പൊടിഞ്ഞുപോവുന്ന 2000 രൂപയുടെ കഥകള്‍ തീരുന്നില്ല; ഇത്തവണ പണി കിട്ടിയത് നെടുമങ്ങാട് സ്വദേശിനിക്ക്

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ഷീജയ്ക്കാണ് ഈ ദുരിതമുണ്ടായത്. പേഴ്‌സില്‍ വച്ചിരുന്ന 2000 രൂപ നോട്ടുകളിലൊന്നിന്റെ ഒരു ഭാഗമാണ് പൊടിഞ്ഞുപോയത്. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പനവൂര്‍ ശാഖയില്‍ നിന്നാണ് ഈ നോട്ട് ലഭിച്ചതെന്നും പേഴ്‌സിലിരുന്ന ഈ ഒരു നോട്ടിനു മാത്രമാണ് ഇത്തരത്തില്‍ കേടുപാട് സംഭവിച്ചതെന്നും ഷീജ പറഞ്ഞു.

പൊടിഞ്ഞുപോവുന്ന 2000 രൂപയുടെ കഥകള്‍ തീരുന്നില്ല; ഇത്തവണ പണി കിട്ടിയത് നെടുമങ്ങാട് സ്വദേശിനിക്ക്

പൊടിഞ്ഞും പിന്നിക്കീറിയും പോവുന്ന പുതിയ 2000 രൂപ നോട്ടുകളുടെ കഥകള്‍ അവസാനിക്കുന്നില്ല. അപ്രതീക്ഷിതമായി നോട്ടുനിരോധനമെന്ന ദുരന്തം ജനത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ കള്ളപ്പണത്തെ ചെറുക്കാന്‍ പുറത്തിറക്കിയ പുതിയ 2000, 500 രൂപ നോട്ടുകള്‍ നിറം മങ്ങുന്നതും വെള്ളംതൊട്ടാല്‍ കീറിപ്പോകുന്നതുമായ വാര്‍ത്തകള്‍ ആദ്യംമുതല്‍ തന്നെ പലയിടത്തും നിന്നും കേട്ടിരുന്നു.

ഇത്തരത്തില്‍ പണി കിട്ടിയവരുടെ പട്ടികയിലേക്ക് ഇപ്പോള്‍ ഒരാള്‍ കൂടി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ഷീജയ്ക്കാണ് ഈ ദുരിതമുണ്ടായത്. പേഴ്‌സില്‍ വച്ചിരുന്ന 2000 രൂപ നോട്ടുകളിലൊന്നിന്റെ ഒരുഭാഗമാണ് പൊടിഞ്ഞുപോയത്. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പനവൂര്‍ ശാഖയില്‍ നിന്നാണ് ഈ നോട്ട് ലഭിച്ചതെന്നും പേഴ്‌സിലിരുന്ന ഈ ഒരു നോട്ടിനു മാത്രമാണ് ഇത്തരത്തില്‍ കേടുപാട് സംഭവിച്ചതെന്നും ഷീജ നാരദാ ന്യൂസിനോടു പറഞ്ഞു.


4 ജിഎം 487537 എന്ന സീരിയല്‍ നമ്പരിലുള്ള നോട്ടാണ് പൊടിഞ്ഞുപോയത്. നോട്ടിന്റെ വലതുവശത്ത് ഇംഗ്ലീഷില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ എന്നും 2000 രൂപ എന്ന് അക്കത്തില്‍ വലുതായും എഴുതിയിരിക്കുന്നതിന്റെ നടുവിലുള്ള തെളിഞ്ഞ ഭാഗമാണ് പൊടിഞ്ഞുപോയത്. കഴിഞ്ഞദിവസം സാധനം വാങ്ങാന്‍ എടുത്തപ്പോഴാണ് നോട്ട് ഇങ്ങനെയായത് കണ്ടതെന്ന് ഷീജ പറഞ്ഞു. എന്നാല്‍ ഇതിനൊപ്പമുണ്ടായിരുന്ന മറ്റുനോട്ടുകള്‍ക്കൊന്നും കേടുപാടുണ്ടായിരുന്നില്ല.

എന്നാല്‍ നോട്ട് നല്‍കിയ സിന്‍ഡിക്കേറ്റ് ബാങ്കിനെ സമീപിച്ചപ്പോള്‍ അവിടെ മാറിത്തരില്ലെന്നും തങ്ങള്‍ ഉത്തരവാദികളല്ലെന്നും പറഞ്ഞ അധികൃതര്‍ റിസര്‍വ്വ് ബാങ്കിനെ സമീപിക്കാനാണ് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന്‌ റിസര്‍വ്വ് ബാങ്കിന്റെ തിരുവനന്തപുരം ശാഖയിലെത്തിയ തനിക്ക് പണം പത്തുദിവസത്തിനകം അക്കൗണ്ടില്‍ വരുമെന്നുള്ള മറുപടിയാണു ലഭിച്ചതെന്നും പൊടിഞ്ഞ നോട്ടും അക്കൗണ്ട് നമ്പരും മറ്റും വാങ്ങിവച്ചതായും ഷീജ വ്യക്തമാക്കി. ഇതോടെ പണം അക്കൗണ്ടില്‍ വരുന്നതും കാത്തിരിക്കുകയാണ് ഷീജ.

Read More >>