പാമ്പാടി നെഹ്രു കോളജിലെ അധ്യാപകന്‍ പ്രവീൺ വെറും ഡിപ്ലോമക്കാരൻ? കോളേജിന്റെ സെര്‍വര്‍ ഹാക്ക് ചെയ്തു; അധ്യാപകരില്‍ പലര്‍ക്കും യോഗ്യതയില്ലെന്ന് രേഖകള്‍

പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണു എന്ന വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൂടുതല്‍ മുറുകുന്നു. ജിഷ്ണു കോപ്പിയടിച്ചെന്നാരോപിക്കുകയും പരിഹസിക്കുകയും ചെയ്ത സി പി പ്രവീണ്‍ എന്ന അധ്യാപകന് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് തെളിയിക്കുന്ന രേഖകൾ കോളജിന്റെ സെര്‍വറിൽ നുഴഞ്ഞുകയറിയ ഹാക്കർമാർ ചോർത്തി. ഹാക്ക് ചെയ്യപ്പെട്ട രേഖകള്‍ നാരദാ ന്യൂസിനു ലഭിച്ചു.

പാമ്പാടി നെഹ്രു കോളജിലെ അധ്യാപകന്‍ പ്രവീൺ വെറും ഡിപ്ലോമക്കാരൻ? കോളേജിന്റെ സെര്‍വര്‍ ഹാക്ക് ചെയ്തു; അധ്യാപകരില്‍ പലര്‍ക്കും യോഗ്യതയില്ലെന്ന് രേഖകള്‍

ജിഷ്ണു എന്ന വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ടു പ്രതിക്കൂട്ടിലായ തൃശ്ശൂര്‍ പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജ് മാനേജ്മെന്റായ  നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രവർത്തിക്കുന്നത് നിശ്ചിത യോഗ്യതയില്ലാത്ത അദ്ധ്യാപകരെ ഉപയോഗിച്ചെന്ന് ആരോപണം. സൈബർ അതിർത്തി സംഘം (cyber frontier group) എന്നു സ്വയം വിശേഷിപ്പിക്കുന്ന ‘ഇൻഫേമസ് കേരള’ എന്ന ഹാക്കർ കൂട്ടായ്മ പുറത്തുവിട്ട വിവരങ്ങളിലാണ് ഈ വെളിപ്പെടുത്തൽ. എൻജിഐ ഗ്രൂപ്പിന്റെ എല്ലാ കോളജുകളിലെയും അദ്ധ്യാപകരടക്കമുള്ള ജീവനക്കാരുടെ പേര്, വിലാസം, മാതാപിതാക്കളുടെ പേര്, ഫോൺ നമ്പർ, ഇമെയ്ൽ, സാലറി അക്കൗണ്ട് വിവരങ്ങൾ, പാൻകാർഡ് നമ്പർ എന്നിവയാണു സംഘം പുറത്തുവിട്ടിരിക്കുന്നത്.
വാട്സ് ആപ്പിൽ സന്ദേശമായി വന്ന പ്രസിദ്ധീകരിക്കപ്പെട്ട രേഖകൾ പ്രകാരം, ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന അദ്ധ്യാപകന്‍ സിപി പ്രവീണിന് എഐസിടിഇ നിഷ്കർഷിക്കുന്ന നിശ്ചിത വിദ്യാഭ്യാസ യോഗ്യതകളില്ല.

ഇൻഫേമസ് കേരള പുറത്തുവിട്ട പട്ടികയിൽ അസിസ്റ്റന്റ് പ്രൊഫസറായി രേഖപ്പെടുത്തിയിരിക്കുന്ന പ്രവീണിന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയാണുള്ളത്. എന്നാൽ ഈ വിവരങ്ങൾ ഹാക്കർമാർ എവിടെനിന്നാണു സംഘടിപ്പിച്ചത് എന്ന കാര്യം വ്യക്തമല്ല. ഈ ഡിപ്ലോമയ്ക്കു ശേഷം ലാറ്ററൽ എൻട്രിവഴി ഇദ്ദേഹം ബിടെക്, എംടെക് ബിരുദങ്ങൾ എടുത്തോ എന്ന കാര്യം ഉറപ്പാക്കാൻ നാരദാ ന്യൂസിനായിട്ടില്ല. പ്രവീണിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹം ഒളിവിലായതിനാൽ അതിനു സാധിച്ചില്ല.

എഞ്ചിനീയറിങ് കോളജുകൾ അംഗീകാരത്തിനായി എഐസിടിഇയ്ക്കു സമർപ്പിക്കുന്ന പട്ടികയിൽ അദ്ധ്യാപകരുടെ യോഗ്യത രേഖപ്പെടുത്തണം എന്നല്ലാതെ ഇതു സാധാരണഗതിയിൽ പരിശോധനാ വിധേയമാകുന്നില്ല എന്ന സൗകര്യമുണ്ട്. അതിനാൽ തന്നെ, ഇക്കാര്യം ഉറപ്പിക്കാനാവില്ല.

കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പരീക്ഷാനടത്തിപ്പിനുള്ള മേൽനോട്ടസമിതിയിൽ (selected observer panel
) അംഗമായ പ്രവീൺ സി പി. മറ്റു കോളജുകളിലടക്കം പരീക്ഷകൾക്കു നിരീക്ഷകവേഷത്തിൽ എത്താൻ കഴിയുന്ന പാനലാണിത്. KTU-F2077 എന്നതാണ് ഇദ്ദേഹത്തിന്റെ കെടിയു ഐഡി. ഇതു പ്രകാരം മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റിൽ അസോസിയേറ്റ് പ്രൊഫസർ എന്ന കേഡറിലാണ് പ്രവീൺ ഉള്ളത്. ബിടെക്കും എംടെക്കും ഉള്ളയാളായിരിക്കണം അസോസിയേറ്റ് പ്രൊഫസർ എന്നതു നിർബന്ധമാണ്.

എഐസിടിഇയുടെ നിഷ്കർഷ അനുസരിച്ച് ഒരു ബിടെക് കോഴ്സിന് അംഗീകാരം ലഭിക്കണമെങ്കിൽ ഒരു പ്രൊഫസർ, മൂന്ന് അസോസിയേറ്റ് പ്രൊഫസർമാർ, ആറ് അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവർ ആവശ്യമാണ്. എട്ടുവർഷമെങ്കിലും പ്രവർത്തിപരിചയമുള്ള അസിസ്റ്റന്റ് പ്രൊഫസർമാരാണ് അസോസിയേറ്റ് പ്രൊഫസറാവുക.

എന്നാൽ ഇന്ത്യയിൽ പലയിടത്തും ഏതാനും ദിവസത്തേക്കു താത്ക്കാലികമായി കടമെടുക്കുന്ന അദ്ധ്യാപകരെ നിർത്തിയാണ് പരിശോധനകൾ പൂർത്തിയാക്കാറുള്ളത്. ആ സമയത്തു നിശ്ചിത യോഗ്യതയുള്ളവരെ നിർത്തുകയും അവരുടെ പട്ടിക സമർപ്പിക്കുകയും ചെയ്യും. അതിനു ശേഷം ബിടെക് തോറ്റവരടക്കമാവും പഠിപ്പിക്കാനെത്തുക. സ്വകാര്യമേഖലയിലെ സാങ്കേതിക വിദ്യാഭ്യാസം ആകെ താറുമാറാകുന്നതിൽ ഇത് ഒരു കാരണമാണ്. ഇതിനു പുറമേയാണ് കർപ്പഗം ബിരുദം എന്ന റൂട്ട്. സ്വകാര്യ ഡീംഡ് ടു ബീ യൂണിവേഴ്സിറ്റികളിൽ നിന്ന് പണംകൊടുത്തു വാങ്ങുന്ന ബിരുദങ്ങളുമായി യാതൊരു അക്കാദമിക മികവുമില്ലാത്തവർ കേരളത്തിലേതടക്കം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കാനെത്തുന്നു. നാലരലക്ഷം രൂപയ്ക്ക് പിഎച്ച്ഡി ബിരുദം അടക്കം ലഭ്യം.

കേരള സാങ്കേതിക സർവ്വകലാശാലയുടെ മാനദണ്ഡപ്രകാരം വർഷാവർഷം കോളജുകൾ അദ്ധ്യാപകരുടെ യോഗ്യതകളും മറ്റും നിർബന്ധമായും വെളിപ്പെടുത്തണം എന്നുണ്ട്. Mandatory Disclosure വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വേണം. നെഹ്രു ഗ്രൂപ്പിന്റെ പോർട്ടലുകൾ, കേരള സൈബർ വാരിയേഴ്സ് എന്ന മറ്റൊരു ഹാക്കർ ഗ്രൂപ്പിന്റെ സൈബർ ആക്രമണത്തെ തുടർന്നു ഡൗൺ ആയതിനാൽ ഇവർ ഈ വിവരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാനാവില്ല. ക്യാഷിൽ നിന്ന് ഈ വിവരങ്ങൾ വീണ്ടെടുക്കാനുള്ള ഞങ്ങളുടെ ശ്രമവും വിജയിച്ചില്ല.

