മൂന്നു വര്‍ഷമായി ശമ്പളമില്ല; ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ സമരത്തിലേക്ക്

കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച പുതിയ ഹയര്‍സെക്കണ്ടറി സ്‌കൂളിലേയും അഡീഷണല്‍ ബാച്ചിലേയും 3,500 ഓളം വരുന്ന അധ്യാപക-അനധ്യാപകരാണ് സമരത്തിലേക്ക് നീങ്ങുന്നത്. ഫെബ്രുവരിയില്‍ നടക്കുന്ന മോഡല്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍ ബഹിഷ്‌ക്കരിക്കുമെന്നും അധ്യാപകര്‍ പറയുന്നു.

മൂന്നു വര്‍ഷമായി ശമ്പളമില്ല; ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ സമരത്തിലേക്ക്

പ്ലസ് വണ്‍ പ്രവേശന പ്രശ്‌നം പരിഹരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച പുതിയ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലേയും അഡീഷണല്‍ ബാച്ചിലേയും 3500ഓളം വരുന്ന അധ്യാപക- അനധ്യാപകരാണ് സമരത്തിലേയ്ക്ക് നീങ്ങുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യാതൊരു വേതനവുമില്ലാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഗസ്റ്റ് വേതനം നല്‍കാനുള്ള ഉത്തരവിറങ്ങിയിട്ടും യാതൊരു നടപടിയില്ലെന്നും അധ്യാപകര്‍ പറയുന്നു.

ആദ്യത്തെ രണ്ട് വര്‍ഷം ഗസ്റ്റ് അധ്യാപകരെ നിര്‍ത്താനും മൂന്നാമത്തെ വര്‍ഷം തസ്തിക സൃഷ്ടിക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. 2016 ഫെബ്രുവരി 10 ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ 2635 അധ്യാപക തസ്തികയും 235 ലാബ് അസിസ്റ്റന്റ് തസ്തികകള്‍ക്കും നിയമന അംഗീകാരം നല്‍കിയിരുന്നു. വിശദമായ ശുപാര്‍ശ ഹയര്‍ സെക്കണ്ടരി ഡയറക്ടറേറ്റ് വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് കേരള നോണ്‍ അപ്രൂവ്ഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.


കഴിഞ്ഞ ഒക്ടോബറില്‍ 2014-16 വര്‍ഷത്തെ ഗസ്റ്റ് വേതനം നല്‍കാനുള്ള ഉത്തരവിറങ്ങിയെങ്കിലും ആര്‍ഡിഡി വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല. എത്രയും വേഗം ഗസ്റ്റ് വേതനം നല്‍കണമെന്ന കോടതി ഉത്തരവ് പോലും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്ന് സംഘടന ആരോപിക്കുന്നു. സ്ഥിര നിയമനവും തസ്തിക സൃഷ്ടിച്ച് ശമ്പള സ്‌കെയിലിലുള്ള ശമ്പളം ലഭിക്കുവാന്‍ വൈകുന്നതിനാല്‍ അധ്യാപകര്‍ക്ക് സര്‍വ്വീസ് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും പ്രായപരിധി കടക്കുകയും ചെയ്യുമെന്ന് അധ്യാപകര്‍ പറയുന്നു.

സര്‍ക്കാര്‍ അലംഭാവത്തിനെതിരെ ഇന്ന് അധ്യാപകര്‍ സൂചനാ പണിമുടക്ക് നടത്തി. എറാണാകുളം ഹയര്‍ സെക്കണ്ടറി ആര്‍ഡിഡി ഓഫീസിനു മുമ്പില്‍ നടന്ന ധര്‍ണയില്‍ ആയിരത്തോളം അധ്യാപകര്‍ പങ്കെടുത്തു. ഫെബ്രുവരിയില്‍ നടക്കുന്ന മോഡല്‍, പ്രാക്ടിക്കല്‍ ബഹിഷ്‌ക്കരിക്കാനാണ് അധ്യാപകരുടെ തീരുമാനം.

Read More >>