ആ 'പ്രമുഖ' സ്ഥാപനത്തിലെ കുപ്രസിദ്ധ പീഡനങ്ങള്‍; നിങ്ങളുടെ കോളേജുമായി സാമ്യം തോന്നുന്നുവെങ്കിലത് സ്വാഭാവികം

നാരദ തുറന്ന പ്രത്യേക ഡെസ്ക്കിലേയ്ക്ക് സ്വാശ്രയ കോളജിലെ പീഡാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും. മറ്റു മാധ്യമങ്ങള്‍ പ്രമുഖ സ്ഥാനം കൊടുത്ത ക്യാംപസിലെ ഒരു വിദ്യാര്‍ത്ഥി, കൊലക്കളം എന്നാണ് സ്വന്തം വിദ്യാലയത്തെ അദ്ദേഹം വിളിക്കുന്നത്. രക്ഷകര്‍ത്താക്കളോടാണ് അദ്ദേഹത്തിന് പറയാനുള്ളത്.

ആ

രാജേഷ് ആര്‍

പ്രതികരിക്കാതിരിക്കുന്നത് തോല്‍വിയാണ്. അത് കൊണ്ട് തന്നെയാണ് ഈ മടുപ്പിക്കുന്ന നഗരത്തിരക്കിലിരുന്ന് ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാലഘട്ടം ഓര്‍ത്തെടുക്കുന്നത്... നാരദയോട് , ഈ അനുഭവങ്ങള്‍ പങ്കു വെക്കാമെന്നു കരുതുന്നത്.

സൗഹൃദങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ നെഹ്രുവിലെ രണ്ടു കൊല്ലത്തെ എം ബി എ ക്കാലം ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തതു തന്നെയാണ്. വളരെ പ്രസിദ്ധമായ ഒരു ഗവണ്‍മെന്റ് കോളേജിലെ ബിരുദവും കൊണ്ടാണ് നെഹ്രുവില്‍ എത്തുന്നത്. അഡ്മിഷന്‍ എടുക്കാന്‍ പോയ സമയത്ത് എവിടുന്നോ ഓടി വന്നു കയ്യില്‍ ഫോണ്‍ നമ്പര്‍ എഴുതിയ ഒരു പേപ്പര്‍ കഷ്ണം തന്ന് ഓടിമറഞ്ഞ ഒരു വിദ്യാര്‍ത്ഥിയുടെ മുഖം ഇന്നും ഓര്‍മകളില്‍ ഉണ്ട്. ആ നമ്പറിലേക്ക് വിളിച്ചു നോക്കിയപ്പോള്‍ കേട്ടത് ഞെട്ടിക്കുന്ന പീഡന കഥകള്‍. ഡിഗ്രി കാലത്ത് അല്‍പ്പം രാഷ്ട്രീയവും മറ്റുമൊക്കെ ഉണ്ടായിരുന്നതിനാല്‍ എനിക്കതൊന്നും വിശ്വസിക്കാന്‍ സാധിച്ചില്ല. ഒരു കോളേജിലും അതൊന്നും നടക്കാന്‍ പോവുന്നില്ല എന്ന അബദ്ധ ധാരണയില്‍ തന്നെ അവിടെ അഡ്മിഷന്‍ എടുത്തു. ജീവിതത്തില്‍ ഇത്രയും തെറ്റായ ഒരു തീരുമാനം അതിനു മുന്‍പോ ശേഷമോ ഞാന്‍ എടുത്തു കാണില്ല.


ഒന്നാമത്തെ ആഴ്ച തന്നെ കാര്യങ്ങള്‍ ബോധ്യപ്പെട്ടു തുടങ്ങി. ഒരു കലാലയമെന്നു പറയുന്നതിനെക്കാളുപരി അതൊരു ബോട്ടിലിംഗ് ഫാക്ടറിയായിരുന്നു. ഒരു പോലെയുള്ള , ബുദ്ധി മരിച്ച കുറെ ഏറെ പ്രൊഫഷണലുകളെ ബോട്ടിലിംഗ് ചെയ്യുന്ന 'പ്രമുഖ ' സ്ഥാപനം. അഡ്മിഷന്‍ എടുത്ത് രണ്ടാം ആഴ്ച തന്നെ ഏതോ പെണ്‍കുട്ടിയുമായി ഒപ്പം ഇരുന്നു എന്നു പറഞ്ഞ് അഞ്ഞൂറ് രൂപയുടെ ഫൈന്‍ ചാപ്പ അടിച്ചു കിട്ടി. ഒരു മരച്ചോട്ടിലിരുന്ന് രാഷ്ട്രീയവും  സാഹിത്യവും പ്രണയവും സൗഹൃദവും പങ്കു വച്ചിരുന്ന ആ സര്‍ഗാത്മകത പൂക്കുന്ന പഴയ കാലത്ത് തന്നെ ആയിരുന്നു ഞാന്‍ അപ്പോഴും. അതുകൊണ്ട് തന്നെ ഞാന്‍ കാരണം ചോദിച്ചു.
ഫൈന്‍ അടക്കം പക്ഷെ കാരണം വ്യക്തമായി എഴുതി തരണം എന്ന വാശി പിടിച്ചു. ഫൈന്‍ അടക്കണ്ട , മര്യാദക്ക് നടന്നോളാന്‍ ഉപദേശം കിട്ടി.