[caption id="attachment_73408" align="aligncenter" width="700"] ഹാക്ക് ചെയ്യപ്പെട്ടതായി ട്രോൾ കെടിയുവിൽ വന്ന സന്ദേശം[/caption]

കോളേജിലെ മുഴുവന്‍ ജീവനക്കാരുടേയും വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുത്തിട്ടുണ്ട്. ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ഇമെയിലായി വിദ്യാര്‍ത്ഥികള്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഇ- മെയില്‍ ഡാറ്റാബേസ് വഴിയാണ് വിവരങ്ങള്‍ അയച്ചതെന്ന് കരുതുന്നു.

പ്രവീണ്‍ സിപി എന്ന അധ്യാപകന്റെ പേരും ഇ മെയില്‍ വിലാസവും സെര്‍ച്ച് ചെയ്തപ്പോള്‍ ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ രണ്ട് പേപ്പറുകള്‍ പബ്ലിഷ് ചെയ്തതായി കാണുന്നുണ്ട്. എന്നാല്‍ ഈ ജേര്‍ണലിന്റെ ആധികാരികത സംബന്ധിച്ച സംശയം നിലനില്‍ക്കുന്നുണ്ട്. പണം അങ്ങോട്ട് നല്‍കി പേപ്പര്‍ പ്രസിദ്ധീകരിക്കുന്ന ജേര്‍ണല്‍ ആണിതെന്നാണ് സംശയം. സഹ പ്രസാധകരായ അരുണ്‍ തമ്പി, ഇന്റോ ജേക്കബ്, ടെഡി തോമസ് എന്നിവരുടെ ഫേസ്ബുക്കിലും മെയിലിലും ഞങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലാണ് പ്രവീൺ. പ്രവീണിനു മാത്രമല്ല, ഈ ലിസ്റ്റ് പ്രകാരം എൻജിഐയുടെ കീഴിലുള്ള വിവിധ കോളജുകളിലെ ഭൂരിപക്ഷം അദ്ധ്യാപകരും നിശ്ചിത യോഗ്യത ഇല്ലാത്തവരാണ്.

കോളേജിനെതിരെ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ കോളേജിനേയും അദ്ധ്യാപകരേയും താറടിച്ചു കാണിക്കാന്‍ മനഃപൂര്‍വ്വം നിര്‍മ്മിച്ച രേഖകളാണോ ഇവയെന്നും അതല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഇവിടുത്തെ അദ്ധ്യാപകരുടെ യോഗ്യത ഇത്രയേ ഉള്ളോ എന്നും ഉറപ്പിക്കാനും കഴിഞ്ഞിട്ടില്ല. അദ്ധ്യാപകരുടെ യോഗ്യത സംബന്ധിച്ച വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇക്കാര്യം വ്യക്തമാക്കേണ്ടതു കോളേജ് അധികൃതര്‍ തന്നെയാണ്. പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ ജിഷ്ണു എന്ന വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ടു പ്രതിക്കൂട്ടിലായ തൃശ്ശൂര്‍ പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജ് കൂടുതല്‍ കുരുക്കുകളിലേക്കാണു പോകുന്നത്.

ന്യൂസീലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഗാ എന്ന അണ്ടർഗ്രൗണ്ട് വെബ്സൈറ്റിലാണ് ഈ വിവരങ്ങളടങ്ങിയ ഫയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പകർപ്പവകാശ ലംഘനത്തിനും കണ്ടന്റ് തെഫ്റ്റിനും ഹോളിവുഡ് സ്റ്റുഡിയോകൾ അമേരിക്കയിൽ നൽകിയ കേസുകളെത്തുടർന്നു നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്ന ഫയൽ ഷെയറിങ് സൈറ്റാണിത്. നെഹ്രു ഗ്രൂപ്പിന്റെ സർവറിൽ നുഴഞ്ഞുകയറി അതിൽ ലഭ്യമായ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും അടക്കമുള്ള മുഴുവൻ ഇമെയ്ൽ അഡ്രസുകളിലേക്കും ഈ ഫയലിലേക്കുള്ള ലിങ്ക് ഇവർ മെയിൽ ചെയ്തിരുന്നു. കൂടാതെ വാട്സ് ആപ് വഴിയും പ്രചരിക്കുന്ന ലിങ്ക് ട്രോൾ കെടിയു എന്ന ഫേസ്ബുക്കിലെ ക്ലോസ്ഡ് ഗ്രൂപ്പിലും അപ് ലോഡ് ചെയ്തിരുന്നു. എന്നാൽ ഏതാനും മണിക്കൂറുകൾക്കു ശേഷം ഈ ഫയൽ ഇവിടെ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോൾ മെഗായുടെ ലിങ്കിൽ പോകുന്നവർക്ക് എറർ സന്ദേശമാണു ലഭിക്കുന്നത്. നാരദാ ന്യൂസിന്റെ കൈവശം ഈ ഫയൽ ലഭ്യമാണ്.

Read More >>