ജിഷ്‌ണുവിന്റെ ഇന്‍ക്വസ്‌റ്റ്‌ റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥയെ കാണിക്കാതെ എസ്‌ഐയും സംഘവും മുക്കി; പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അടിമുടി വൈരുധ്യം

ജിഷ്‌ണുവിന്റെ മൃതദേഹം ഇന്‍ക്വസ്‌റ്റ്‌ നടത്തിയ പഴയന്നൂര്‍ അഡീ.എസ്‌ഐ ചന്ദ്രാനന്ദനും കൂട്ടരുമാണ്‌ ജിഷ്‌ണുവിന്റെ ശരീരത്തിലുള്ള പല മുറിവുകളുടെയും ചിത്രങ്ങളും മറ്റും അന്വേഷണ ഉദ്യോഗസ്ഥയായ തൃശൂര്‍ എ എസ്‌പി കിരണ്‍ നാരായണനില്‍ നിന്ന്‌ മറച്ചുവെച്ചത്‌. ഇതുസംബന്ധിച്ച്‌ ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണമായ ഭാഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥ കാണുന്നത്‌ ഇന്നലെയാണെന്നാണ്‌ വിവരം. കൊലക്കുറ്റത്തിന്‌ കേസെടുക്കാവുന്ന കുറ്റമായിട്ടും അന്വേഷണ ഉദ്യോഗസ്ഥ മെല്ല്‌ പോക്ക്‌ നയം തുടര്‍ന്നത്‌ ഇന്‍ക്വസ്‌റ്റ്‌ റിപ്പോര്‍ട്ടിലെ ഈ ഉള്ളുകളികൊണ്ടാണ്‌

ജിഷ്‌ണുവിന്റെ ഇന്‍ക്വസ്‌റ്റ്‌ റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥയെ കാണിക്കാതെ എസ്‌ഐയും സംഘവും മുക്കി; പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അടിമുടി വൈരുധ്യം

ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയ പാമ്പാടി നെഹ്രുകോളജ്‌ വിദ്യാര്‍ഥി ജിഷ്‌ണുവിന്റെ ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ടിലെ പ്രധാനഭാഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥയെ കാണിക്കാതെ എസ്‌ഐയും സംഘവും മുക്കി. ജിഷ്‌ണുവിന്റെ മൃതദേഹം ഇന്‍ക്വസ്‌റ്റ്‌ നടത്തിയ പഴയന്നൂര്‍ അഡീ.എസ്‌ഐ ചന്ദ്രാനന്ദനും കൂട്ടരുമാണ്‌ ജിഷ്‌ണുവിന്റെ ശരീരത്തിലുള്ള പല മുറിവുകളുടെയും ചിത്രങ്ങളും മറ്റും അന്വേഷണ ഉദ്യോഗസ്ഥയായ തൃശൂര്‍ എ എസ്‌പി കിരണ്‍ നാരായണനില്‍ നിന്ന്‌ മറച്ചുവെച്ചത്‌. ഇതുസംബന്ധിച്ച്‌ ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണമായ ഭാഗങ്ങള്‍ അന്വേഷണം ഉദ്യോഗസ്ഥ കാണുന്നത്‌ ഇന്നലെയാണെന്നാണ്‌ വിവരം.


കൊലക്കുറ്റത്തിന്‌ കേസെടുക്കാവുന്ന കുറ്റമായിട്ടും അന്വേഷണ ഉദ്യോഗസ്ഥ മെല്ലെ പോക്ക്‌ നയം തുടര്‍ന്നത്‌ ഇന്‍ക്വസ്‌റ്റ്‌ റിപ്പോര്‍ട്ടിലെ ഈ ഉള്ളുകളികൊണ്ടാണ്‌. അഡീ. എസ്‌ഐ ചന്ദ്രാനന്ദനും കൂട്ടരും അന്വേഷണ ഉദ്യോഗസ്ഥയെ പലകാര്യങ്ങളിലും തെറ്റിദ്ധരിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞെന്ന്‌ ജിഷ്‌ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്ത്‌ ആരോപിക്കുന്നു.

ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണഭാഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥ കണ്ടതോടെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുമായി ഒത്തുപോകാത്ത സ്ഥിതിയാണ്‌. പോസ്റ്റ്മോർട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ചോദ്യം ചെയ്‌തശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളുവെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥ കിരണ്‍ നാരായണന്‍ നാരദാന്യൂസിനോട്‌ പറഞ്ഞു.

പൊലീസിന്റെ ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ടില്‍ ജിഷ്‌ണുവിന്റെ മുഖത്ത്‌ നാല്‌ മുറിവുകളാണുള്ളത്‌. കയ്യിലും കാലിലും അരക്കെട്ടിലും കാലിനടിയിലും വേറെയും. ഇത്‌ മര്‍ദ്ദനമേറ്റതിന്റെ പാടുകളാണെന്ന്‌ വ്യക്തം. നെഹ്രു കോളേജിനെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കാനുള്ള എല്ലാ സാധ്യതയും ഇതിലുണ്ട്‌. പക്ഷേ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെത്തുമ്പോഴത്തേക്ക്‌ ചിത്രം മാറുന്നു. ആത്മഹത്യയെന്ന്‌ എഴുതിത്തള്ളാനാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയവര്‍ വ്യഗ്രതകാട്ടിയത്‌.

ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലില്ല. മുഖത്ത്‌ മുറിവേറ്റത്‌ മാത്രമാണ്‌ പോസ്റ്റ്‌മോര്‍ട്ടത്തിലുള്ളത്‌. അതാകട്ടെ പോസ്‌റ്റ്‌മോര്‍ട്ടം നടന്നതിന്‌ ശേഷം മൃതദേഹം മറ്റെവിടെയോ തട്ടിയാണ്‌ മുഖത്ത്‌ മുറിവുണ്ടായതെന്ന്‌ ഈ മാസം ഏഴിന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ തയ്യാറാക്കിയ ഡോ.ജെറി ജോസഫ്‌  ആരോഗ്യവകുപ്പ്‌ നിയോഗിച്ച ഡോ.ശ്രീകുമാരിയ്‌ക്ക്‌ മുമ്പാകെ മൊഴി നല്‍കിയത്‌. രക്തപ്പാടുകള്‍ ഉള്ള ഭാഗം മുറിച്ചുപരിശോധിക്കേണ്ടതാണ്‌, അതുണ്ടായതുമില്ല. 16നാണ്‌ പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌.

ഒറ്റപ്പാലം താലൂക്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്താതെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോയത്‌ ബന്ധുക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്നായിരുന്നു. എത്രയും ഗൗരവമായ വിഷയമായിട്ടും മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിയാണ്‌ പോസ്‌റ്റ്‌ മോര്‍ട്ടം നടത്തിയത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിഷ്‌ണുവിന്റെ ബന്ധുക്കള്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്ക്‌ നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള അന്വേഷണംസഘത്തെ ആരോഗ്യവകുപ്പ്‌ നിയോഗിച്ചത്‌.

പോസ്റ്റ്മോർട്ടത്തിലെ അപാകതകള്‍ സംബന്ധിച്ച്‌ അന്വേഷണം തുടരുന്നതിനിടെയാണ്‌ ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ടിലെ പ്രധാനഭാഗങ്ങളും ചിത്രങ്ങളും
അന്വേഷണ ഉദ്യോഗസ്ഥയില്‍ നിന്ന്‌ മറച്ചുവെച്ചതിന്റെ വിവരം പുറത്തുവരുന്നത്‌. ഫലത്തില്‍ ജിഷ്‌ണുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ അട്ടിമറി നടന്നതിന്റെ കൂടുതല്‍ സൂചനകളാണിപ്പോള്‍ പുറത്തുവരുന്നത്‌.

Read More >>