പിന്നീടങ്ങോട്ട് നെറികേടുകളോട് കണ്ണടക്കേണ്ടി വന്നു രണ്ടു കൊല്ലക്കാലം. താടി വച്ച് കോളേജില്‍ എത്തിയതിനു വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിട്ടു പോലും ' നിന്റെ തന്ത ചത്തത് കൊണ്ടാണോ താടി വച്ചിരിക്കുന്നത് എന്നാണ് പി ആര്‍ ഓ സഞ്ജിത്ത് ചോദിച്ചത്. തൊട്ടതിനും പിടിച്ചതിനും ഒക്കെ ഫൈന്‍,

ഞങ്ങളൊരു നാലഞ്ചു പേര്‍ ഈ വക ഫൈനുകള്‍ ഒന്നും അടച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ഇന്റേണല്‍ മാര്‍ക്കിന്റെ കാര്യത്തില്‍ ഞങ്ങള്‍ എന്നും താഴെയായിരുന്നു. എല്ലാ അധ്യാപകരെയും കുറ്റപ്പെടുത്തുന്നില്ല, പക്ഷെ കുറേ പേര്‍ മാനേജ്‌മെന്റ് നിയന്ത്രിക്കുന്ന പാവകള്‍ ആയിരുന്നു.ബ്ലൂം എന്നും കര്‍മ്മയെന്നും ആഗോന്‍ എന്നും മോട്ടോ എക്‌സ്‌പോ എന്നൊക്കെ പറഞ്ഞ് രണ്ടായിരവും മൂവായിരവും ഒക്കെ ആണ് ഓരോ വിദ്യാര്‍ത്ഥിയുടെയും കയ്യില്‍ നിന്നു എല്ലാ വര്‍ഷവും മാനേജ്‌മെന്റ് വാങ്ങിയിരുന്നത്.

ഈ പൈസ അടച്ചില്ലെങ്കില്‍ യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിക്കില്ല. ഇതിനൊക്കെ പുറമേ കുട്ടികള്‍ തന്നെയാണ് ഈ പ്രോഗ്രാമുകള്‍ക്കായി സ്പോണ്‍സര്‍മാരെ കണ്ടു പിടിക്കേണ്ടത്. മാനേജ്മന്റ് ഫെസ്റ്റുകളില്‍, സയന്‍സ് ഫെസ്റ്റുകളില്‍, ടെക് ഫെസ്റ്റുകളില്‍ ഒക്കെ സ്വന്തം പൈസ കൊടുത്ത് കോളജിന്റെ ഐ ഡി കാര്‍ഡും നെഞ്ചത്ത് തൂക്കി പങ്കെടുക്കണം, ജയിച്ചാല്‍ കിട്ടിയ തുക മാനേജ്മെന്റിന്. നിങ്ങള്‍ക്ക് മാനേജ്മെന്റിനോട് കൊമ്പ് കോര്‍ക്കാന്‍ കഴിയില്ല, ഡിസിപ്ലിന്‍ ഓഫീസര്‍ . പ്രിന്‍സിപ്പല്‍ , ചെയര്‍മാന്‍ , പിആര്‍ഒ എന്നിവരെയൊന്നും ആശയപരമായി എതിര്‍ക്കാന്‍ സാധിക്കില്ല. അറ്റന്‍ഡന്‍സ്, പരീക്ഷകള്‍, ഫൈന്‍
എന്നിവയൊക്കെയാണ് അവരുടെ തുറുപ്പു ചീട്ടുകള്‍. ഇടക്കാലത്ത് ഒരു രണ്ടുമാസം ഹോസ്റ്റല്‍ ഭീകരത നേരിട്ടു കാണാനും അവസരം ലഭിച്ചിട്ടുണ്ട്.

