മുസ്ലീങ്ങള്‍ക്കും അവിവാഹിതര്‍ക്കും 'നഗര ഇന്ത്യ' വീട് നല്‍കുന്നില്ല

മുംബൈ പോലെയുള്ള സാർവ്വലൗകികത്വം ഉണ്ടെന്ന് അവകാശപ്പെടുന്ന നഗരങ്ങളിൽ പോലും ജാതി, കുലം, ഭക്ഷണശീലങ്ങൾ, തൊഴിൽ എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് ഹൗസിംഗ് സൊസൈറ്റികൾ താമസസ്ഥലം നിഷേധിക്കുന്നു- ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു

മുസ്ലീങ്ങള്‍ക്കും അവിവാഹിതര്‍ക്കും

ഇന്ത്യൻ നഗരങ്ങളിൽ ജാതിവിവേചനവും അപ്രാഖ്യാപിത നിയമങ്ങളും കാരണം താമസിക്കാൻ ഇടം കിട്ടാത്ത അവസ്ഥ. ഓരോ ജാതിക്കാരും അവരവരുടെ കോളനികൾ സ്ഥാപിച്ച് മറ്റുള്ളവർ അവരുടെ പരിസരത്ത് കടക്കാതെ സൂക്ഷിക്കുകയാണ്. ഇതു കാരണം കഷ്ടത്തിലാകുന്നത് തൊഴിലിനായി വൻ നഗരങ്ങളിൽ എത്തിച്ചേരുന്ന നാനാമതസ്ഥരും അവിവാഹിതരുമാണ്.

മുംബൈ പോലെയുള്ള സാർവ്വലൗകികത്വം ഉണ്ടെന്ന് അവകാശപ്പെടുന്ന നഗരങ്ങളിൽ പോലും ജാതി, കുലം, ഭക്ഷണശീലങ്ങൾ, തൊഴിൽ എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് ഹൗസിംഗ് സൊസൈറ്റികൾ താമസസ്ഥലം നിഷേധിക്കുന്നു. പ്രത്യേകിച്ചും 1992-93 ലെ കലാപത്തിനു ശേഷം, വിവേചനം ശക്തമാണെന്ന് താമസസ്ഥലം നിഷേധിക്കപ്പെട്ടവർ പറയുന്നു.


മതത്തിന്റെ പേരിൽ വാടകവീട്ടിൽ നിന്നും ഒരു പെൺ കുട്ടിയെ ഇറക്കി വിട്ട സംഭവത്തിനു ശേഷം നവമാധ്യമങ്ങളിൽ ഈ വിഷയം ചർച്ചയായിട്ടുണ്ട്. സമൂഹത്തിന്റെ സുസ്ഥിരതയേയും നാനാത്വത്തേയും ഹനിക്കുന്ന ഇത്തരം കാര്യങ്ങൾ പ്രോൽസാഹിപ്പിക്കാൻ പാടില്ലെന്ന് പുതുതലമുറ പറയുന്നു.

“ജനങ്ങൾക്ക് ഈ രാജ്യത്ത് എവിടെ വേണമെങ്കിലും ജീവിക്കാനുള്ള സ്വാതന്ത്ര്യം വേണം. ഇത്തരം വിവേചനങ്ങൾ കാരണം ഒരുപാടു പേർ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേയ്ക്ക് താമസം മാറ്റുന്നു. അത് നഗരങ്ങളുടെ വൈവിധ്യപൂർണവും സാർവ്വദേശീയവുമായ ഗുണങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല, വാടക വർദ്ധിക്കുന്നത് പാവപ്പെട്ട തൊഴിലാളികൾക്ക് താമസസ്ഥലം നിഷേധിക്കപ്പെടാനും കാരണമാകുന്നു,” ബംഗാളുരുവിൽ താമസിക്കാൻ ഇടം അന്വേഷിച്ച് കഷ്ടപ്പെട്ട ഐറ്റി തൊഴിലാളി പറയുന്നു.

ഈ പ്രശ്നം പ്രധാനമായും നേരിടുന്നത് മുസ്ലീങ്ങളും അവിവാഹിതരുമാണ്. പ്രത്യേകിച്ച് പെൺ കുട്ടികൾ. ഒറ്റയ്ക്കു താമസിക്കുന്ന ഒരു പെൺ കുട്ടിയെ സങ്കൽപ്പിക്കാൻ പോലും പറ്റില്ലെന്ന വിധത്തിലാണ് ഹൗസിങ് കോളനികളുടെ നിലപാട്.

കോടതികൾ ഈ വിവേചനത്തിനെതിരെ വിധി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഹൗസിങ് കോളനികൾ സ്വന്തം നിയമം സൃഷ്ടിച്ച് വിവേചനം കാണിക്കുകയാണെന്ന് അനുഭവസ്ഥർ പറയുന്നു.