന രീതിയില്‍ പതിനായിരം രൂപ പിടിച്ചു. ഞാനതിനെ ചോദ്യം ചെയ്തു. ലാബ് ഉപയോഗിക്കുമ്പോള്‍ നാശനഷ്ടം വരുത്തിയതിനാണു പൈസ പിടിക്കുന്നതെന്നാണ് അവര്‍ പറഞ്ഞത്. ഞാനൊന്നും നശിപ്പിച്ചിട്ടില്ലെന്നു തീര്‍ത്തു പറഞ്ഞു. നിങ്ങള്‍ നശിപ്പിച്ചില്ലയൊ എന്ന ഞങ്ങളെങ്ങനെ അറിയുമെന്നു ചോദിച്ചു പണം പിടിച്ചു. എന്റെ ബാച്ചിലെ 420 വിദ്യാര്‍ത്ഥികളുടെ കൈയില്‍ നിന്നു ഈ പണം വാങ്ങിയെന്ന് ഓര്‍ക്കണം.വിദ്യാര്‍ത്ഥി രാവിലെ കോളേജില്‍ കയറിയാല്‍ വൈകുന്നേരം മാത്രമെ പുറത്തേക്കിറങ്ങുവാന്‍ പാടുള്ളു. 60% വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലേഴ്‌സും ബാക്കിയുള്ളവര്‍ ഡേ സ്‌കോളേഴ്‌സുമാണ്. ഇതില്‍ കുറച്ചു പേര്‍ ഉച്ചയ്ക്കു ഭക്ഷണം കൊണ്ടുവാരാറില്ല. എല്ലാ വിദ്യാര്‍ത്ഥികളും ഉച്ചയ്ക്കും വൈകുന്നേരവും കാന്റീനില്‍ നിന്നു ഭക്ഷണം കഴിക്കണമെന്നു മാനേജ്‌മെന്റിനു നിര്‍ബന്ധമുണ്ട്. അതിനായി ഒരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്നു മാത്രമേയുള്ളു. അവിടുന്നു ഭക്ഷണം കഴിച്ചാല്‍ തന്നെ വിശപ്പ് മാറില്ല. ഒരു തവണ മാത്രമെ ചോറു തരികയുള്ളു. ഹോസ്റ്റലിലാണെങ്കില്‍ സെന്‍ട്രലൈസഡ് കിച്ചണൊക്കെയാണ്. പക്ഷെ ഭക്ഷണം വിശ്വസിച്ചു കഴിക്കാന്‍ പറ്റില്ല. ഒരിക്കള്‍ സാമ്പാറിനകത്തു നിന്നു കുപ്പിയുടെ അടപ്പു കിട്ടി.പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വാര്‍ഡന്‍ ഒരു കന്യാസ്ത്രീയാണ്. അവരുടെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. പെണ്‍കുട്ടികളുടെ പക്കല്‍ നിന്നു മൊബൈല്‍ കിട്ടിയാല്‍ അവര് ഫൈനൊന്നും ഇടീക്കില്ല. കിട്ടുന്ന വഴി നിലത്തെറിഞ്ഞു പൊട്ടിക്കും. എന്നിട്ട് അവരുടെ വീട്ടിലേക്കു രാത്രി തന്നെ വിളിച്ചു മാതാപിതാക്കളെ വരുത്തും. കണ്ണൂരും കാസര്‍കോടുമൊക്കെയുള്ള മാതാപിതാക്കല്‍ പിറ്റേന്നു വണ്ടിയും പിടിച്ചു കോളേജിലെത്തും. അവരുടെ മുന്നില്‍ മകളുടെ കുറ്റങ്ങള്‍ പറഞ്ഞു, മകള്‍ 'വ്യഭിചാരം' നടത്തിയതായി സ്ഥാപിക്കും. ഫോണ്‍ അടിച്ചു തകര്‍ത്തതുകൊണ്ടു പെണ്‍കുട്ടികളുടെ കൈയില്‍ തെളിവു പോലുമില്ലല്ലോ. ഉണ്ടെങ്കില്‍ കോള്‍ ഹിസ്റ്ററിയെങ്കിലും കാണിച്ചു കൊടുക്കാമല്ലോ.