ജിഷ്ണു കോപ്പിയടിച്ചെന്ന് റിപ്പോര്‍ട്ടില്ല; പാമ്പാടി നെഹ്റു കോളേജുകാരുടെ വാദം കള്ളം

കോപ്പിയടി നടന്നിരുന്നെങ്കില്‍ ഒരു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നെന്ന് പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു. ജിഷ്ണു കോപ്പിയടിച്ചതിനു തെളിവുണ്ടെന്നായിരുന്നു കോളേജ് അധികൃതരുടെ വാദം.

ജിഷ്ണു കോപ്പിയടിച്ചെന്ന് റിപ്പോര്‍ട്ടില്ല; പാമ്പാടി നെഹ്റു കോളേജുകാരുടെ വാദം കള്ളം

പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജ് അധികൃതരുടെ വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചെന്ന റിപ്പോര്‍ട്ട് കോളേജ് അധികൃതര്‍ നല്‍കിയിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഷാബു പറഞ്ഞു. ജിഷ്ണു പരീക്ഷയ്ക്ക് കോപ്പിയെടിച്ചെന്ന ആരോപണമായിരുന്നു കോളേജ് അധികൃതര്‍ നിരന്തരം ഉന്നയിച്ചിരുന്നത്.

കോപ്പിയടി നടന്നിരുന്നെങ്കില്‍ ഒരു ദിവസത്തിനകം കോളേജ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നെന്നും പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കി. ജിഷ്ണു കോപ്പിയടിച്ചതിനു തെളിവുണ്ടെന്ന കോളേജ് അധികൃതരുടെ വാദം പച്ചക്കള്ളമാണെന്ന് ഇതോടെ വ്യക്തമാകുകയാണ്.


ജിഷ്ണുവിന്റെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഇന്നലെ അറിയിച്ചിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സാങ്കേതിക സര്‍വ്വകലാശാലയോട് മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കോളേജ് സന്ദര്‍ശിച്ചു.

വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു(18)വിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജിഷ്ണുവിന് വൈസ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ജിഷ്ണുവിന്റെ മൂക്കിന്റെ വലതുഭാഗത്തായി മര്‍ദ്ദനമേറ്റ് രക്തം കനച്ചു കിടക്കുന്നുണ്ടെന്നും ഉളളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നാണ് ബന്ധുകളുടെ ആരോപണം. ഇത് ശരിവെക്കുന്ന ദൃശ്യങ്ങള്‍ നാരദാന്യൂസ് പുറത്തുവിട്ടിരുന്നു.

Read More >>