നീതി നിഷേധിക്കപ്പെടുന്ന ദളിതർ; അനീതിക്ക് കുടപിടിക്കുന്ന നീതിപീഠം

ബീഹാറിലെ സവർണർ ദളിത് കൂട്ടക്കൊല ആരംഭിക്കുന്നത് ഭൂമിയുടെ പേരിലാണ്. ജാതിശ്രേണിയിൽ കാലങ്ങളായി അടിമത്തം അനുഭവിക്കുന്ന വിഭാഗങ്ങൾ ശബ്ദിക്കാൻ തുടങ്ങിയപ്പോൾ അവർ ആക്രമണത്തിന്റെ പാത തിരഞ്ഞെടുത്തു. അടിച്ചമർത്തലിനെ പ്രതിരോധിക്കാൻ ദളിതർ തുനിയുമ്പോഴെല്ലാം ബീഹാറിൽ ചോരപ്പുഴയൊഴുകും. ഫ്യൂഡൽ മനോഭാവം വച്ചു പുലർത്തുന്ന സവർണർ എത്ര കൂട്ടക്കൊലകൾ ചെയ്താലും സർക്കാരും നീതിപീഠവും നിസ്സംഗത പാലിക്കുന്നത് അവരുടെ അപ്രമാണിത്വം ഊട്ടിയുറപ്പിക്കുന്നു.

നീതി നിഷേധിക്കപ്പെടുന്ന ദളിതർ; അനീതിക്ക് കുടപിടിക്കുന്ന നീതിപീഠം

“സമാധാനവും മൈത്രിയും വീണ്ടെടുക്കാൻ വേണ്ടിയുള്ള ഹിംസ തെറ്റല്ല,” എന്നാണ് ബീഹാറിലെ സവർണ്ണ ഭീകരസംഘടനയായ രൺവീർ സേനയുടെ ആചാര്യനായിരുന്ന ബ്രഹ്മേശ്വർനാഥ് സിംഹ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. രൺവീർ സേനയെ സംബന്ധിച്ചിടത്തോളം ഈ സമാധാനവും മൈത്രിയും എല്ലാക്കാലവും അവരുടെ കാൽക്കീഴിൽ പഞ്ചപുഛമടക്കി ജീവിക്കുന്ന ദളിതരുടെ മൗനം തന്നെയായിരിക്കണം.

ബീഹാറിലെ സവർണർ ദളിത് കൂട്ടക്കൊല ആരംഭിക്കുന്നത് ഭൂമിയുടെ പേരിലാണ്. ജാതിശ്രേണിയിൽ കാലങ്ങളായി അടിമത്തം അനുഭവിക്കുന്ന വിഭാഗങ്ങൾ ശബ്ദിക്കാൻ തുടങ്ങിയപ്പോൾ അവർ ആക്രമണത്തിന്റെ പാത തിരഞ്ഞെടുത്തു. അടിച്ചമർത്തലിനെ പ്രതിരോധിക്കാൻ ദളിതർ തുനിയുമ്പോഴെല്ലാം ബീഹാറിൽ ചോരപ്പുഴയൊഴുകും. ഫ്യൂഡൽ മനോഭാവം വച്ചു പുലർത്തുന്ന സവർണർ എത്ര കൂട്ടക്കൊലകൾ ചെയ്താലും സർക്കാരും നീതിപീഠവും നിസ്സംഗത പാലിക്കുന്നത് അവരുടെ അപ്രമാദിത്വം ഊട്ടിയുറപ്പിക്കുന്നു.


ദശാബ്ദങ്ങളായി ബീഹാറിൽ തുടർന്നു പോരുന്ന സവർണമേൽക്കോയ്മയുടെ ഭീകരതകൾക്കെതിരേ ശബ്ദമുയർന്നു തുടങ്ങുന്നത് ഇടതുസംഘടനകൾ ഭൂപരിഷ്കരണങ്ങൾക്കായുള്ള പ്രക്ഷോഭങ്ങൾ ആരംഭിച്ചതോടെയായിരുന്നു. ബീഹാറിലെ അടിച്ചമർത്തപ്പെട്ടിരിക്കുന്ന ദളിത് സമൂഹങ്ങൾക്കു പ്രതീക്ഷയുടെ ജീവൻ പകരുന്നതായിരുന്നു സമരങ്ങൾ.  അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ അവർക്ക് ധൈര്യം പകർന്നത് ഇടതുസംഘടനകളുടെ ശക്തമായ പിന്തുണയായിരുന്നു.