മക്കളില്ലാത്തതുകൊണ്ട് ഇവര്‍ക്ക് അപ്പന്റെയും അമ്മയുടേയും വേദന അറിയില്ല. നിന്റെ മകള്‍/മകന്‍ വ്യഭിചാരി അല്ലെങ്കില്‍ കഞ്ചാവാണെന്നു നുണ പറയുമ്പോഴും ഒരപ്പനുമമ്മയ്ക്കുണ്ടാകുന്ന വേദന കന്യാസ്ത്രീമാര്‍ക്കോ അച്ചന്‍മാര്‍ക്കോ മനസ്സിലാകില്ല. വിദ്യാര്‍ത്ഥികളെ അടക്കി നിര്‍ത്താനും കാശു പിരിക്കാനും വേണ്ടി ഇത്തരം കാര്യങ്ങള്‍ മുറയ്ക്കു ചെയ്തുകൊണ്ടിരിക്കും. യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ. അമല്‍ജ്യോതിയില്‍ പഠിക്കുന്ന 65% വിദ്യാര്‍ത്ഥികളും റോമന്‍ കത്തോലിക്ക വിഭാഗക്കാരാണ്. അവര്‍ക്ക് അച്ചന്മാര്‍ക്കെതിരെ പ്രതികരിക്കാന്‍ പേടിയാണ്. വീട്ടില്‍ പറഞ്ഞിട്ടും കാര്യമില്ല.കോളേജ് ബസ് ഓടിക്കുന്നതിനു ഡ്രൈവര്‍മാരില്ല. മെക്കാനിക്കിലേയും സിവിലിലേയുമൊക്കെ ലാബ് ഇന്‍സട്രക്ടര്‍മാരാണ് ആ പണി ചെയ്യുക. ബസ് ഓടിക്കുന്നവരെ പിടിച്ചു ലാബ് ഇന്‍സ്ട്രക്ടര്‍മാരാക്കിയതാണോ, അല്ലെങ്കില്‍ ലാബ് ഇന്‍സ്ട്രക്ടര്‍മാരെ പിടിച്ചു ബസ് ഡ്രൈവര്‍മാരാക്കിയതാണോയെന്ന് അറിയില്ല. എല്ലാ വര്‍ഷവും മൂന്നു ദിവസം വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതമായി ധ്യാനത്തില്‍ പങ്കെടുക്കണം. ധ്യാനത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് അറ്റന്‍ഡന്‍സ് തരില്ല. കുറെ വിദ്യാര്‍ത്ഥികള്‍ പ്രശ്‌നമുണ്ടാക്കി. ഉടനെ കത്തോലിക്കരല്ലാത്തവർക്കു വേണ്ടി വേറൊരു ധ്യാനം കോളേജ് അറേഞ്ച് ചെയ്തു. എന്തായാലും ധ്യാനത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഫൈനുണ്ട്.വിദ്യാര്‍ത്ഥികളുടെ കള്‍ച്ചറല്‍ ആക്ടിവിറ്റീസിനായി ഒരു വേദി പോലും അമല്‍ജ്യോതി കൊടുക്കുന്നില്ല. അവിടെ അഷ്യുര്‍ എന്ന പേരിലൊരു ഫെസ്റ്റ് മാത്രമെയുള്ളു. അത് മാനേജ്‌മെന്റിന്റെ ചിട്ടയായ ചട്ടക്കൂടിനകത്തു നിന്ന് അവര്‍ നടത്തും. അവിടെ പാട്ടുപാടാനും ഡാന്‍സ് കളിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാര്‍ത്ഥികള്‍ കോളേജിനെതിരെ സമരം ചെയ്ത സംഭവമുണ്ടായിട്ടുണ്ട്.

(തയ്യാറാക്കിയത്: PRATHEESH REMA )

Read More >>