ദിലീപ് പ്രസിഡന്റ്, ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റ്; പുതിയ തിയേറ്റര്‍ സംഘടന രൂപീകരിച്ചു

ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നാണ് സംഘടനയുടെ പേര്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ആശിര്‍വാദം പുതിയ സംഘടനയ്ക്കുണ്ടെന്ന് ദിലീപ് പറഞ്ഞു.

ദിലീപ് പ്രസിഡന്റ്, ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റ്; പുതിയ തിയേറ്റര്‍ സംഘടന രൂപീകരിച്ചു

നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടനയ്ക്ക് ഭാരവാഹികളായി. ദിലീപാണ് പ്രസിഡന്റ്. ആന്റണി പെരുമ്പാവൂരിനെ വൈസ് പ്രസിഡന്റ് ആയും ബോബിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നാണ് സംഘടനയുടെ പേര്.

നൂറിലേറെ സംഘടനകളുടെ പിന്തുണ അവകാശപ്പെട്ടു കൊണ്ടാണ് സംഘടനയുടെ രൂപീകരണം. തിയേറ്ററുകള്‍ അടച്ചിടുന്ന സ്ഥിതി ഇനി കേരളത്തിലുണ്ടാകില്ലെന്ന് ദിലീപ് പറഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ അംഗീകാരവും ആശിര്‍വാദവും പുതിയ സംഘടനയ്ക്കുണ്ട്. നല്ല സിനിമയ്ക്ക് വേണ്ടിയുള്ള കൂട്ടായ്മയാണിതെന്നും ദിലീപ് പറഞ്ഞു.

തിയേറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം ആവശ്യപ്പെട്ട് എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സമരമാണ് പുതിയ സംഘടനയുടെ രൂപീകരണത്തിന് വഴി വെച്ചത്. സമരത്തെ തുടര്‍ന്ന് ക്രിസ്മസിന് മലയാള ചിത്രങ്ങള്‍ തിയേറ്ററിലെത്തിയിരുന്നില്ല. തുടര്‍ന്ന് സംഘടന പിളര്‍ന്ന് പുതിയ സംഘടന രൂപം കൊള്ളുകയായിരുന്നു. ഇതിന് ശേഷമാണ് ക്രിസ്മസ് ചിത്രങ്ങള്‍ റിലീസ് ചെയ്തത്.