കർഷകമരണങ്ങൾ; തമിഴ്‌നാടു സർക്കാരിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു

വരൾച്ച മൂലം കടുത്ത ദുരിതത്തിലായ കർഷകരുടെ മരണസംഖ്യ ഉയരുന്നതു മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു തമിഴ്‌നാടു സർക്കാരിനു നോട്ടീസ് അയച്ചു.

കർഷകമരണങ്ങൾ; തമിഴ്‌നാടു സർക്കാരിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു

കൊടും വരൾച്ച മൂലം തമിഴ്‌നാട്ടിൽ ഒരു മാസത്തിനുള്ളിൽ മരണമടഞ്ഞത് 106 കർഷകർ. വരണ്ടുണങ്ങിപ്പോയ വിളകൾ കണ്ട് ഹൃദയാഘാതം വന്നു മരിച്ചവർ തന്നെ എൺപതിലധികം. ആത്മഹത്യ ചെയ്തത് 13 കർഷകർ.

വരൾച്ച സാമ്പത്തികമായി മാത്രമല്ല, മാനസികമായും തളർത്തുന്ന നിലയിലാണ് കാര്യങ്ങൾ എത്തി നില്ക്കുന്നത്. ഈ വിഷയത്തിൽ സർക്കാരും ബന്ധപ്പെട്ട അധികൃതരും മൗനം പാലിക്കുന്നതു ദുരിതത്തിന്റെ ആക്കം കൂട്ടുന്നതേയുള്ളൂ.

മൺസൂൺ കുറവായതും, ഭൂഗർഭജലത്തിന്റെ അളവ് കുറഞ്ഞതും, അണക്കെട്ടുകൾ അടയ്ക്കുന്നതുമെല്ലാം വരൾച്ചയുടെ പ്രധാന കാരണങ്ങളാകുന്നു. ട്രിച്ചി, തഞ്ചാവൂർ, നാഗപട്ടണം, പുതുക്കോട്ടൈ, തിരുവള്ളൂർ, മധുരൈ, തൂത്തുക്കുടി, ഈറോഡ് എന്നിവിടങ്ങളിലാണു രൂക്ഷമായ വരൾച്ച നേരിടുന്നത്.


തങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്കു പരിഹാരം കാണാൻ കർഷകർ അപേക്ഷിച്ചെങ്കിലും നിസ്സംഗതയാണ് സർക്കാരിന്റെ മറുപടി. അടുത്തിടെ എലിക്കറി കഴിച്ചും കളക്ട്രേറ്റിനു മുന്നിൽ ശയനപ്രദക്ഷിണം നടത്തിയും കർഷകർ സമരം ചെയ്തിരുന്നു.

കാര്യങ്ങൾ ഇങ്ങനെയെല്ലാം അശുഭകരമായി പോകുന്നതു ശ്രദ്ധയിൽപ്പെട്ടപ്പോഴാണു ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്. ദുരിതനിവാരണത്തിനായി എടുത്ത നടപടികളെപ്പറ്റിയുള്ള റിപ്പോർട്ട് ആറ് ആഴ്ചകൾക്കുള്ളിൽ സമർപ്പിക്കണമെന്നാണു കമ്മീഷൻ തമിഴ്നാടു സർക്കാരിനോട് ഉത്തരവിട്ടിരിക്കുന്നത്.

Story by
Read More >>