വലിയ തുകയാണ് താമസം , ഫുഡ് , പരിപാലനം എന്നിവയുടെ പേരും പറഞ്ഞ് വാങ്ങിക്കുന്നത്. പന്നിക്കു കൊടുക്കുന്ന ഭക്ഷണം പോലും എത്രയോ മെച്ചമാണെന്നു തോന്നിക്കുന്ന തരം ഭക്ഷണമാണ് അവിടെ വെച്ച് വിളമ്പിയിരുന്നത്. വളരെ അധികം ഞെട്ടിക്കുന്ന ഒരു സംഭവം ഉണ്ടായത് ഈ കാലത്താണ്. ഹോസ്റ്റലിലെ ഭക്ഷണ ദുരന്തം സഹിക്കാന്‍ വയ്യാത്തതു കൊണ്ട് എഞ്ചിനീയറിങിലെ ഒരു ജൂനിയര്‍ വിദ്യാര്‍ത്ഥി രാത്രി പുറത്തിറങ്ങി ഭക്ഷണം കഴിച്ചു തിരിച്ചു വന്നു. റോള്‍ കാള്‍ ( രാത്രി വിദ്യാര്‍ഥികളുടെ എണ്ണം എടുക്കുന്ന ഒരു പ്രഹസനം , വിവിധ കുറ്റങ്ങള്‍ ആരോപിച്ചു മര്‍ദ്ദനം തന്നെയാണ് റോള്‍ കാളില്‍ നടക്കുക) റോള്‍ കാള്‍ നടക്കുമ്പോള്‍ വിദ്യാര്‍ത്ഥി അവിടെ ഇല്ലെങ്കിലും വാര്‍ഡന്‍ അവന്റെ അച്ഛനെ ഹോസ്റ്റലിലേയ്ക്ക് വിളിപ്പിക്കുന്നു. ആരോപണങ്ങള്‍ വലുതായിരുന്നു. അവന്‍ പുറത്ത് പോയി കഞ്ചാവ് വലിച്ചു എന്നൊക്കെ വാര്‍ഡന്‍ പറയുന്നു. ആ അച്ഛന്റെ മുന്നിലിട്ട് അവനെ മര്‍ദ്ദിക്കുന്നു. കഞ്ചാവ് വലിച്ച ചെക്കന്‍ ഒരു അടി കൊണ്ടു നന്നാകട്ടെയെന്ന് ആ അച്ഛനും വിചാരിക്കുന്നു. ആരാണിവിടെ കുറ്റക്കാര്‍.

മകന്‍ വളരെ അധികം അച്ചടക്കം പാലിക്കുന്ന കോളേജില്‍ ആണ് പഠിക്കുന്നതെന്നും , ഒരു മണിക്കൂര്‍ അവന്‍ ക്ലാസ്സില്‍ കയറിയില്ലെങ്കില്‍ കോളേജില്‍ നിന്നു വരുന്ന മെസ്സേജ് നോക്കി അഭിമാന പൂരിതരാകുന്ന രക്ഷിതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. ഓരോ ദിവസവും അവന്‍/ അവള്‍ മരിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. നെഹ്രു കോളേജിന്റെ വരാന്തയിലേക്കു തെല്ല് ഒച്ചപ്പാടുണ്ടാക്കി കേറി വന്ന ഒരു മധ്യ വയസ്കനെ ഇപ്പോഴും ഓര്‍മയുണ്ട്. മകന്‍ ചെയ്ത വലിയ കുറ്റം മാനേജ്‌മെന്റ് കണ്ടു പിടിച്ചു. അത് ചോദ്യം ചെയ്യാനായിരുന്നു ആ പിതാവിനെ വിളിച്ചു വരുത്തിയത്. അയാളുടെ മകന്‍ കാന്റീനില്‍ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചു , സംസാരിച്ചു കൊണ്ട് കുറച്ചു ദൂരം നടന്നു. ഇതാണ് കേസ്. ആ അച്ഛന്‍ ക്ഷുഭിതനായി കാണപ്പെട്ടു. കോളേജിലെ സദാചരത്തിന്റെ അപ്പോസ്തലന്മാരുടെ ഒക്കെ മുഖത്ത് നോക്കി ആ പിതാവ് പറഞ്ഞത് ഇങ്ങനെ ആണ്. ' സാറെ നമ്മള്‍ നമ്മുടെ ഈ പ്രായത്തില്‍ ചെയ്തതൊന്നും ഇവന്‍ ചെയ്തിട്ടില്ല. അവനെ പഠിപ്പിക്കാനാണ് നിങ്ങളെ ഏല്‍പ്പിച്ചത്, വരി ഉടയ്ക്കാന്‍ (castrating)അല്ല '

എത്ര പേരുണ്ട് ഇങ്ങനെ, മക്കളുടെ സ്വപ്‌നങ്ങള്‍ക്ക് ഹൃദയം കൊണ്ട് തണലു വിരിക്കുന്നവര്‍, പണം കൊണ്ട് അവരെ തൂക്കി വില്‍ക്കാത്തവര്‍. മാനേജ്‌മെന്റ് പറയുന്നത് പച്ചക്ക് വിഴുങ്ങി അവന്‍ ഇന്നല്ലെങ്കില്‍ നാളെ ഒരു നല്ല പൗരനാകുമെന്ന് വിശ്വസിച്ച് ഒരു മനുഷ്യായുസു മുഴുവന്‍ നിങ്ങള്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ പണം കൊണ്ട് ഇവരുടെ എല്ലാം കാല്‍കീഴില്‍ വയ്ക്കുമ്പോള്‍ ആലോചിക്കേണ്ടിയിരിക്കുന്നു, ഉറപ്പാക്കേണ്ടിയിരിക്കുന്നു. കൊലക്കളത്തിലേയ്ക്കല്ല, മറിച്ച് നന്മ പൂക്കുന്ന കലാലയത്തിലേക്കാണ് അവന്‍ കാലെടുത്ത് വയ്ക്കുന്നതെന്ന്. ഇനിയും ജിഷ്ണുമാര്‍ മരിക്കാതിരിക്കട്ടെ.