1992ൽ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ ഓഫ് ഇന്ത്യ ബീഹാറിലെ ഗയ ജില്ലയ്ക്കടുത്തുള്ള ബാരാ ഗ്രാമത്തിലെ ഭൂമിഹാർ ബ്രാഹ്മിൺ വിഭാഗത്തിൽ പെട്ട 35 പേരെ കൊലപ്പെടുത്തുന്നതോടെ അവിടത്തെ ജാതിമേൽക്കോയ്മാ സമ്പ്രദായത്തിന് പുതിയ വഴിത്തിരിവുകൾ ഉണ്ടാവുകയായിരുന്നു.

രൺവീർ സേന അതിനു പകരം വീട്ടിയത് 1997ൽ ആർവാൾ ജില്ലയിലെ ലക്ഷ്മൺപൂർ ബാതെ ഗ്രാമത്തിലെ 58 ദളിതരെ വെടിവച്ചു കൊന്നിട്ടായിരുന്നു. 27 സ്ത്രീകളും 16 കുട്ടികളും വെടികൊണ്ട് മരിച്ചിരുന്നു ആ കൂട്ടക്കൊലയിൽ.

ബീഹാറിലെ ഭരണകൂടവും നീതിപീഠവും എത്രത്തോളം സവർണാനുഭാവികളാണെന്നു തെളിയുന്നത് മേൽപ്പറഞ്ഞ രണ്ട് കൂട്ടക്കൊലകളും വിചാരണക്കെടുത്തപ്പോഴാണ്. ബാരാ കൂട്ടക്കൊലയിലെ പ്രതികൾക്ക് വധശിക്ഷയും ജീവപര്യന്തവും വിധിക്കാൻ കോടതിയ്ക്ക് കാര്യമായി ആലോചിക്കേണ്ടി വന്നില്ല. 2001 ഇൽ ഗയാ ജില്ലാക്കോടതി മാവോയിസ്റ്റുകൾക്ക് വധശിക്ഷ വിധിച്ചു. 2002ൽ സുപ്രീം കോടതി ആ ശിക്ഷ ശരിവച്ചു. 2009 ഇൽ വീണ്ടും മൂന്ന് പേരേക്കൂടി ഗയയിലെ ടാഡാ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് ഇവരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.

എന്നാൽ ലക്ഷ്മൺപൂർ ബാതെ കൂട്ടക്കൊലയുടെ വിധി വേറൊന്നായി പരിണമിച്ചു. 2010ൽ സെഷൻസ് ജഡ്ജ് പ്രതികൾക്ക് വധശിക്ഷയും ജീവപര്യന്തവും വിധിച്ചു. 2013 ഇൽ പറ്റ്നാ ഹൈക്കോടതി എല്ലാവരേയും നിരുപാധികം കുറ്റവിമുക്തരാക്കി. തെളിവില്ലെന്നായിരുന്നു കാരണം.

ദളിതർക്ക് ഭരണഘടന പൗരന്മാർക്ക് അനുവദിക്കുന്ന അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ് ഇവിടെ. ജാതിമേൽക്കോയ്മയും സവർണപക്ഷപാതവും ഭരിക്കുന്ന സർക്കാരും നീതിപീഠവും കുറ്റകരമായ പക്ഷപാതമാണ് കാണിക്കുന്നതെന്നതിൽ സംശയമില്ല. ഇന്ത്യയിലെ മറ്റിടങ്ങളിലും തുടർന്നു കൊണ്ടിരിക്കുന്ന ദളിതരെ അടിച്ചമർത്തൽ പ്രക്രിയയ്ക്ക് ഊർജ്ജം പകരുന്നതാണ് ബീഹാറിലെ രീതികളും അവയ്ക്കുള്ള തുറന്ന പിന്തുണയും. ബ്രഹ്മേശ്വർ നാഥ് സിംഗിന്റെ ആശയങ്ങൾ അതേപടി പിന്തുടരുകയാണ് തങ്ങളുടെ കർത്തവ്യം എന്ന് ഫ്യൂഡൽ തലമുറകൾ നിശ്ചയിച്ചാൽപ്പോലും അതിനെതിരെ ഒരു വിരൽ പോലും അനങ്ങില്ലെന്നുള്ളത് ദളിതരെ കാത്തിരിക്കുന്ന ദുരന്തമാണ്.

Read More >>