നെഹ്രു കോളേജിലെ ജിഷ്ണുവിന്റെ മരണം: മർദനമേറ്റതിന്റെ മുറിപ്പാടുള്ള വീഡിയോ പുറത്ത്; ആക്രമിക്കപ്പെട്ടതു വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍

മുന്‍മന്ത്രി കെ പി വിശ്വനാഥന്റെ മകനായ പിആര്‍ഒ പരീക്ഷാ ഹാളില്‍ നിന്നു വലിച്ചിറക്കിക്കൊണ്ടുപോയ പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നു ബന്ധുക്കള്‍. സ്വാശ്രയ കോളേജില്‍ നടന്ന ആത്മഹത്യ ഇന്‍സ്റ്റിറ്റ്യൂഷണല്‍ മര്‍ഡറാണെന്ന് ഓരോ നിമിഷവും തെളിയിക്കപ്പെടുകയാണ്. പൊലീസിനിയും നടപടികളെടുത്തിട്ടില്ല. ബന്ധുക്കള്‍ പുറത്തുവിട്ട വീഡിയോ.

നെഹ്രു കോളേജിലെ ജിഷ്ണുവിന്റെ മരണം: മർദനമേറ്റതിന്റെ മുറിപ്പാടുള്ള വീഡിയോ പുറത്ത്; ആക്രമിക്കപ്പെട്ടതു വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍

കൊച്ചി: നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെ പാമ്പാടി എഞ്ചിനീയറിങ് കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിക്കു(18) വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ചു മര്‍ദ്ദനമേറ്റുവെന്നു ബന്ധുക്കള്‍. ജിഷ്ണുവിന്റെ മുഖത്തും പുറത്തും ഉള്ളംകാലിലും മര്‍ദ്ദനമേറ്റതിന്റെ അടയാളമുള്ളതായി ബന്ധു ശ്രീജിത്ത് നാരദാ ന്യൂസിനോടു പറഞ്ഞു. മൂക്കിന്റെ വലതുഭാഗത്തായി മുറിവില്‍ രക്തം കനച്ചുകിടക്കുന്നുണ്ട്. ഉള്ളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ട്. പുറത്തെ മുറിവില്‍ രക്തം വാര്‍ന്നതിന്റെ അടയാളങ്ങള്‍ കാണാനുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.


https://youtu.be/_FNuEdVgmX8

കോപ്പിയടിച്ചുവെന്നാരോപിച്ച് പ്രിന്‍സിപ്പലും പി.ആര്‍.ഒയും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്നു ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്കുകൊണ്ടുപോയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. മുറിയില്‍ മാനസികമായും ശാരീരികമായും ജിഷ്ണുവിനെ പീഡിപ്പിച്ചതാകാമെന്ന അനുമാനത്തിലാണു ബന്ധുക്കളും സുഹൃത്തുക്കളും.

എപ്പോഴും പോസിറ്റീവായി ചിന്തിച്ചിരുന്ന ജിഷ്ണു ചെറിയ കാര്യങ്ങള്‍ക്കൊന്നും വിഷമിക്കാറില്ലെന്നാണു ശ്രീജിത്ത് പറയുന്നത്. കോളേജ് അധികൃതര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതുകൊണ്ടാണ് അവന്‍ ജീവിതം അവസാനിപ്പിച്ചത്. മൂന്നു വര്‍ഷത്തേക്കു പരീക്ഷയെഴുതാന്‍ കഴിയില്ലെന്നു കോളേജ് അധികൃതര്‍ പറഞ്ഞതുകൊണ്ടാവും അവന്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. അവന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടിയുമായി ഏതറ്റം വരെയും പോകും. നാളെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും ശ്രീജിത്ത് പറഞ്ഞു.

'ഞങ്ങളുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥി, അവനെന്തിനിങ്ങനെ ചെയ്തുവെന്നോര്‍ത്തു ഞങ്ങളെല്ലാവരും വളരെ വിഷമത്തിലാണെ'ന്നാണ് നെഹ്രു കോളേജ് പ്രിന്‍സിപ്പല്‍ എ.എസ്. വരദരാജന്‍ ഇന്നലെ നാരദാ ന്യൂസിനോടു പ്രതികരിച്ചത്.
'അവനെയോര്‍ത്തു ഞങ്ങള്‍ വളരെ സങ്കടത്തിലാണ്. ആ കുട്ടി ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. യൂണിവേഴ്‌സിറ്റി പരീക്ഷയുടെ പവിത്രത നഷ്ടപ്പെടാതിരിക്കാനാണു കോപ്പിയടിച്ച അവനെ ഞങ്ങള്‍ വിളിച്ച് ഉപദേശിച്ചത്. ഇനി ഇങ്ങനെ ചെയ്യരുതു കേട്ടോ എന്നു പറഞ്ഞ് അവനെ വിട്ടയ്ക്കുകയായിരുന്നു'-
പ്രിന്‍സിപ്പലിന്റെ പ്രതികരണമാണ്.

ജിഷ്ണു ആത്മഹത്യക്കു ശ്രമിച്ചതിനു ശേഷം ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴും കോളേജില്‍ നിന്നു ആരും സഹായത്തിനുണ്ടായിരുന്നില്ലെന്നാണു സഹാപാഠികള്‍ പറയുന്നത്. രാത്രി ഒരുമണിവരെ മൃതദേഹത്തിനൊപ്പം വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു. ഇന്നലെ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ജിഷ്ണുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിട്ടും അദ്ധ്യാപകരോ പ്രിന്‍സിപ്പലോ മറ്റു മാനേജ്‌മെന്റ് പ്രിതിനിധികളോ പങ്കെടുത്തില്ല. ഇവരാരും ഫോണില്‍ വിളിച്ചു പോലും അനുശോചനം രേഖപ്പെടുത്തിയിട്ടില്ല. കോളേജ് അധികൃതര്‍ ഒരു റീത്തു പോലും സമര്‍പ്പിച്ചിട്ടില്ലെന്നു ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.



വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെറും ഉപദേശം മാത്രമാണു നടന്നതെങ്കില്‍ ജിഷ്ണുവിന്റെ ശരീരത്തിലെ മുറിവുകള്‍ എങ്ങനെയുണ്ടായി എന്നു പറയാന്‍ കോളേജ് അധികൃതര്‍ ബാധ്യസ്ഥരാണെന്നു ബന്ധുക്കള്‍ ചോദിക്കുന്നു. ഒരു കുട്ടി കോപ്പി അടിച്ചാല്‍ അത് എക്‌സാം സെല്ലാണു കൈകാര്യം ചെയ്യേണ്ടത്. ജിഷ്ണു കോപ്പി അടിച്ചുവെന്ന് ഇന്‍വിജിലേറ്റര്‍ അറിയിച്ചപ്പോള്‍ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും കോളേജ് പി.ആര്‍.ഒ ആയ സഞ്ജിത്തും എക്‌സാം സെല്ലിന്റെ ചുമതലയുള്ള രണ്ട് അദ്ധ്യാപകരും അടങ്ങുന്ന സംഘമാണു പരീക്ഷാ ഹാളില്‍ വന്നു ജിഷ്ണുവിനേയും മറ്റൊരു വിദ്യാര്‍ത്ഥിയേയും പരിഹസിച്ചതും ചീത്തവിളിച്ചതും. കോളേജ് പി.ആര്‍.ഒയ്ക്കു പരീക്ഷാ ഹാളിലെന്താണു കാര്യമെന്നാണു ജിഷ്ണുവിന്റെ സഹപാഠികള്‍ ചോദിക്കുന്നത്.

Read More >>