മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കാനുള്ള ട്രംപിന്റെ തീരുമാനം ഹൃദയം തകര്‍ക്കുന്നതെന്ന് മലാല

തങ്ങളുടേതല്ലാത്ത കുറ്റത്തിന് കഴിഞ്ഞ ആറ് വര്‍ഷങ്ങളായി യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന സിറിയന്‍ കുട്ടികളെക്കുറിച്ചോര്‍ക്കുമ്പോള്‍ കടുത്ത ദുഖമുണ്ടെന്ന് മലാല പറഞ്ഞു.

മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കാനുള്ള ട്രംപിന്റെ തീരുമാനം ഹൃദയം തകര്‍ക്കുന്നതെന്ന് മലാല

ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഹൃദയം തകര്‍ക്കുന്നതാണെന്ന് നൊബേല്‍ സമ്മാന ജേതാവും ആക്റ്റിവിസ്റ്റുമായ മലാല യൂസഫ് പറഞ്ഞു. യുദ്ധത്തിനിരയായി അഭയത്തിനായി ചെല്ലുന്ന കുട്ടികളുടേയും അമ്മമാരുടേയും മുമ്പില്‍ വാതിലടയ്ക്കുന്ന ട്രംപിന്റെ തീരുമാനം ഹൃദയം ഭേദകമാണെന്നു മലാല പറഞ്ഞു. ലോകമാകമാനം പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായ ഇക്കാലത്ത് നിസഹായരായ കുട്ടികള്‍ക്കും അമ്മമാര്‍ക്കും നേരെ മുഖം തിരിക്കരുതെന്ന് മലാല ഒരു പ്രസ്താവനയില്‍ ട്രംപിനോട് ആവശ്യപ്പെട്ടു. അഭയാര്‍ത്ഥികളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്ന് അമേരിക്ക പിന്തിരിയുന്നത് നിരാശാജനകമാണെന്നും മലാല പറഞ്ഞു. തങ്ങളുടേതല്ലാത്ത കുറ്റത്തിന് കഴിഞ്ഞ ആറ് വര്‍ഷങ്ങളായി യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന സിറിയന്‍ കുട്ടികളെക്കുറിച്ചോര്‍ക്കുമ്പോള്‍ കടുത്ത ദുഖമുണ്ടെന്ന് മലാല പറഞ്ഞു.


പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനായി പ്രവര്‍ത്തിച്ചതിന് 2012ല്‍ താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ മലാല തളരാത്ത പോരാട്ട വീര്യത്തോടെ പിന്നീട് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയായിരുന്നു. 2014ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മലാല ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയായി മാറി. അമേരിക്കന്‍ ജനതയ്ക്ക് ഭീകരാക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനാണ് താന്‍ ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.

Read More >>